വനവാസി വനിതാ നേതാവ് ഈശ്വരി രേശന്‍ സിപിഐ സംസ്ഥാന കമ്മറ്റിക്ക് പുറത്ത്

Monday 5 March 2018 4:21 am IST
"undefined"

അഗളി: അട്ടപ്പാടിയില്‍ നിന്നുള്ള  വനവാസി വനിത നേതാവ് ഈശ്വരി രേശനെ  സി.പി.ഐ സംസ്ഥാന കമ്മറ്റിയില്‍ നിന്നും ഒഴിവാക്കി. കെ. ഇ. ഇസ്മയില്‍ പക്ഷക്കാരിയായി  അറിയപ്പെടുന്ന ഈശ്വരിയോട്  ജില്ലാസെക്രട്ടറിക്കുള്ള  ശത്രുതയും സ്ഥാനം നഷ്ടപ്പെടുന്നതിന് കാരണമായി. സിപിഐ മുന്‍ ജില്ലാസെക്രട്ടറി വിജയന്‍ കുനിശ്ശേരിയുടെ ഭാര്യ മല്ലികയാണ് ജില്ലയില്‍ നിന്നുള്ള പുതിയ വനിത അംഗം.

995ല്‍ കേരളത്തിലെ  ആദ്യത്തെ വനവാസി വനിത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ ഈശ്വരി രേശന്‍ പിന്നാക്ക ജനവിഭാഗങ്ങള്‍ക്കിടയിലെ  ഇടതുപക്ഷത്തിന്റെ ജനകീയമുഖംകൂടിയാണ്. 2012 മുതല്‍ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തംഗമായ അവര്‍ ഇക്കുറി വീണ്ടും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

കാനം പക്ഷക്കാരനും  അട്ടപ്പാടിയില്‍ നിന്നുള്ള ജില്ല പഞ്ചായത്തംഗവും മണ്ഡലം സെക്രട്ടറിയുമായ സി.രാധാകൃഷ്ണന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഈശ്വരിയെ ഒഴിവാക്കിയതെന്നാണ് ആരോപണം. എന്നാല്‍ ഭൂമി കച്ചവടമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സിപിഐ ജില്ലാ സെക്രട്ടറി സുരേഷ് രാജിനെതിരെയുള്ള ശക്തമായ നിലപാടുകളിലൂടെ ഇവര്‍ ഇപ്പോഴത്തെ ജില്ലാനേതൃത്വത്തിന്റ കണ്ണിലെ കരടായിമാറിയിരുന്നു.

സംസ്ഥാന കൗണ്‍സിലിലേക്കുള്ള അംഗങ്ങളെ നിര്‍ദേശിക്കുന്നത് ജില്ലയില്‍ നിന്നുള്ള പ്രതിനിധികളാണ്. ഈശ്വരിക്കു പകരം മല്ലികയുടെ പേരാണ് പ്രതിനിധികള്‍ നിര്‍ദേശിച്ചത്.ഈശ്വരിയെ ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരെ അട്ടപ്പാടിയില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധം അറിയിച്ചെങ്കിലും സുരേഷ് രാജ് പക്ഷത്തിന് ഭൂരിപക്ഷമുള്ള കമ്മിറ്റിയില്‍ ഇത് വിലപ്പോയില്ല. ഈശ്വരി രേശന്റെ സ്ഥാന നഷ്ടം അട്ടപ്പാടിയിലെ സിപിഐക്കകത്ത് കടുത്ത പ്രതിസന്ധിക്ക് വഴിതുറക്കും. വനവാസി വിഭാഗത്തോടുള്ള ഇടതുപക്ഷ പാര്‍ട്ടികളുടെ കപടമുഖം ഇതോടെ പൊതുസമൂഹത്തില്‍ ചര്‍ച്ചയാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.