കൊച്ചി: ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകന് ഡേവിഡ് ജെയിംസുമായുള്ള കരാര്‍ ക്ലബ് അധികൃതര്‍ പുതുക്കി. പുതിയ കരാര്‍ അനുസരിച്ച് 2021 വരെ ഡേവിഡ് ബ്ലാസ്റ്റേഴ്സിന്റെ കോച്ചായി തുടരും.
റെനെ മ്യൂലെന്സ്റ്റീനുപകരം ഇക്കഴിഞ്ഞ ജനുവരിയിലാണ് ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുത്തത്. അസിസ്റ്റന്റ് കോച്ച് ഹെര്‍മന്‍ ഹ്രിഡാര്സണ്ണിന്റെയും കാലാവധി നീട്ടികൊണ്ടു കരാറില്‍ ഒപ്പുവച്ചു.
‘കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി തന്നെ വീണ്ടും തിരഞ്ഞെടുത്തതില്‍ ടീമിനോട് നന്ദിയുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച പിന്തുണയുള്ള ഒരു ഫുട്ബോള്‍ ടീമിന്റെ തലപ്പത്തിരിക്കുവാനും ഐഎസ്എല്‍ സീസണില്‍ മറ്റേതൊരു ടീമിനോടും മത്സരിക്കാന്‍ കെല്‍പ്പുള്ള ഒരു ടീമിനെ നയിക്കുവാനും കഴിഞ്ഞതില്‍ അഭിമാനമുണ്ട്’ ഡേവിഡ് ജെയിംസ് പ്രതികരിച്ചു. ‘ക്ലബ് അംഗങ്ങളും ഞാനും ഫീല്‍ഡിലും പുറത്തും പ്രകടനം മെച്ചപ്പെടുത്താന്‍ ബാധ്യസ്ഥരാണ്. ആരാധകരുടെ പിന്തുണയോടെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മികച്ചതാക്കാന്‍ ഊന്നല്‍ നല്‍കും. ടീമിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സാധിക്കുമെന്നതില്‍ സംശയമില്ല’ ഡേവിഡ് ജെയിംസ് പറഞ്ഞു.
സൂപ്പര്‍ കപ്പില്‍ മികച്ച പ്രകടനം നടത്തി ബ്ലാസ്റ്റേഴ്സിന് എഎഫ്സി കപ്പിലേക്ക് യോഗ്യത നേടിക്കൊടുക്കുകയാണ് പ്രധാന ലക്ഷ്യമെന്നും ജെയിംസ് പറഞ്ഞു.
‘ഡേവിഡ് ജെയിംസ് കാലാവധി നീട്ടുവാന്‍ കരാറില്‍ ഒപ്പിട്ടതില്‍ ടീമിലെ എല്ലാവര്ക്കും അതീവ സന്തോഷമുണ്ട്’ കേരളാ ബ്ലാസ്റ്റേഴ്സ് സിഇഒ വരുണ്‍ ത്രിപുരനേനി പറഞ്ഞു. ക്ലബ്ബിനു മറ്റെങ്ങുമില്ലാത്ത ആത്മവീര്യമാണ് ഡേവിഡ് ജെയിംസ് നല്‍കുന്നത്. വരുന്ന സീസണുകളിലും ഡേവിഡ് ജയിംസിന്റെ ശിക്ഷണത്തില്‍ കളിക്കളത്തിലിറങ്ങാനാണ് ടീം കാത്തിരിക്കുന്നത്, വരുണ്‍ ത്രിപുരനേനി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: