യോഗിയെ നേരിടാന്‍ അഖിലേഷിനെ പിന്തുണച്ച് മായാവതി

Monday 5 March 2018 3:38 am IST

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍, ഫുല്‍പുര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ബദ്ധവൈരികള്‍ ഒന്നിക്കുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജനപ്രീതിക്കു മുന്നില്‍ ഒറ്റക്ക് ഒന്നും ചെയ്യാനില്ല എന്നുറപ്പായപ്പോള്‍ സമാജ് വാദി പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ ബഹുജന്‍ സമാജ് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ത്രിപുര അടക്കമുള്ള സംസ്ഥാനങ്ങളിലെ വിജയവും യുപി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും മായാവതി കരുതുന്നു. 

ഇരു മണ്ഡലങ്ങളിലേയും അഖിലേഷ് യാദവിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. ബിജെപിയെ  തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും, അഖിലേഷിന്റെ സ്ഥാനാര്‍ത്ഥിക്ക് എല്ലാ പിന്തുണയും ബിഎസ്പി നല്‍കുമെന്നും ബിഎസ്പി വക്താവ് അശോക് ഗൗതവും പറഞ്ഞു.

എന്നാല്‍ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിക്കുമെന്ന റിപ്പോര്‍ട്ട് തെറ്റാണെന്നും, തീരുമാനമായിട്ടില്ലെന്നും ലഖ്‌നൗവില്‍ മായാവതി അറിയിച്ചു. 

ഗോരഖ്പുര്‍, ഫുല്‍പുര്‍ മണ്ഡലങ്ങളില്‍ ഈ മാസം 11നാണ് തെരഞ്ഞെടുപ്പ്. 2019 പൊതു തെരഞ്ഞെടുപ്പിനു മുമ്പാകെയുള്ള റിഹേഴ്‌സലായാണ് ഇതിനെ കണക്കാക്കുന്നതെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു. ആദിത്യനാഥ് മുഖ്യമന്ത്രിയായും കേശവ് മൗര്യ പ്രസാദ് ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 

കോണ്‍ഗ്രസ്സിന്റെ സ്ഥിരം മണ്ഡലങ്ങളില്‍ ഒന്നായിരുന്നു ഫുല്‍പുര്‍. ജവഹര്‍ലാല്‍ നെഹ്‌റു അഞ്ചുതവണ തുടര്‍ച്ചയായി പാര്‍ലമെന്റിലേക്ക് ജയിച്ചിട്ടുണ്ട്.  2014ല്‍ കേശവ് മൗര്യ പ്രസാദ് ഇവിടെ ജയിച്ചത് കോണ്‍ഗ്രസ്സിന് വന്‍ തിരിച്ചടിയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.