മനസ്സിനെ കീഴടക്കിയാല്‍ ലോകം കീഴടക്കിക്കഴിഞ്ഞു

Monday 5 March 2018 3:40 am IST

ചില തടവുപുള്ളികളുണ്ട്-ജയില്‍ജീവിതം ഇഷ്ടപ്പെടുന്നവരായി. എന്തെന്നാല്‍ കൃത്യസമയങ്ങളില്‍ അവര്‍ക്കു ആഹാരാദികള്‍ കിട്ടും. പക്ഷേ,അവര്‍ക്ക് അധികാരികളില്‍നിന്നും നിഷ്‌ക്കരുണമായ പെരുമാറ്റവും പ്രഹരവും കിട്ടുമ്പോള്‍ -അവരെക്കൊണ്ട് കടുത്ത ജോലികള്‍ ചെയ്യിക്കുമ്പോള്‍ എങ്ങിനെയെങ്കിലും വിടുതല്‍ കിട്ടിയാല്‍ മതി എന്നു ആശിച്ചു തുടങ്ങും.

ജീവന്മാരുടെ അവസ്ഥയും അതേ പടിയാണ്. അജ്ഞതകൊണ്ട് അവര്‍ വിചാരിക്കും സംസാരം സുമധുരവും ഭോഗലാലസവുമാണെന്ന്. പക്ഷേ ജീവിതത്തിലെ തിരിച്ചടികളും പരീക്ഷണങ്ങളും അസഹ്യമാവുമ്പോള്‍ അവരുടെ ചിന്തകള്‍ മോക്ഷത്തിലേക്കും ഈശ്വരനിലേക്കും തിരിയും. സംസാരജീവിതത്തില്‍ സംതൃപ്തരായി ജീവിക്കുന്നത് ഏറ്റവും വലിയ തമസ്സിന്റെ ലക്ഷണമാണ്. നിങ്ങളുടെ മനുഷ്യത്വത്തെത്തന്നെ ഈ തമസ്സ് ആവരണം ചെയ്യുന്നു. ഈശ്വരോന്മുഖമായ ഒരു ജീവിതം നയിക്കുവാന്‍ സത്വഗുണങ്ങളോട് ചേര്‍ന്ന രജസ്സാണ് ആവശ്യം. ഉല്‍ക്കൃഷ്ടാഭിലാഷം,തപസ്യ,ധര്‍മ്മാനുഷ്ഠാനം,കര്‍മ്മാചരണം ഇവക്കു ആത്മാധിഷ്ഠിതമായ  ഊര്‍ജ്ജസ്വലത കൂടിയേ തീരൂ. അത്തരം ഊര്‍ജ്ജസ്വലത രജസ്സും സത്വഗുണവും സമ്മേളിക്കുമ്പോഴാണ് ഉണ്ടാകുന്നത്.

      ബാഹ്യമായ അന്വേഷണങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കുംവേണ്ടി ചിതറിപ്പാഴാക്കുന്ന സമസ്ത ശക്തികളേയും പിന്‍വലിച്ച് ഉള്ളില്‍ കേന്ദ്രീകരിക്കണം. എങ്കില്‍മാത്രമേ നിങ്ങള്‍ക്കു ഈശ്വരനുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിയു. മനസ്സാണ് തടസ്സമുണ്ടാക്കുന്നത്. മനസ്സിനെ കീഴടക്കുക. എങ്കില്‍ നിങ്ങള്‍ ലോകം മുഴുവന്‍ കീഴടക്കിക്കഴിഞ്ഞു. ലോകം നിങ്ങളുടെ ആത്മാവു തന്നെ എന്നു അനുഭവിച്ചറിയുക എന്നര്‍ത്ഥം. മനസ്സിനെ കീഴടക്കിയ ഒരു മഹാത്മാവ് ഗൃഹത്തിലോ ആശ്രമത്തിലോ വനത്തിലോ ജീവിക്കട്ടെ സമൂഹമദ്ധ്യത്തില്‍ വ്യാപൃതനായിരിക്കട്ടെ അതല്ലാ,ഗിരിശിഖരങ്ങളില്‍ സ്വസ്ഥനായിരിക്കട്ടെ. എവിടെ ഇരുന്നാലും അദ്ദേഹത്തിന്റെ ആദ്ധ്യാത്മിക ശക്തി സത്യാന്വേഷികളെ ആകര്‍ഷിക്കുകതന്നെ ചെയ്യും

(സമ്പാ:കെ.എന്‍.കെ.നമ്പൂതിരി)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.