വിവാഹം: മധുരജീവിതത്തിലേക്കുള്ള കാല്‍വെപ്പ്

Monday 5 March 2018 3:53 am IST
"undefined"

ന്താണ് വിവാഹം? എന്തിനാണ് വിവാഹം? ഇന്നത് കേവലമൊരു ചടങ്ങു മാത്രമാണ്, അര്‍ഥമില്ലാത്ത ചടങ്ങ്! അതുതന്നെ, പലയിടങ്ങളിലും ഫോട്ടോഗ്രാഫര്‍മാരും വീഡിയോഗ്രാഫര്‍മാരുമാണ് ഈ ചടങ്ങിന് കാര്‍മികത്വം നല്‍കുന്നതായി കണ്ടിട്ടുള്ളത്. പടക്കങ്ങളും സ്‌നോ സ്‌പ്രേകളും ഗില്‍റ്റ് പൗഡറുകളുമെല്ലാം പകിട്ടേകുന്ന വിവാഹങ്ങളാണ് ഇന്നുള്ളത്. വിവാഹദിനത്തില്‍ ഹാസ്യത്തിനായി വധൂവരന്മാരുടെ കൂട്ടുകാര്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ കാരണം സുപ്രധാനമായ ആ ചടങ്ങ് പലയിടങ്ങളിലും ദുരന്തപൂര്‍ണമായി പര്യവസാനിക്കാന്‍ ഇടയാകുന്നതും കണ്ടിട്ടുണ്ട്. ഇനി ഇതൊന്നുമില്ലെങ്കില്‍പോലും ഹിന്ദുധര്‍മ്മാനുയായികളുടെ വിവാഹച്ചടങ്ങ് ദാമ്പത്യജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്ന വധൂവരന്മാര്‍ക്ക് എന്തെങ്കിലുമൊരു സന്ദേശം നല്‍കുന്നുണ്ട് എന്നും തോന്നുന്നില്ല. ഈയൊരവസരത്തിലാണ് ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും ഉള്ളില്‍ തത്ത്വചിന്തകളെ സന്നിവേശിപ്പിച്ച് സാമാന്യസമൂഹത്തിനു നല്‍കിയ പ്രാചീന ഭാരതീയന്റെ വിവാഹസങ്കല്‍പത്തെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ടത്.

വിവാഹമെന്നത് ഒരു സംസ്‌കാരമായാണ് നമ്മുടെ  ഋഷിമാര്‍ കണ്ടിരുന്നത്. ജീവിതത്തെ  സംസ്‌കരിച്ചെടുക്കുന്നതിനായി ജീവിതകാലത്ത് പതിനാറ് വിശേഷ അവസരങ്ങളില്‍ ചെയ്യേണ്ടുന്ന പതിനാറ് സംസ്‌കാരക്രിയകളെ ഋഷിമാര്‍ നമുക്കായി നിര്‍ദേശിച്ചിട്ടുണ്ട്. 'മനുര്ഭവ ജനയാ ദൈവ്യം ജനം' എന്ന് ഋഗ്വേദത്തില്‍ പറയുന്നു. അതായത്, ആദ്യം നാം പൂര്‍ണനായ മനുഷ്യനാവണം, എന്നിട്ട് ദിവ്യഗുണശാലികളായ പരമ്പരയെ സൃഷ്ടിക്കണം. ഇതിനാണ് സംസ്‌കാരക്രിയകള്‍ ചെയ്യുന്നത്. അതില്‍ പ്രധാനപ്പെട്ടതാണ് വിവാഹസംസ്‌കാരം. ഈശ്വരവാണിയായ വേദങ്ങളെ അടിസ്ഥാനപ്പെടുത്തി ഋഷിമാര്‍ ചിട്ടപ്പെടുത്തിയ വൈദികവിവാഹസംസ്‌കാരത്തില്‍ വേദങ്ങളിലെ വിവാഹസങ്കല്‍പത്തിന്റെ സുവ്യക്തമായ ചിത്രം ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.

