ഇടതുപക്ഷത്തിന്റെ വലിയ പരാജയം

Monday 5 March 2018 3:48 am IST
കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കിയാല്‍ ത്രിപുരയില്‍ തിരിച്ചുവരാന്‍ പറ്റുമെന്ന് കരുതുന്നില്ല. കോണ്‍ഗ്രസ്സിന്റെ വലിയൊരു ഭാഗം ബിജെപിയിലേക്ക് മാറിക്കഴിഞ്ഞു. നേതൃതലത്തിലുള്ള മുഴുവന്‍ ആളുകളും അണികളും പോയ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ് ദുര്‍ബ്ബലമായി . കോണ്‍ഗ്രസ്സിന് കഴിയാതിരുന്ന കാര്യമാണ് ബിജെപിക്ക് കഴിഞ്ഞത്. അതുകൊണ്ടുതന്നെ ബിജെപിയിലേക്ക് ഇനിയും കോണ്‍ഗ്രസ്സുകാര്‍ പോകാനുള്ള സാധ്യത കൂടുതലാണ്. കാരണം, ഇടതുപക്ഷ ഭരണത്തിനെതിരായ ഭരണം കാംക്ഷിക്കുന്ന ഒരുപാട് ആളുകള്‍ ത്രിപുരയിലുണ്ട്. അവരുടെ വിജയം കൂടിയായി ബിജെപിയുടെ വിജയം മാറും.
"undefined"

ത്രിപുരയില്‍ ഇടതുപക്ഷത്തിന്റെ പരാജയം വലിയ പരാജയമാണ്. ഇടതുപക്ഷത്തിന്റെ സ്വഭാവ സവിശേഷതകള്‍ നിലനിര്‍ത്തുന്ന മുഖ്യമന്ത്രിയായിരുന്നു മണിക് സര്‍ക്കാര്‍.  അഴിമതിയുടെയോ ആര്‍ഭാട ജീവിതത്തിന്റെയോ പ്രതീകമായിരുന്നില്ല അദ്ദേഹം. ഇന്ത്യയില്‍ത്തന്നെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രിയും ആദര്‍ശ ജീവിതം നയിക്കുന്ന വ്യക്തിയുമായിരുന്നു മണിക് സര്‍ക്കാര്‍. എന്നിട്ടും ഇടതുപക്ഷം പരാജയപ്പെട്ടു. ഭരണകൂടത്തെ മോശമായ രീതിയില്‍ വ്യക്തികള്‍ പ്രയോഗിച്ചതിന്റെ ഫലമായിട്ട് സംഭവിച്ച ദുരന്തമല്ല. ത്രിപുരയെ വികസനത്തിലേക്ക് നയിക്കുന്നതില്‍ ഭരണകൂടത്തിനുണ്ടായ വീഴ്ചമൂലം സംഭവിച്ചതാണ്. ഭരണത്തോട് ജനങ്ങള്‍ കാണിച്ച വിമുഖത ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ബിജെപി വിജയിച്ചു. ജാതി രാഷ്ട്രീയത്തിന് അതീതമായി വികസന രാഷ്ട്രീയത്തെ മുന്നോട്ടുവെക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ബിജെപിയുടെ വിജയം വിഘടനവാദികളുമായി ഒത്തുചേര്‍ന്നുള്ളതാണെങ്കില്‍പ്പോലും ഭരണകൂടത്തിന് അവിടുത്തെ ജനങ്ങളെ സംതൃപ്തരാക്കാന്‍ കഴിയാത്തതിന്റെ വലിയ പരാജയമായേ വിലയിരുത്താന്‍ കഴിയൂ. 

ഇരുപത്തഞ്ചു വര്‍ഷമായി ത്രിപൂരയില്‍ ഇടതുപക്ഷ ഭരണമാണ്. നീണ്ട ഭരണം ഏതൊരു പാര്‍ട്ടിയെ സംബന്ധിച്ചും ഭരണവിരുദ്ധവികാരം  വളര്‍ത്താന്‍ സഹായകരമാണ്.   ജനങ്ങള്‍ക്ക് തൃപ്തികരമായി ഭരിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെടും. പ്രത്യേകിച്ച് ഇന്ത്യയിലെ ഫെഡറല്‍ സംവിധാനത്തില്‍.  ചെറിയ സംസ്ഥാനങ്ങള്‍ക്ക് വിഭവശേഷി കുറവായിരിക്കും. ആ വിഭവശേഷിക്ക് അകത്ത് നിന്ന് ജനങ്ങളുടെ ആവശ്യങ്ങള്‍ സാക്ഷാത്കരിക്കുക  ബുദ്ധിമുട്ടാണ്. അപ്പോള്‍, സ്വാഭാവികമായും ഭരണവിരുദ്ധ വികാരം വളരും. അതിനെ മറികടക്കാന്‍ പറ്റുന്ന തരത്തില്‍  പ്രവര്‍ത്തിക്കാന്‍ പറ്റാതെ വരും. അതുതന്നെയാണ് ത്രിപുരയിലെ ഇടതുപക്ഷ ഭരണകൂടത്തിനും സംഭവിച്ചത്. ഇത്   ഉപയോഗിക്കുന്നതില്‍ ബിജെപി വിജയിച്ചു. 

