റിയോയുടെ നാലാമൂഴം

Monday 5 March 2018 3:57 am IST
"undefined"

ന്യൂദല്‍ഹി: ബിജെപി നേതൃത്വത്തിലുള്ള എന്‍ഇഡിഎ (വടക്കു കിഴക്കന്‍ ജനാധിപത്യ സഖ്യം) നാഗാലാന്‍ഡില്‍ വീണ്ടും അധികാരത്തില്‍. ബിജെപി, നാഷണലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസ്സീവ് പാര്‍ട്ടി (എന്‍ഡിപിപി), നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി), ജനതാദള്‍ യുണൈറ്റഡ്, ഒരു സ്വതന്ത്രന്‍ എന്നിവരാണ് സഖ്യത്തിലുള്ളത്. 

എന്‍ഡിപിപി നേതാവ് നെഫ്യൂ റിയോ മുഖ്യമന്ത്രിയാകും. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവിനൊപ്പം ഗവര്‍ണര്‍ പി.ബി. ആചാര്യയെക്കണ്ട് റിയോ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. ഇത് നാലാം തവണയാണ് റിയോ മുഖ്യമന്ത്രിയാകുന്നത്. എന്‍പിഎഫിലുണ്ടായിരുന്നപ്പോഴാണ് മുന്‍പ് മൂന്ന് തവണ മുഖ്യമന്ത്രിയായത്. എന്‍പിഎഫ് പിളര്‍ത്തിയാണ് റിയോ എന്‍ഡിപിപിയിലെത്തിയത്. എന്‍പിഎഫ്-ബിജെപി സഖ്യമായിരുന്നു സംസ്ഥാനത്ത് അധികാരത്തിലുണ്ടായിരുന്നത്.

27 സീറ്റോടെ എന്‍പിഎഫ് വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ല. 2013ല്‍ ഒരു സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി ഇത്തവണ പന്ത്രണ്ടിലെത്തി. എന്‍ഡിപിപി 17 സീറ്റും എന്‍പിപി രണ്ടും സീറ്റുകള്‍ നേടി. ദേശീയതലത്തില്‍ എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമെന്നതും സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യവും കണക്കിലെടുത്ത് ബിജെപി സഖ്യത്തെ പിന്തുണക്കുന്നതായി ജെഡിയു അറിയിച്ചു.

 എന്‍പിപിയും എന്‍ഡിഎ സഖ്യത്തിലുണ്ട്. എന്‍പിഎഫ് വിജയിച്ചതായി പ്രഖ്യാപിച്ച ടെന്നിംഗ് മണ്ഡലത്തിലെ ഫലം തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. റിട്ടേണിംഗ് ഓഫീസര്‍ ഫലം തെറ്റായി പ്രഖ്യാപിക്കുകയാണുണ്ടായത്. ഇവിടെ എന്‍ഡിപിപി വിജയിച്ചതായി കമ്മീഷന്‍ അറിയിച്ചു. ഇതോടെ എന്‍ഡിഎ സഖ്യത്തിന് 32 പേരുടെ പിന്തുണയായി. 

 വികസനം നടപ്പാക്കുന്നതിനും നാഗാ പ്രശ്‌നം പരിഹരിക്കുന്നതിനും പരിഗണന നല്‍കുമെന്ന് റിയോ പറഞ്ഞു. നാഗാ കരാര്‍ എത്രയും പെട്ടെന്ന് നടപ്പാക്കേണ്ടതുണ്ട്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക താല്‍പര്യമുള്ളതിനാല്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ, റിയോ വ്യക്തമാക്കി. ബിജെപിക്ക് വലിയ മുന്നേറ്റമാണ് ഇത്തവണ തെരഞ്ഞെടുപ്പിലുണ്ടായത്. 

1.75 ശതമാനമായിരുന്ന വോട്ട് 15.3 ശതമാനമായി ഉയര്‍ന്നു. അതേ സമയം കനത്ത തിരിച്ചടി നേരിട്ട കോണ്‍ഗ്രസ്സിന്റെ വോട്ട് 15 ശതമാനത്തില്‍നിന്ന് 2.1 ശതമാനമായി കുറഞ്ഞു. സീറ്റൊന്നും ലഭിച്ചതുമില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.