ബ്രഹ്മചര്യത്തോടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അറിവും വീര്യവും നേടിയ യുവതീയുവാക്കള്‍ സന്താനോത്പാദനത്തിനും, തങ്ങളുടെ ശ്രേഷ്ഠമായ ഗൃഹസ്ഥാശ്രമകര്‍മാചരണങ്ങള്‍ക്കും ഉത്തമ സമൂഹ സൃഷ്ടിക്കും ആത്മീയ ഉന്നതിക്കുമായി സാമൂഹിക സമ്മതിയോടെ പവിത്രമായ ബന്ധത്തിലേര്‍പ്പെടുന്നതിനെ വിവാഹം എന്നു നിര്‍വചിക്കാം. വിദ്യാര്‍ഥി ജീവിതത്തിനുശേഷം വിവാഹ സംസ്‌കാരത്തോടുകൂടി ഒരു ബ്രഹ്മചാരി ഗൃഹസ്ഥാശ്രമത്തിലേക്കു കടക്കുന്നു. നല്ല ബ്രഹ്മചര്യത്തിന്റെ തുടര്‍ച്ചയാകുന്നു നല്ല ഗൃഹസ്ഥാശ്രമം. ബ്രഹ്മചര്യം, വാനപ്രസ്ഥം, സംന്യാസം എന്നീ മൂന്നു ആശ്രമ ധര്‍മ്മങ്ങളെയും താങ്ങിനിര്‍ത്തുക എന്ന ഭാരിച്ച ഉത്തരവാദിത്തവും ഗൃഹസ്ഥാശ്രമ ധര്‍മികളുടേതാണ്. അതിനാല്‍ ഗൃഹസ്ഥാശ്രമ ജീവിതത്തില്‍ ഉണ്ടാകുന്ന ഏതൊരു വൈകല്യവും മുഴുവന്‍ സമൂഹത്തിന്റെയും താളം തെറ്റിക്കുമെന്ന ഋഷിയുടെ ദീര്‍ഘവീക്ഷണം ഗൃഹസ്ഥാശ്രമ പ്രവേശമാകുന്ന വിവാഹസംസ്‌കാരത്തിനു വലിയ പ്രാധാന്യം നല്‍കി.

നമുക്കു ജന്മം നല്‍കിയ മാതാപിതാക്കളോടു നാം കടപ്പെട്ടിരിക്കുന്നു. ഇതിനെ പിതൃഋണം എന്നാണ് ഋഷിമാര്‍ വിളിച്ചത്. നമുക്കു ജന്മം നല്‍കി വളര്‍ത്തിയാണ് നമ്മുടെ മാതാപിതാക്കള്‍ അവരുടെ പിതൃഋണം വീട്ടിയത്. ഇപ്രകാരം വംശപരമ്പര നിലനിര്‍ത്തേണ്ടത് ഓരോരുത്തരുടെയും ധാര്‍മിക ഉത്തരവാദിത്തമായി വൈദിക സമൂഹം കണ്ടിരുന്നു. ഈ പിതൃഋണമെന്ന ധാര്‍മിക ഉത്തരവാദിത്തം പൂര്‍ണമാകുന്നത് വിവാഹം ഒരു വിശുദ്ധമായ സംസ്‌കാരമാകുമ്പോഴാണ്. അല്ലാതെ കേവലം ഒരു ഉടമ്പടിയാകുമ്പോഴല്ല. വൈദിക വിവാഹസംസ്‌കാരത്തിലെ ഓരോ ചടങ്ങുകളിലും അത്തരത്തിലുള്ള അത്യുന്നതമായ ചിന്താധാരകള്‍ നമുക്ക് ദര്‍ശിക്കാനാകും. വൈദിക വിവാഹച്ചടങ്ങുകളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം.

വരനെ എങ്ങനെ സ്വീകരിക്കണം?

മധുപര്‍കവിധിയോടു കൂടിയാണ് വിവാഹദിവസത്തിലെ ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഇരിക്കാന്‍ ഇരിപ്പിടവും കാലും മുഖവും കഴുകുവാനും ആചമിക്കുവാനുമുള്ള ജലവും മധുപര്‍കവും വിലപിടിപ്പുള്ള ദ്രവ്യവും നല്‍കി വധു വരനെ സ്വീകരിക്കുന്നു. പശുവിന്‍ നെയ്യില്‍ തൈരും തേനും ചേര്‍ത്താണ് മധുപര്‍കം നിര്‍മിക്കുന്നത്. മധുപര്‍കവിധിയില്‍ വരന്‍ ഇങ്ങനെ ചൊല്ലുന്നു,

'ഓം മധു വാതാ ഋതായതേ

മധു ക്ഷരന്തി സിന്ധവഃ.

                                       മാധ്വീര്‌നഃ സന്ത്വോഷധീഃ'                     

                        (യജുര്‍വേദം 13.27)

'ഈ ഉത്തമമായ വേളയില്‍ വായു മധുരപൂര്‍വം വീശുന്നു. നദികളിലൂടെ തേനൊഴുകുന്നു. ഔഷധങ്ങള്‍പോലും മാധുര്യമുള്ളതായിത്തീരുന്നു' എന്നാണ് ഈ യജുര്‍വേദമന്ത്രത്തിന്റെ അര്‍ഥം.

വധൂഗൃഹത്തിലെ സ്വീകരണം തനിക്ക് എത്രമാത്രം ഹൃദ്യമായിരുന്നു എന്നു കാണിക്കാന്‍ വരന് ഇതില്‍പരം എന്താണ് പറയാന്‍ സാധിക്കുക! 

എന്താണ് കന്യാദാനം?

മധുപര്‍കത്തെത്തുടര്‍ന്ന് പാണിഗ്രഹണ വിധിയാണ് വൈദിക വിവാഹസംസ്‌കാരത്തില്‍ കടന്നുവരുന്നത്. വരന്‍ വധുവിന് പുടവ കൊടുക്കുന്നതും താലിചാര്‍ത്തുന്നതും ഈ വിധിയിലാണ് പറഞ്ഞിട്ടുള്ളത്. വധുവിന്റെ അച്ഛന്‍ വരന്റെ കൈ പിടിച്ച് ആ കൈയില്‍ തന്റെ മകളുടെ വലതുകൈ ചേര്‍ത്തു വെയ്ക്കുന്നു. വരന്‍ കന്യകയുടെ കരം ഗ്രഹിക്കുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ചൊല്ലുന്ന ഋഗ്വേദമന്ത്രമൊന്നു കാണൂ,

'ഓം സമഞ്ജന്തു വിശ്വേ ദേവാഃ 

സമാപോ ഹൃദയാനി നൗ.

സം മാതരിശ്വാ സം ധാതാ സമു ദേഷ്ട്രീ 

ദധാതു നൗ.'  

(ഋഗ്വേദം 10.85.47)

'ഈ യജ്ഞശാലയില്‍ ഉപവിഷ്ടരായിരിക്കുന്ന ആദരണീയരായ ഗുരുജനങ്ങളേ, പിതൃസ്ഥാനീയരേ, ജ്ഞാനികളേ, നിങ്ങള്‍ ഉറപ്പിച്ചു മനസ്സിലാക്കിയാലും, ഞങ്ങള്‍ താന്താങ്ങളുടെ ഗൃഹസ്ഥാശ്രമകര്‍മപൂര്‍ത്തീകരണത്തിനുവേണ്ടി, സന്തോഷത്തോടുകൂടി ജീവിക്കുന്നതിനുവേണ്ടി പരസ്പരം വരിക്കുന്നു. ജലത്തെപ്പോലെ ശാന്തമായ ഞങ്ങളുടെ ഈ ഹൃദയങ്ങള്‍ ജലം ജലത്തോടു ചേരുംപോലെ ചേര്‍ന്നിരിക്കട്ടെ. ഞങ്ങളോരോരുത്തര്‍ക്കും അവരവരുടെ പ്രാണവായു എത്രമാത്രം വിലപ്പെട്ടതാണോ അത്രത്തോളും ഞങ്ങളിരുവരും പരസ്പരം പ്രിയം വെച്ചുപുലര്‍ത്തുന്നതായിരിക്കും. എപ്രകാരമാണോ സര്‍വവ്യാപിയായ ഈശ്വരന്‍ എല്ലാറ്റിലും അലിഞ്ഞുചേര്‍ന്ന് എല്ലാറ്റിനെയും ധരിച്ചിരിക്കുന്നത് ഞങ്ങളും പരസ്പരം അപ്രകാരംതന്നെയായിരിക്കും. ഒരു യഥാര്‍ഥ ഉപദേശി തന്റെ ശ്രോതാക്കളെപ്രതി എത്രത്തോളം പ്രീതി വെക്കുന്നുണ്ടോ അത്രത്തോളം  ഞങ്ങളിരുവരുടെയും ആത്മാക്കള്‍ ദൃഢപ്രേമത്താല്‍ പരസ്പരം ധാരണം ചെയ്യട്ടെ.' എന്നാണ് മന്ത്രാര്‍ഥം. 

വൈദിക സംസ്‌കൃതി കുടുംബ ജീവിതത്തിന് എത്രത്തോളം പ്രാധാന്യം നല്‍കി പോരുന്നുവെന്നും മധുരപൂര്‍ണമായ ദാമ്പത്യം എങ്ങനെയാവണമെന്നും ഈ മന്ത്രം കാട്ടിത്തരുന്നു. തുടര്‍ന്ന് ഈശ്വരഭക്തിയോടെ അഗ്‌നിയില്‍ അതിവിശേഷപ്പെട്ട വിവാഹം യജ്ഞം ചെയ്ത് അന്തരീക്ഷത്തിനും മനസ്സിനും ശുദ്ധി വരുത്തിയശേഷം വരന്‍ വധുവിന് പ്രതിജ്ഞ നല്‍കുന്നു:

'ഓം ഗൃഭ്ണാമി തേ സൗഭഗത്വായ ഹസ്തം 

മയാ പത്യാ ജരദഷ്ടിര്യഥാസഃ.