വളരെ അടിസ്ഥാനപരമായ പ്രവര്‍ത്തനങ്ങളിലൂടെ ഓരോ കാര്യങ്ങളും മുന്നോട്ടുകൊണ്ടുപോകാന്‍ ബിജെപിക്ക് ആസൂത്രിതമായ സംവിധാനമുണ്ടായിരുന്നു. നിരവധി വട്ടമാണ് കേന്ദ്രമന്ത്രിമാര്‍ ത്രിപുരയില്‍ പോയത്.  അവര്‍ വലിയ വികസനം ത്രിപുരയ്ക്ക്  വാഗ്ദാനം ചെയ്തു.  അവ  വിശ്വസിക്കാന്‍ പറ്റുന്ന തരത്തിലേക്ക് ത്രിപുരയിലെ ജനങ്ങളെ പാകപ്പെടുത്തിയെടുക്കുന്നതില്‍ ബിജെപി വിജയിച്ചു.  

ജനങ്ങളെ സംബന്ധിച്ച് പോസിറ്റീവായ ഇടപെടല്‍ ഏതൊരു ഭരണകൂടം സ്വീകരിച്ചാലും അവര്‍ക്കൊപ്പം നില്‍ക്കുകയും, അല്ലെങ്കില്‍  ആ ഭരണകൂടത്തെ താഴെയിറക്കുകയും ചെയ്യുന്ന രീതി ജനാധിപത്യത്തിലുള്ളതാണ്.

ഇടതുപക്ഷത്തിന് തിരിച്ചുവരാനാകും. ബംഗാളില്‍ നിന്ന് വ്യത്യസ്തമായി ത്രിപുരയില്‍ അത് സാധ്യമാണ്. ഇടതുപക്ഷത്തിന്റെ സംഘടനാ സംവിധാനങ്ങള്‍ ബംഗാളിലേതുപോലെ ദുര്‍ബലമല്ല ത്രിപുരയില്‍. അതിന്റെ പ്രധാന കാരണം, ത്രിപുരയിലെ  മുഖ്യമന്ത്രി സാധാരണക്കാരനായ ഒരാളായിരുന്നു എന്നതുതന്നെയാണ്. ജനങ്ങള്‍ വികസനം ആഗ്രഹിച്ചതാണ് അവിടെ പാര്‍ട്ടിക്ക് പറ്റിയ പരാജയം.  വികസനം വലിയ തോതില്‍ കൊണ്ടുവരുന്നതില്‍ ഇടതുപക്ഷം പരാജയപ്പെട്ടു.  തിരിച്ചുവരാനുള്ള സാധ്യത ത്രിപുരയിലുണ്ട്. അത് ബിജെപിയുടെ ഭരണത്തെ ആശ്രയിച്ചിരിക്കും. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനത്തിന് അനുസരിച്ച് അവര്‍ക്ക് ഭരിക്കാന്‍ കഴിഞ്ഞാല്‍ ഇടതുപക്ഷത്തെ വീണ്ടും ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്താനാകും. 

കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കിയാല്‍ ത്രിപുരയില്‍ തിരിച്ചുവരാന്‍ പറ്റുമെന്ന് കരുതുന്നില്ല. കോണ്‍ഗ്രസ്സിന്റെ വലിയൊരു ഭാഗം ബിജെപിയിലേക്ക് മാറിക്കഴിഞ്ഞു. നേതൃതലത്തിലുള്ള മുഴുവന്‍ ആളുകളും അണികളും പോയ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ് ദുര്‍ബ്ബലമായി . കോണ്‍ഗ്രസ്സിന് കഴിയാതിരുന്ന കാര്യമാണ്  ബിജെപിക്ക് കഴിഞ്ഞത്. അതുകൊണ്ടുതന്നെ ബിജെപിയിലേക്ക് ഇനിയും കോണ്‍ഗ്രസ്സുകാര്‍ പോകാനുള്ള സാധ്യത കൂടുതലാണ്. കാരണം, ഇടതുപക്ഷ ഭരണത്തിനെതിരായ ഭരണം കാംക്ഷിക്കുന്ന ഒരുപാട് ആളുകള്‍ ത്രിപുരയിലുണ്ട്. അവരുടെ വിജയം കൂടിയായി ബിജെപിയുടെ വിജയം മാറും. 

ഈ മാറ്റത്തിന് അനുകൂലമായ നിലപാടെടുക്കാനാണ് ബാക്കിയുള്ള കോണ്‍ഗ്രസ്സുകാരും ശ്രമിക്കുക. ഭരണം നിര്‍വഹിക്കുന്നതില്‍ വരുന്ന പോരായ്മയാണ് ജനങ്ങളെ നിരാശരാക്കുന്നതും പിന്നീട്, ഭരണത്തിനെതിരായി ചിന്തിക്കാന്‍  പ്രേരിപ്പിക്കുന്നതും. ഭരണത്തിലെ കാര്യക്ഷമതയാണ് പ്രധാനം. അത് നഷ്ടമായാല്‍ ഒരു പാര്‍ട്ടിയുടെയും സര്‍ക്കാറിന് ജനാധിപത്യവ്യവസ്ഥിതിയില്‍ പിടിച്ചുനില്‍ക്കാനാവില്ല. അതിനൊരു ഉദാഹരണമാണ് ത്രിപുര.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.