മുക്കാല്‍ ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ്മാര്‍ക്ക് നഷ്ടമാകും

Monday 5 March 2018 4:25 am IST

കൊച്ചി: ജൂനിയര്‍ റെഡ്‌ക്രോസില്‍ അംഗങ്ങളായ മുക്കാല്‍ ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഇക്കുറി ഗ്രേസ്മാര്‍ക്ക് നഷ്ടമാകും. റെഡ്‌ക്രോസ് സൊസൈറ്റിയുടെ ഭരണം പിടിച്ചെടുക്കാനുള്ള ഇടത് നീക്കമാണ് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചിടിയായത്. ഭരണം പിടിക്കാന്‍ ഇടത് സര്‍ക്കാറും നിലനിര്‍ത്താന്‍ റെഡ്‌ക്രോസ് സൊസൈറ്റിയും നിയമവഴികള്‍ തേടിയതോടെ എസ്എസ്എല്‍സി പരീക്ഷയ്ക്ക് മുമ്പ് നടത്തേണ്ട സി ലെവല്‍ പരീക്ഷ രണ്ടുതവണ മുടങ്ങി. മാര്‍ച്ച് ഏഴുമുതല്‍ എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കാനിരിക്കെ സി ലെവല്‍ പരീക്ഷ ഇനി നടത്താനാകുമോയെന്നാണ് ആശങ്ക.

അഴിമതി ആരോപണങ്ങളുന്നയിച്ചാണ് റെഡ്‌ക്രോസ് സൊസൈറ്റി ഭരണസമിതിയെ സര്‍ക്കാര്‍ പിരിച്ചുവിട്ടത്. സൊസൈറ്റിയുടെ തലപ്പത്ത് കോണ്‍ഗ്രസ്, ബിജെപി അനുഭാവമുള്ളവരാണുണ്ടായിരുന്നത്. ഇവരെ ഒഴിവാക്കി, ഭരണം പിടിച്ചെടുക്കാനുള്ള നീക്കമാണ് കുഴപ്പങ്ങള്‍ക്ക് കാരണമായതെന്നാണ് ആരോപണം. സാധാരണ എല്ലാവര്‍ഷവും ഒക്ടോബറില്‍ റെഡ്‌ക്രോസ് സൊസൈറ്റിയാണ് സി ലെവല്‍ പരീക്ഷ നടത്തിയിരുന്നത്. സൊസൈറ്റിയെ പിരിച്ചുവിട്ടതോടെ പരീക്ഷാ നടത്തിപ്പ് അവതാളത്തിലായി. ഇതിനിടെ ഫെബ്രുവരി മൂന്നിന് പരീക്ഷ നടത്താനുള്ള സര്‍ക്കാര്‍ നീക്കം റെഡ്‌ക്രോസ് സൊസൈറ്റി ഭാരവാഹികളുടെ ഇടപെടലിനെ തുടര്‍ന്ന് കോടതി തടഞ്ഞു. ഇരുകൂട്ടരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായത്.

എട്ടാം ക്ലാസ് മുതലാണ് സന്നദ്ധ പ്രവര്‍ത്തനത്തിന് താത്പര്യമുള്ള കുട്ടികളെ ജൂനിയര്‍ റെഡ്‌ക്രോസ് അംഗങ്ങളാക്കുന്നത്. എട്ടാം ക്ലാസിലെ എ ലെവല്‍ പരീക്ഷയും ഒന്‍പതാം ക്ലാസിലെ ബി ലെവല്‍ പരീക്ഷയും പാസായാല്‍ പത്താംക്ലാസില്‍ സി ലെവല്‍ പരീക്ഷ എഴുതാം. ഇത് പാസായാല്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് 10 മാര്‍ക്ക് ഗ്രേസ്മാര്‍ക്കായി ലഭിക്കും. പരീക്ഷ മുടങ്ങിയതോടെ വിദ്യാര്‍ത്ഥികളുടെ ഗ്രേസ് മാര്‍ക്കിനുള്ള സാധ്യതകള്‍ ഇല്ലാതായി. 

പരീക്ഷ മുടങ്ങിയ വിദ്യാര്‍ത്ഥികളില്‍ ചിലരും നിയമ നടപടികളുമായി മുന്നോട്ടുപോയിട്ടുണ്ട്. ഈ കേസ് കോടതി ആറിന് പരിഗണിക്കും.

ബാലാവകാശ കമ്മീഷനെ സമീപിക്കും: അദ്ധ്യാപക പരിഷത്ത്

കൊച്ചി: റെഡ്‌ക്രോസ് സൊസൈറ്റിയും ഇടത് സര്‍ക്കാറും തമ്മിലുള്ള തര്‍ക്കത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ്മാര്‍ക്ക് നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കാന്‍ ബാലാവകാശ കമ്മീഷനെ സമീപിക്കുമെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ടിയു) ജനറല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍ അറിയിച്ചു. ഗ്രേസ്മാര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് അവകാശപ്പെട്ടതാണ്. തര്‍ക്കത്തിന്റെ പേരില്‍ അതില്ലാതാക്കുന്നത് ബാലാവകാശത്തിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.