ഭഗോ അര്യമാ സവിതാ പുരന്ധിര്മഹ്യം 

ത്വാദുര്ഗാര്ഹപത്യായ ദേവാഃ.'  

                   (ഋഗ്വേദം 10.85.36)

'ഹേ വധൂ, സൗഭാഗ്യത്തിനായി നിന്റെ കരം ഞാന്‍ ഗ്രഹിക്കുന്നു. അങ്ങനെ ഞാനെന്ന ഭര്‍ത്താവിനോടൊത്ത് വൃദ്ധാവസ്ഥവരെ നീ ജീവിച്ചിരിക്കട്ടെ. ഐശ്വര്യം നിറഞ്ഞ, ഉദാരഹൃദയനായ, ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച ഭഗവാനാണ് സര്‍വ ദേവതകളുടെയും അനുഗ്രഹത്താല്‍ എന്റെ വീട് സൗഭാഗ്യമുള്ളതാകാന്‍ നിന്നെ എനിക്കു നല്‍കിയത്.'

സ്ത്രീ: കുടുംബത്തിന്റെ കേന്ദ്രബിന്ദു

സ്ത്രീയാണ് ഒരു കുടുംബത്തിന്റെ കേന്ദ്രബിന്ദു എന്നാണ് മുന്‍പെഴുതിയ ഋഗ്വേദമന്ത്രത്തില്‍നിന്നു വ്യക്തമാകുന്നത്. അതിനാല്‍ത്തന്നെയാണ് പരമ ഋഷി മനു പറഞ്ഞത്, 'യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാഃ' (മനുസ്മൃതി 3.56) എന്ന്. 'ഏതൊരിടത്ത് സ്ത്രീകള്‍ ആദരിക്കപ്പെടുന്നുവോ അവിടെ ദേവതകള്‍ പ്രസാദിക്കപ്പെടുന്നു.' അടുത്ത ശ്ലോകത്തില്‍ ഇതുകൂടി പറയുന്നു. 

'ശോചയന്തി ജാമയോ യത്ര 

വിനശ്യത്യാശു തത്കുലമ് 

ന ശോചന്തി തു യത്രൈതാ 

വര്‍ധന്തേ തദ്ധി സര്‍വദാ.' 

(മനുസ്മൃതി 3.57)

'സ്ത്രീകള്‍ ദുഃഖിക്കാന്‍ ഇടവരുന്നത് കുലത്തിന്റെതന്നെ ശീഘ്രനാശത്തിന് കാരണമാകുന്നു. ഇവര്‍ ദുഃഖിക്കാന്‍ ഇടവരാത്ത കുലങ്ങളില്‍ സദാ സമ്പത്ത്, സന്തോഷം തുടങ്ങിയവ വര്‍ധിച്ചുവരുകയും ചെയ്യുന്നു.' 

ഈശ്വരന്‍ സ്ത്രീകളെ ദയയും വാത്സല്യവുമുള്ള ഹൃദയത്തോടുകൂടി സൃഷ്ടിച്ചുവെങ്കിലും കുടുംബ ജീവിതത്തിലെ നിര്‍ണായക തീരുമാനങ്ങളെടുക്കേണ്ടത് സ്ത്രീകള്‍ തന്നെയാകുന്നു. മാറിവരുന്ന സാഹചര്യങ്ങളെ സന്തുലിതമാക്കുന്നതിനുളള വൈഭവവും അവള്‍ക്കുണ്ടാകണം. സാഹചര്യം നിമിത്തം യോദ്ധാക്കളായിപ്പോലും മാറിയ റാണി ലക്ഷ്മിഭായിയും കൈകേയിയും നമുക്കു മുന്‍പിലുണ്ട്. അതായത് ഏതു സാഹചര്യത്തെയും നേരിടാനുള്ള കരുത്ത് അവള്‍ നേടണം. ഇതിനാണ് വൈദികവിവാഹസംസ്‌കാരത്തില്‍ ശിലാരോഹണം എന്ന ക്രിയ നടത്തുന്നത്. വധുവിന്റെ സഹോദരന്‍ വധുവിനെ അവളുടെ കാലുയര്‍ത്തി ശിലയുടെ മുകളില്‍ വെക്കാന്‍ സഹായിക്കുന്നു. ഈ പുതിയ ജീവിതത്തിലേക്കുള്ള അവളുടെ കാല്‍വെപ്പ് ഉറച്ചതാകണം എന്ന സന്ദേശമാണ് ശിലാരോഹണച്ചടങ്ങില്‍ പ്രതീകവല്‍കരിക്കപ്പെടുന്നത്.

തുടരും. 

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.