ബ്രാഹ്മണങ്ങള്‍

Monday 5 March 2018 3:56 am IST
വൈദിക കര്‍മ്മകാണ്ഡം ക്രമേണ ആത്മതത്വത്തിലൂന്നിയ ചിന്തകള്‍ക്കു വഴിമാറിക്കൊടുത്തു. ആത്മജ്ഞാനം ജീവിതത്തിന്റെ മുഖ്യലക്ഷ്യമായി മാറി. ആരണ്യക കാലഘട്ടം ദീര്‍ഘകാലം കര്‍മ്മജഡിലതയില്‍ കുടുങ്ങിക്കിടന്ന സ്വതന്ത്രചിന്തയുടെ മോചനകാലമാണെന്ന് ദാസ്ഗുപ്ത അഭിപ്രായപ്പെടുന്നു.
"undefined"

സംഹിതകള്‍ക്കു ശേഷം ബ്രാഹ്മണങ്ങള്‍ രൂപം കൊണ്ടു. ഇവയ്ക്ക് സംഹിതകളില്‍ നിന്നും വ്യത്യസ്തമായ ഉള്ളടക്കമാണ്. ഗദ്യരൂപത്തിലുള്ള ഇവയില്‍ നിരവധി ചടങ്ങുകളുടെ പ്രാധാന്യത്തെക്കുറിച്ചു  ഒരു ധാരണയും ഇല്ലാത്തവര്‍ക്കു പരിചയപ്പെടുത്തുന്നു. അവ, മാക്‌ഡൊണലിന്റെ അഭിപ്രായത്തില്‍,  ബൗദ്ധികമായ എല്ലാ പ്രവര്‍ത്തനങ്ങളും യാഗമെന്ന ചടങ്ങിനെ കേന്ദ്രീകരിച്ചിരുന്ന ഒരു കാലഘട്ടത്തെ കുറിക്കുന്നു. യാഗത്തിന്റെ ഉത്ഭവം, പ്രസക്തി തുടങ്ങിയവയെക്കുറിച്ചുള്ള കല്പനകള്‍, ചടങ്ങുകളുടെ വിവരണം, അവയുടെ പ്രാധാന്യം എന്നിവ ഇവയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.

സൈദ്ധാന്തികമായ വിശദീകരണങ്ങള്‍, വിഭ്രാമകങ്ങളായ പ്രതീക കല്‍പ്പനകള്‍, യാഗത്തിലെ ഒരോ ഘട്ടത്തെക്കുറിച്ചുമുള്ള ഭാവനാപൂര്‍ണ്ണങ്ങളായ വര്‍ണ്ണനകള്‍ എന്നിവ ഇവയില്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരു പക്ഷേ, ആദ്യകാലമന്ത്രങ്ങള്‍ സൃഷ്ടിച്ച അവസരത്തില്‍ യാഗച്ചടങ്ങുകള്‍ ഇത്രയും വിപുലമോ, സങ്കീര്‍ണ്ണമോ ആയിരുന്നിരിക്കില്ല. മന്ത്രങ്ങളുടെ സംഘാതങ്ങള്‍ തലമുറകളിലുടെ കൈമാറി വന്നപ്പോള്‍ ക്രിയകളും കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണ്ണങ്ങളായിത്തീര്‍ന്നിരിക്കാം. അപ്പോള്‍ വ്യത്യസ്ത ചടങ്ങുകള്‍ക്ക് വ്യത്യസ്ത പുരോഹിതവിഭാഗങ്ങളെ ചുമതലപ്പെടുത്തേണ്ടി വന്നിരിക്കാം.

അന്നത്തെ ചിന്താശീലരായ വ്യക്തികളുടെ പ്രധാന ചര്‍ച്ച  യാഗങ്ങളും അവയുടെ സങ്കീര്‍ണ്ണങ്ങളായ ചടങ്ങുകളും മാത്രമായ ആ കാലഘട്ടത്തിലാവണം വര്‍ണ്ണ വ്യവസ്ഥ രൂപം കൊണ്ടതെന്ന് ദാസ്ഗുപ്ത അനുമാനിക്കുന്നു. സ്വതന്ത്രമായ ചിന്തയുടെ സ്ഥാനത്ത് യാഗത്തെ ഏതെല്ലാം തരത്തില്‍ സമ്പുഷ്ടമാക്കാമെന്ന ചിന്ത നിറഞ്ഞു. തത്ഫലമായി, ഏറ്റവും വിഭ്രാമകവും പ്രതീകാത്മകത കൊണ്ടു സമൃദ്ധവുമായ, ലോകത്തു മറ്റൊരിടത്തും സമാനതകളില്ലാത്ത, ഒരു കര്‍മ്മപദ്ധതി ഉണ്ടാക്കപ്പെട്ടു. ഏതാണ്ട് 500 ബി. സി- യോടെ വൈദികസാഹിത്യത്തിലെ ബ്രാഹ്മണങ്ങളുടേതായ കാലഘട്ടം കഴിഞ്ഞു എന്നു പൊതുവെ കരുതിവരുന്നു.

