രജനിയുടെ രാഷ്ട്രീയ പ്രവേശം

Monday 5 March 2018 3:49 am IST
നിലവിലുള്ള രാഷ്ട്രീയ കക്ഷികളോടും നേതാക്കളോടും മുഖംതിരിക്കുന്ന യുവവോട്ടര്‍മാര്‍ പുതിയ ഒരു നേതാവിനെ തേടുകയാണ്. രജനികാന്തിന് അദ്ദേഹത്തിന്റെതായ അനുയായികളുണ്ട്. തമിഴ്‌നാട്ടിനകത്തും പുറത്തും ലോകമെമ്പാടും അദ്ദേഹത്തിന് ആരാധകരുമുണ്ട്. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം വലിയ അലയൊലികളാണ് സൃഷ്ടിച്ചത്. എല്ലാവരും വളരെ കൗതുകത്തോടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനത്തെ എതിരേറ്റത്. ദ്രാവിഡവാദത്തോടു വിട പറഞ്ഞ് ദേശീയ ചിന്താധാരയെ പുല്‍കാന്‍ തയ്യാറാകുന്ന, വലിയ അനുയായി വൃന്ദമുള്ള തമിഴകത്തെ ആദ്യത്തെ നേതാവാകാം രജനികാന്ത്.
"undefined"

1972-ല്‍ ഡിഎംകെ പിളര്‍ന്നപ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ കരുതിയത് കോണ്‍ഗ്രസിന് അധികാരത്തിലേക്ക് തിരിച്ചുവരാന്‍ അതു സഹായകമാകുമെന്നാണ്. 1969-ല്‍ കോണ്‍ഗ്രസും പിളര്‍ന്നിരുന്നു. പക്ഷേ കാമരാജ് എന്ന വലിയ മനുഷ്യന്റെ  പ്രവര്‍ത്തനമികവിനാല്‍ കോണ്‍ഗ്രസിന് നല്ല അടിത്തറ തമിഴ്‌നാട്ടിലുണ്ടായിരുന്നു. 1971-ലെ പൊതുതെരഞ്ഞെടുപ്പില്‍ 38 ശതമാനം വോട്ടു വിഹിതമുണ്ടായിരുന്ന കോണ്‍ഗ്രസിന് ഡിഎംകെയുടെ പിളര്‍പ്പോടെ അധികാരത്തിലേക്ക് മടങ്ങിവരാനാകുമെന്നാണ് കാമരാജടക്കമുള്ളവര്‍ കരുതിയത്.

പക്ഷേ ആ വിശകലനത്തില്‍ പാളിച്ചയുണ്ടായി. ഡിഎംകെയ്ക്ക് 1971-ല്‍ ലഭിച്ചത് അവരുടെ 'സ്വന്തം'വോട്ടായിരുന്നു. കോണ്‍ഗ്രസിനു ലഭിച്ചതില്‍ വലിയൊരു പങ്ക് വിദ്യാഭ്യാസം നേടിയ, മധ്യവര്‍ഗത്തില്‍പ്പെടുന്നവരുടെ 'ഡിഎംകെ വിരുദ്ധ' വോട്ടുകളായിരുന്നു. അതായത് കോണ്‍ഗ്രസിന് ലഭിച്ചുകൊണ്ടിരുന്നത് അവരുടേതല്ലാത്ത വോട്ടായിരുന്നുവെന്നു ചുരുക്കം. കോണ്‍ഗ്രസിനെ അധികാരത്തിലേറ്റുക എന്നതിനേക്കാള്‍ ഡിഎംകെയെ തറപറ്റിക്കുക എന്നതായിരുന്നു ഡിഎംകെ വിരുദ്ധരുടെ ലക്ഷ്യം. ഡിഎംകെയെ തോല്‍പ്പിക്കാന്‍ കെല്‍പ്പുള്ള കക്ഷി രംഗത്തുവന്നാല്‍ ഡിഎംകെ വിരുദ്ധ വോട്ടുകളെല്ലാം ആ കക്ഷിക്ക് ഉറപ്പിക്കാം എന്നതായിരുന്നു അന്ന് നിലവിലുണ്ടായിരുന്ന സാഹചര്യം. ഡിഎംകെയില്‍നിന്നും പുറത്താക്കപ്പെട്ട എംജിആര്‍ തമിഴക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി സംസ്ഥാനത്തുടനീളം സഞ്ചരിച്ചു. എല്ലായിടത്തും അദ്ദേഹത്തിനു വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഡിഎംകെക്കെതിരെയും പ്രത്യേകിച്ച് എം.കരുണാനിധിക്കെതിരെയും അദ്ദേഹം ജനരോഷം ആളിക്കത്തിച്ചു. സൗമ്യനും ശാന്തനുമായ കാമരാജ് നയിക്കുന്ന ദുര്‍ബലമായ കോണ്‍ഗ്രസിനേക്കാള്‍ ഡിഎംകെയോടു പൊരുതാന്‍ എംജിആറിന്റെ എഐഎഡിഎംകെയ്ക്ക് സാധിക്കുമെന്ന് 'ഡിഎംകെ വിരുദ്ധ' വോട്ടര്‍മാര്‍ വിശ്വസിച്ചു. ദേശീയബോധമുള്ളവര്‍പോലും ഡിഎംകെയോടുള്ള കടുത്തവിരോധം മൂലം മൃതപ്രായമായ കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് എഐഎഡിഎംകെയോടൊപ്പം അണിചേര്‍ന്നു.

