രാഷ്ട്രീയ മാറ്റത്തിന് തുടക്കമിടും: പി.എസ്. ശ്രീധരന്‍പിള്ള

Monday 5 March 2018 3:41 am IST
"undefined"

കോഴിക്കോട്: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കേരളത്തിലെ രാഷ്ട്രീയ മാറ്റത്തിന് തുടക്കമിടുമെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. കേരളത്തിന്റെ ചരിത്രം തിരുത്തുന്ന തെരഞ്ഞെടുപ്പാകുമത്. ബിജെപിക്ക് കേരളം പാകമായി കഴിഞ്ഞു. അതിന് തുടക്കമാകുക ചെങ്ങന്നൂരില്‍ നിന്നാകുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. യുവമോര്‍ച്ച കോഴിക്കോട് ജില്ലാ നേതൃ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിപിഎം ഇരുപത്തിയഞ്ചുവര്‍ഷം തുടര്‍ച്ചയായി ഭരിച്ച ത്രിപുരയില്‍ ബിജെപി ഉജ്ജ്വലവിജയം നേടിയത് വികസനപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയുമാണ്. വികസനം ആഗ്രഹിക്കുന്ന ത്രിപുരയിലെ ജനങ്ങള്‍ മാറ്റം ഉള്‍ക്കൊള്ളാന്‍ തയ്യാറായി. കമ്മ്യൂണിസവും ക്യാപ്പിറ്റലിസവും പരാജയപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്നത് ഭാരതം മുന്നോട്ടുവെക്കുന്ന ദര്‍ശനങ്ങളെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അഭിഭാഷകവൃത്തിയില്‍ നാല്‍പ്പതുവര്‍ഷം പിന്നിടുകയും നൂറു പുസ്തകങ്ങളുടെ രചന പൂര്‍ത്തിയാക്കുകയും ചെയ്ത ശ്രീധരന്‍പിള്ളയെ യുവമോര്‍ച്ച ജില്ലാകമ്മിറ്റി ഉപഹാരം നല്‍കി ആദരിച്ചു. 

മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തില്‍ നടന്ന ശില്‍പ്പശാലയില്‍ ജില്ലാ പ്രസിഡന്റ് ഇ. സാലു അധ്യക്ഷനായി. ബിജെപി സംസ്ഥാന വക്താവ് പി. രഘുനാഥ്, ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി. പ്രകാശ്ബാബു, വൈസ് പ്രസിഡന്റ് കെ.ടി. വിബിന്‍, സംസ്ഥാന സെക്രട്ടറി അജി തോമസ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബബീഷ് ഉണ്ണികുളം, പി. ഹരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.