ആരണ്യകങ്ങള്‍- ബ്രാഹ്മണങ്ങള്‍ക്കു ശേഷം ആരണ്യകങ്ങള്‍ എന്ന കൃതികളുണ്ടാക്കപ്പെട്ടു. ഇത് വൈദികസമൂഹത്തിലെ വൃദ്ധജനങ്ങള്‍ക്കായി സൃഷ്ടിക്കപ്പെട്ടതാകാമെന്നു ദാസ്ഗുപ്ത പറയുന്നു. സാമൂഹ്യജീവിതത്തില്‍ നിന്നും വിരമിച്ച് വനവാസം സ്വീകരിച്ച അവര്‍ക്ക് യാഗവുമായി ബന്ധപ്പെട്ട അതിസങ്കീര്‍ണ്ണങ്ങളായ അനുഷ്ഠാനങ്ങള്‍ ചെയ്യാനുള്ള ശേഷിക്കുറവ് കണക്കിലെടുത്താണത്രേ ഇവ നിര്‍മ്മിച്ചത്.

ഇവയില്‍ ചില പ്രതീകങ്ങളെ ധ്യാനിക്കാനുള്ള ക്രമങ്ങളെ വിശദമാക്കുന്നു. ഈ പദ്ധതിക്ക് വലിയ ഫലമുണ്ടെന്നും ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഇവയ്ക്ക് ക്രമേണ യാഗത്തിനേക്കാള്‍ പ്രാധാന്യം കൈവന്നു. യാഗത്തിനു പകരം ഇവ മതിയാകും എന്ന നില വന്നു. ബൃഹദാരണ്യകത്തില്‍ നിന്നും ദാസ്ഗുപ്ത ഉദാഹരണം ചൂണ്ടിക്കാണിക്കുന്നു- അശ്വമേധയാഗം ചെയ്യുന്നതിനു പകരം ഉഷസ്സിനെ കുതിരയുടെ തലയായും സൂര്യനെ കണ്ണായും വായുവിനെ കുതിരയുടെ പ്രാണനായും മറ്റും കല്‍പ്പിക്കാന്‍ ഇതില്‍ ഉപദേശിക്കുന്നു. സങ്കീര്‍ണ്ണങ്ങളായ യാഗച്ചടങ്ങുകള്‍ നേരിട്ട് അനുഷ്ഠിക്കുന്നതിനു പകരം ആ സ്ഥാനത്ത് ധ്യാനം മതിയാകും എന്നത് ഒരു ശ്രദ്ധേയമായ മാറ്റമാണെന്നു ദാസ്ഗുപ്ത പറയുന്നു. വൈദിക കര്‍മ്മകാണ്ഡം ക്രമേണ ആത്മതത്വത്തിലൂന്നിയ ചിന്തകള്‍ക്കു വഴിമാറിക്കൊടുത്തു. ആത്മജ്ഞാനം ജീവിതത്തിന്റെ മുഖ്യലക്ഷ്യമായി മാറി. ആരണ്യക കാലഘട്ടം ദീര്‍ഘകാലം കര്‍മ്മജഡിലതയില്‍ കുടുങ്ങിക്കിടന്ന സ്വതന്ത്രചിന്തയുടെ മോചനകാലമാണെന്ന് ദാസ്ഗുപ്ത അഭിപ്രായപ്പെടുന്നു. അങ്ങനെ ആരണ്യകങ്ങള്‍ ഉപനിഷത്തുകള്‍ക്കു വഴി തുറന്നുകൊടുത്തു. അത് വേദങ്ങളിലെ തത്വചിന്തയുടെ ബീജങ്ങള്‍ക്കു നാമ്പെടുക്കാന്‍, തളിരിടാന്‍ വേണ്ട സാഹചര്യം ഒരുക്കി. അവയുടെ സംവികാസത്തിലൂടെ ഉപനിഷത്തുകള്‍ക്ക് ഹിന്ദുതത്വചിന്താലോകത്ത് പ്രമുഖസ്ഥാനം കൈവന്നു.

(തുടരും)

     വൈദികത്തിന്റെ വിവിധ വശങ്ങള്‍     

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.