കോണ്‍ഗ്രസില്‍നിന്നും ഡിഎംകെവിരുദ്ധ വോട്ടുകള്‍ എഐഎഡിഎംകെയിലേക്ക് മാറിയെന്ന് തെളിയിച്ചത് ഡിണ്ടിഗലില്‍ നടന്ന ഉപതെരഞ്ഞെടുപ്പായിരുന്നു. പാര്‍ലമെന്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 52 ശതമാനം വോട്ട് നേടി എംജിആറിന്റെ എഐഡിഎംകെ വിജയിച്ചു. 1971 -നെ അപേക്ഷിച്ച് വോട്ടുശതമാനം കോണ്‍ഗ്രസിനും ഡിഎംകെയ്ക്കും വളരെ കുറവായിരുന്നു.

തമിഴക രാഷ്ട്രീയത്തിനു സംഭവിച്ച പരിണാമത്തിന്റെ നേര്‍ചിത്രമായിരുന്നു എംജിആറിന്റെ വിജയം. ഡിഎംകെയ്ക്ക് എതിരെ പൊരുതുന്ന 'ദേശീയ' കക്ഷിയായി എഐഎഡിഎംകെ ചിത്രീകരിക്കപ്പെട്ടു. എഐഎഡിഎംകെ പ്രബലശക്തിയായി ഉയര്‍ന്നതോടെ ഈ രണ്ടു ദ്രാവിഡ കക്ഷികളില്‍ ഏതെങ്കിലും ഒന്ന് ദേശീയ കക്ഷികളുമായി അധികാരത്തിനുവേണ്ടി സഖ്യത്തിലേര്‍പ്പെടുന്ന സ്ഥിതി സംജാതമായി. 1967 ല്‍ ദ്രാവിഡവല്‍ക്കരണത്തിനു വിധേയമായ തമിഴക രാഷ്ട്രീയം അതോടെ ദ്രാവിഡവാദത്തിനപ്പുറത്തേക്ക് കടന്നു പോകാനാരംഭിച്ചു.

1972-73 ലെ എംജിആറിന്റെ കടന്നുവരവും ഉയര്‍ച്ചയും ഇന്ന് രജനിയുടെ രാഷ്ട്രീയ പ്രവേശന സന്ദര്‍ഭത്തില്‍ പ്രസക്തമാകുന്നതെങ്ങനെയാണ്? 1973 മുതല്‍ തമിഴകത്തു നടന്ന തെരഞ്ഞെടുപ്പുകളെ വിശകലനം ചെയ്താല്‍ ഡിഎംകെ വിരുദ്ധ വോട്ടുകള്‍ എഐഎഡിഎംകെയെ വിജയിക്കാന്‍ എത്രമാത്രം സഹായിച്ചു എന്നു മനസ്സിലാകും. ഡിഎംകെ വിരുദ്ധത ക്രമേണ 'എംകെ' വിരുദ്ധതയായി പരിണമിക്കുകയും ചെയ്തു. ദത്തുപുത്രന്റെ ആര്‍ഭാട വിവാഹത്തെ തുടര്‍ന്നുണ്ടായ പൊതുജനരോഷത്തില്‍ 1996-ല്‍ എഐഎഡിഎംകെയുടെ പരമോന്നത നേതാവായിരുന്ന ജയലളിതയ്ക്കും പരാജയം രുചിക്കേണ്ടിവന്നു.

