ഇസ്മയില്‍ പക്ഷം പിന്മാറി, കാനം തുടരും

Monday 5 March 2018 4:24 am IST

മലപ്പുറം: സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ തുടരും. ഇന്നലെ സമാപിച്ച സംസ്ഥാന സമ്മേളനത്തിലാണ് കാനത്തിനെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തത്.

സംസ്ഥാന കൗണ്‍സിലിലെ അംഗസംഖ്യ 89 ല്‍ നിന്ന് 96 ആയി ഉയര്‍ത്തി. കാന്‍ഡിഡേറ്റ് അംഗങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ഒമ്പതില്‍ നിന്ന് പത്താക്കി. 

സി.ദിവാകരനെ സെക്രട്ടറിസ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ കെ.ഇ. ഇസ്മായില്‍ പക്ഷം ശ്രമിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മത്സരമുണ്ടായാല്‍ അത് നിലവിലെ പാര്‍ട്ടിയുടെ ഇമേജിന് ബാധിക്കുമെന്ന കേന്ദ്രത്തിന്റെ നിര്‍ദ്ദേശം ഉണ്ടായി. ഇതോടെ സി. ദിവാകരന്‍ മത്സരിക്കാനാകില്ലെന്ന് നിലപാടെടുത്തു. തുടര്‍ന്നാണ് കാനത്തെ ഐകണ്‌ഠേന തെരഞ്ഞെടുത്തത്.

സംസ്ഥാന സമ്മേളനത്തില്‍ ഏറെ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങളും ഉയര്‍ത്തിയ  കണ്‍ട്രോള്‍ കമ്മീഷനെ അടിമുടി മാറ്റി. ഒമ്പതംഗങ്ങളുള്ള കമ്മീഷനില്‍ പുതിയ ആറ് പേരെ കൊണ്ടുവന്നാണ് പുന:സംഘടിപ്പിച്ചത്. 

കമ്മീഷന്‍ ചെയര്‍മാനായിരുന്ന വെളിയം രാജനെ പ്രായാധിക്യത്തിന്റെ പേരില്‍ സംസ്ഥാന കൗണ്‍സിലില്‍ നിന്നും കൊല്ലം ജില്ലാ ഗ്രൂപ്പില്‍ നിന്നും ഒഴിവാക്കി. ഇ. ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചതിനെ തുടര്‍ന്നായിരുന്നു വെളിയം രാജന്‍ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആയത്. കമ്മിഷന്‍ സെക്രട്ടറി എ.കെ. ചന്ദ്രനെയും മാറ്റി.

 സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെ എണ്ണം 86 ല്‍ നിന്ന് 97 ആയി ഉയര്‍ത്തിയതോടെ 26 പുതുമുഖങ്ങള്‍ അംഗങ്ങളായി. പഴയ കൗണ്‍സിലില്‍ നിന്ന് 18 പേര്‍ ഒഴിവായി.  പ്രായാധിക്ക്യത്തെ തുടര്‍ന്ന് മുന്‍ രാജ്യസഭാംഗം എം.പി. അച്യുതനെയും ആരോപണങ്ങളെ തുടര്‍ന്ന് കാനത്തിന്റെ അനുയായി വാഴൂര്‍ സോമന്‍(ഇടുക്കി)യും ഒഴിവാക്കി.  കൗണ്‍സില്‍ അംഗങ്ങളെ നിശ്ചയിക്കുന്ന ജില്ലാ ഗ്രൂപ്പ് യോഗത്തില്‍ തര്‍ക്കത്തെ തുടര്‍ന്ന് എറണാകുളത്ത് മത്സരം നടന്നു.  

ഔദ്യോഗിക പക്ഷത്തിനെതിരെ മത്സരിച്ച കാനത്തിന്റെ അനുചരന്മാരായ കെ.എം. ദിനകരനും വി.കെ. ശിവനും പരാജയപ്പെട്ടു. ജില്ലയിലെ ഇസ്മയില്‍ പക്ഷക്കാരായ ബാബുപോളും എം.ടി. നിക്‌സനും വിജയിച്ചു. ഇത് കാനത്തിന് കനത്ത തിരിച്ചടിയായി.

പാലക്കാട്, വയനാട് ജില്ലകളിലും രൂക്ഷമായ തര്‍ക്കമുണ്ടായെങ്കിലും സമവായത്തിലെത്തി. പാലക്കാട് നിന്നുള്ള ഈശ്വരി രേശന് പകരം കെ. മല്ലികയെ കാന്‍ഡിഡേറ്റ് അംഗമാക്കിയതാണ് തര്‍ക്കം ഉയര്‍ന്നത്. മന്ത്രിയാകാന്‍ ഗോഡ്ഫാദര്‍മാരില്ലെന്നടക്കമുളള പ്രശ്‌നങ്ങളെ തുടര്‍ന്ന് സംസ്ഥാന കൗണ്‍സില്‍ നിന്ന് തരംതാഴ്തിയ ഇടുക്കിയിലെ ഇ.എസ്. ബിജിമോള്‍ എംഎല്‍എ കൗണ്‍സിലില്‍ ഇടംപിടിച്ചു. ഇതോടെ വനിതാ പ്രാതിനിധ്യം 10ല്‍ നിന്ന് 13 ആയി. കാന്‍ഡിഡേറ്റ് അംഗങ്ങളായി പത്ത് പേരും ഇടംപിടിച്ചു.

മാണി എങ്ങോട്ടെന്ന് ആര്‍ക്കറിയാമെന്ന് കാനം

മലപ്പുറം: വിശാല മതേതര ജനാധിപത്യ ഇടതുപക്ഷ വേദിയാണ് ആവശ്യമെന്ന നിലപാടില്‍ ഉറച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രണ്ടാംവട്ടവും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലം മതേതര ജനാധിപത്യ മുന്നണിയാണ് സൂചിപ്പിക്കുന്നത്. വിശാലമായ ചെറുത്തുനിനില്പാണ് സിപിഐ മുന്നോട്ടുവയ്ക്കുന്നത്. എല്‍ഡിഎഫ് പ്രകടന പത്രികിയില്‍ പറഞ്ഞിരിക്കുന്ന ഒന്നിനും ഞങ്ങള്‍ എതിര് നില്‍ക്കില്ല. മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് യാതൊരു തരത്തിലുള്ള ചര്‍ച്ചയും സമ്മേളനത്തില്‍ ഉണ്ടായിട്ടില്ല. മന്ത്രിമാരുടെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള വിമര്‍ശനങ്ങള്‍ പരിശോധിക്കും. കെ.എം. മാണിയെ എല്‍ഡിഎഫിലേക്ക് എടുക്കുമോ എന്ന ചോദ്യത്തിന് മാണി എങ്ങോട്ടാണ് പോവുകയെന്ന് ആര്‍ക്കറിയാം എന്നായിരുന്നു മറുപടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.