തോല്‍വിയുടെ ഞെട്ടലില്‍ സിപിഎം: നേതാക്കള്‍ മൗനത്തില്‍

Monday 5 March 2018 3:37 am IST

കണ്ണൂര്‍: ത്രിപുരയിലെ കനത്ത തോല്‍വിയുടെ ഞെട്ടലില്‍ പാര്‍ട്ടി നേതാക്കള്‍ മൗനത്തില്‍.  25 വര്‍ഷക്കാലം പാര്‍ട്ടിയുടെ ഉരുക്കു കോട്ടയെന്ന് സ്വയം വിശേഷിപ്പിച്ച്  ബംഗാളിലെ പരാജയത്തിനു ശേഷം എന്തിനും ഏതിനും മാതൃകയാക്കി പാര്‍ട്ടി അണികള്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാട്ടിയ ത്രിപുരയിലെ പരാജയം വിശദീകരിക്കാനാവാതെ ഉഴലുകയാണ് പാര്‍ട്ടി നേതാക്കള്‍. 

35 വര്‍ഷക്കാലത്തോളം ഭരണം നടത്തി ഒടുവില്‍ മമതയ്ക്കു മുന്നില്‍ ബംഗാളിനെ അടിയറവു വെക്കേണ്ടി വന്നപ്പോള്‍പോലും പാര്‍ട്ടി ഇത്രയേറെ പ്രതിരോധത്തിലായിരുന്നില്ല. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലടക്കം ത്രിപുരയിലെ തോല്‍വി പാര്‍ട്ടി അണികളെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. 

സിപിഎമ്മിന് ശക്തിയുളള സ്ഥലങ്ങളില്‍ ബിജെപിക്ക് കടന്നു കയറാന്‍ കഴിയില്ലെന്നുളള പാര്‍ട്ടിയുടെ പ്രചാരണവും ത്രിപുരയിലെ ഫലത്തോടെ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ന്യൂനപക്ഷ-പിന്നോക്ക ഗോത്ര വിഭാഗങ്ങള്‍ക്കെതിരാണ് ബിജെപി പ്രചാരണവും അസ്ഥാനത്തായി. 

ത്രിപുരയിലെ പരാജയത്തിനെ തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളിലടക്കും സിപിഎമ്മിനെതിരെ ട്രോളുകള്‍ നിരന്നതോടെ പ്രതികരിക്കാന്‍ പോലും നില്‍ക്കാതെ നേതാക്കളടക്കം പലരും പിന്‍വാങ്ങിയ കാഴ്ചയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കണ്ടത്. 

പാര്‍ട്ടി അംഗങ്ങള്‍ മാത്രമുള്ള സോഷ്യല്‍ മീഡിയയയിലെ ഗ്രൂപ്പുകള്‍ പോലും പ്രത്യേകമായ ചര്‍ച്ചകളൊന്നുമില്ലാതെ നിര്‍ജ്ജീവാവസ്ഥയിലാണ്. 

മാണിക് സര്‍ക്കാരിന് ക്ലീന്‍ ഇമേജുണ്ടെന്നും ഇത് വോട്ടായി മാറുമെന്നും നാടുനീളെ പ്രസംഗിക്കുകയും അണികളെ ബോധ്യപ്പെടുത്തുകയും ചെയ്ത പാര്‍ട്ടി നേതാക്കള്‍ക്ക് മിണ്ടാട്ടമില്ല. 

ത്രിപുരയില്‍ ഭരണം പിടിക്കാമെന്നത് ബിജെപിയുടെ വ്യാമോഹമെന്നായിരുന്നു കഴിഞ്ഞ ഏതാനും ദിവസം മുമ്പ് കണ്ണൂരില്‍ സിപിഎം നടത്തിയ പൊതുയോഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ചത്. 

കോടിയേരിയുടെ പ്രസംഗം വലിയ പ്രധാന്യത്തോടെ പല മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഇന്നലെ കണ്ണൂരിലെത്തിയ കോടിയേരി ഇക്കാര്യവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.