തമിഴ്‌നാട്ടിലെ ആകെ വോട്ടിന്റെ പതിനഞ്ചു ശതമാനം ഡിഎംകെ വിരുദ്ധ വോട്ടുകളാണെന്ന് ഏതു കണക്കു നോക്കിയാലും വ്യക്തമാകും. അതായത് എഐഎഡിഎംകെയ്ക്ക് ലഭിക്കുന്ന വോട്ടിന്റെ ഏകദേശം മൂന്നിലൊന്ന്. ഈ വോട്ടര്‍മാര്‍ ദേശീയ കക്ഷികളോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഗണത്തില്‍പ്പെട്ടവരുമാകാം. ജയലളിതക്കു ശേഷം നേതാവില്ലാതെ ഇരുട്ടില്‍ തപ്പുന്ന എഐഎഡിഎംകെയ്ക്ക് ഡിഎംകെയെ തോല്‍പ്പിക്കാനുള്ള കഴിവുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ ഡിഎംകെ വിരുദ്ധ വോട്ടുകള്‍ ഒരു നേതാവിനെ തേടുന്നുണ്ട്. അവരുടെ സ്വാഭാവിക നേതാവ് രജനികാന്ത് ആയിരിക്കും. ഡിഎംകെ വിരുദ്ധ വോട്ടര്‍മാര്‍ 1973-ല്‍ കോണ്‍ഗ്രസിനെ ഉപേക്ഷിച്ചതുപോലെ 2018-ല്‍ എഐഎഡിഎംകെയേയും കൈയൊഴിയും.

തമിഴകത്തെ വിദ്യാഭ്യാസം നേടിയവരും മധ്യവര്‍ഗത്തില്‍പ്പെടുന്നവരുമായ വലിയൊരു വിഭാഗം വോട്ടര്‍മാര്‍ ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കും ബദല്‍ തേടാന്‍ തുടങ്ങിയിട്ട് കുറെക്കാലമായി. ഈ വിഭാഗം വലിയ ഘടകമാണ്. തമ്മില്‍ ഭേദം തൊമ്മന്‍ എന്ന നിലയില്‍ ഈ രണ്ടു കക്ഷികള്‍ക്കും വോട്ടു ചെയ്യുന്ന മറ്റൊരു വിഭാഗം വോട്ടര്‍മാരുണ്ട്. ഇവരുടെ സംഖ്യ എല്ലായ്‌പ്പോഴും മാറിമറിഞ്ഞുകൊണ്ടേയിരിക്കും. ഇക്കൂട്ടര്‍ രണ്ടു കക്ഷികളുടെയും ഒപ്പമല്ല. വേറെ വഴി ഇല്ലാത്തതുകൊണ്ട് അവര്‍ക്ക് വോട്ടു ചെയ്യുന്നു എന്നുമാത്രം.

ഈ രണ്ടു ഘടകങ്ങളും രണ്ടു ദ്രാവിഡ കക്ഷികളുടെയും അടിസ്ഥാന വോട്ടുബാങ്കില്‍ തീര്‍ച്ചയായും ഇളക്കം വരുത്തും. കഴിഞ്ഞ 45 വര്‍ഷമായി ആ കക്ഷികളെ മാറി മാറി പിന്തുണയ്ക്കുന്നവരാണവര്‍. പുതുതായി വോട്ടര്‍പട്ടികയില്‍ പേരുവന്ന 37 ലക്ഷം വോട്ടര്‍മാരാണ് വേറൊരു പ്രധാന ഘടകം. 2019 ല്‍ 13 വയസ്സു തികഞ്ഞവരാണവര്‍. 2021 ഓടെ 23 ലക്ഷം കന്നിവോട്ടര്‍മാര്‍ കൂടി വോട്ടര്‍പട്ടികയിലിടം പിടിക്കും. ഈ പുതുതലമുറ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മാത്രം ആകര്‍ഷക വ്യക്തിത്വമുള്ള ഒരു നേതാവോ കക്ഷിയോ ഇന്ന് തമിഴകത്തില്ല.

യുവതലമുറ രാഷ്ട്രീയത്തോടു മുഖംതിരിഞ്ഞുനില്‍ക്കുന്നുവെന്നാണ് എം.കെ. സ്റ്റാലിന്‍ പറയുന്നത്. അതായത് യുവാക്കള്‍ ഡിഎംകെയിലേക്കും ആകര്‍ഷിക്കപ്പെടുന്നില്ല. യുവാക്കള്‍ നരേന്ദ്രമോദിയെ ഉറ്റുനോക്കുന്നുണ്ട്. കുറച്ചുപേര്‍ തീര്‍ച്ചയായും രാഹുല്‍ ഗാന്ധിയിലും പ്രതീക്ഷയര്‍പ്പിക്കുന്നുണ്ടാകും. ഡിഎംകെയോടൊപ്പം 'സതി' അനുഷ്ഠിക്കുവാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ബിജെപിയാകട്ടെ തമിഴ്‌നാട്ടില്‍ ഇനിയും ഒരു പദ്ധതി തയ്യാറാക്കാനിരിക്കുന്നു.

നിലവിലുള്ള രാഷ്ട്രീയ കക്ഷികളോടും നേതാക്കളോടും മുഖംതിരിക്കുന്ന യുവവോട്ടര്‍മാര്‍ പുതിയ ഒരു നേതാവിനെ തേടുകയാണ്. രജനികാന്തിന് അദ്ദേഹത്തിന്റെതായ അനുയായികളുണ്ട്. തമിഴ്‌നാട്ടിനകത്തും പുറത്തും ലോകമെമ്പാടും അദ്ദേഹത്തിന് ആരാധകരുമുണ്ട്. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം വലിയ അലയൊലികളാണ് സൃഷ്ടിച്ചത്. എല്ലാവരും വളരെ കൗതുകത്തോടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനത്തെ എതിരേറ്റത്. ദ്രാവിഡവാദത്തോടു വിട പറഞ്ഞ് ദേശീയ ചിന്താധാരയെ പുല്‍കാന്‍ തയ്യാറാകുന്ന, വലിയ അനുയായി വൃന്ദമുള്ള തമിഴകത്തെ ആദ്യത്തെ നേതാവാകാം രജനികാന്ത്.

'ആത്മീയ രാഷ്ട്രീയം' എന്ന പുതിയ ഒരു രാഷ്ട്രീയമാണ് രജനികാന്ത് വയ്ക്കുന്നത്. ദൈവനിഷേധിയായ രാഷ്ട്രീയത്തേയും ഹിന്ദുവിരുദ്ധ ദ്രാവിഡ വാദഗതികളേയും അദ്ദേഹം പിന്തുണക്കില്ലെന്നു വ്യക്തമായിട്ടുണ്ട്. തമിഴ്‌നാടിനെ സംബന്ധിച്ച് ദ്രാവിഡ കക്ഷികള്‍ മുന്നോട്ടുവച്ചിരുന്ന ആശയങ്ങളെല്ലാം കാലഹരണപ്പെട്ടിരിക്കുന്നു. മതാത്മക ജീവിതത്തോട് ആഭിമുഖ്യം കൂടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇത്തരത്തില്‍ താഴെത്തട്ടില്‍ ഒരുപാട് ചലനങ്ങള്‍ നടക്കുന്നുണ്ട്. ചോദ്യം ഇതാണ്. തമിഴക രാഷ്ട്രീയ ഭൂമിയെ മാറ്റിമറിക്കാന്‍ രജനിക്കാകുമോ?

(രാജ്യത്തെ പ്രമുഖ സാമ്പത്തിക-

രാഷ്ട്രീയ ചിന്തകനാണ് ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.