ചര്‍ച്ച് ആക്ട് പ്രചാരണവേളയില്‍ മര്‍ദ്ദനമേറ്റതായി പരാതി

Monday 5 March 2018 2:00 am IST

കൊച്ചി: ചര്‍ച്ച് ആക്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ലഘുലേഖ വിതരണം ചെയ്തയാള്‍ക്ക് മര്‍ദ്ദനമേറ്റതായി പരാതി. എറണാകുളം സെന്റ് മേരിസ് ബസലിക്കയുടെ മുന്നില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. ചര്‍ച്ച് ആക്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാതെ കാത്തലിക്ക സഭ ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് ലഘുലേഖ വിതരണം ചെയ്ത ജോസഫ് വര്‍ഗീസിനാണ് മര്‍ദ്ദനമേറ്റത്. ബൈക്കിലെത്തി മാത്യുയെന്ന് പരിചയപ്പെടുത്തിയ ആളാണ് മര്‍ദ്ദിച്ചതെന്ന് ജോസഫ് വര്‍ഗീസിന്റെ മകളും അഭിഭാഷകയുമായ ഇന്ദുലേഖ ജോസഫ് പറഞ്ഞു. പിതാവിനെ തള്ളി വീഴ്ത്തിയതിന് ശേഷം ലഘുലേഖകള്‍ പിടിച്ചെടുത്ത് പള്ളിക്കകത്തേയ്ക്ക് ഇയാള്‍ പോവുകയായിരുന്നുവെന്നും ഇന്ദുലേഖ പറഞ്ഞു. വീഴ്ച്ചയില്‍ ജോസഫ് വര്‍ഗീസിന് പരിക്കേറ്റു.  മര്‍ദ്ദിച്ചയാള്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പോലിസില്‍ പരാതി നല്‍കി. കാത്തലിക സഭയില്‍ ജനാധിപത്യ മര്യാദകള്‍ പാലിക്കപ്പെടുന്നില്ലെന്നും ചര്‍ച്ച് ആക്ട് നടപ്പിലാക്കിയാല്‍ സഭയില്‍ ഇപ്പോഴുള്ള കൊള്ളരുതായ്മ്മകള്‍ അവസാനിക്കുമെന്നും സൂചിപ്പിക്കുന്നതാണ് ലഘുലേഖ.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.