മേഘാലയയും നാഗാലാന്‍ഡും ബിജെപിക്കൊപ്പം

Monday 5 March 2018 4:45 am IST
"undefined"

ന്യൂദല്‍ഹി: നാഗാലാന്‍ഡിലും മേഘാലയയിലും ബിജെപി നേതൃത്വത്തിലുള്ള എന്‍ഇഡിഎ (വടക്കു കിഴക്കന്‍ ജനാധിപത്യ സഖ്യം) സര്‍ക്കാര്‍ രൂപീകരിക്കും. രണ്ട് സംസ്ഥാനങ്ങളിലും ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. പ്രാദേശിക പാര്‍ട്ടികള്‍ ബിജെപിയെ പിന്തുണക്കാന്‍ തീരുമാനിച്ചതോടെയാണ് രാഷ്ട്രീയ അനിശ്ചിതാവസ്ഥ അവസാനിച്ചത്. നാഗാലാന്‍ഡില്‍ നാഷണലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസ്സീവ് പാര്‍ട്ടി (എന്‍ഡിപിപി) യുടെ നെഫ്യൂ റിയോയും മേഘാലയയില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) നേതാവ് കൊണ്‍റാഡ് സാംഗ്മയും മുഖ്യമന്ത്രിമാരാകും. സാംഗ്മ നാളെ സത്യപ്രതിജ്ഞ ചെയ്യും. ബിജെപി വന്‍ വിജയം നേടിയ ത്രിപുരയില്‍ മുഖ്യമന്ത്രിയെ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 

 എന്‍പിപി, എച്ച്എസ്പിഡിപി, പിഡിഎഫ്, യുഡിപി തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളാണ് മേഘാലയയില്‍ ബിജെപിക്കൊപ്പമുള്ളത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാത്തത് കോണ്‍ഗ്രസ്സിന് വലിയ തിരിച്ചടിയാണ്. നേരത്തെ ഗോവയിലും മണിപ്പൂരിലും ഇതേ പരാജയം പാര്‍ട്ടി നേരിട്ടിരുന്നു. ഫലം വന്നയുടന്‍ മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേലിനെയും കമല്‍നാഥിനെയും ഷില്ലോങ്ങിലേക്ക് അയച്ചെങ്കിലും കാര്യമുണ്ടായില്ല. ഇവര്‍ പ്രാദേശിക പാര്‍ട്ടികളുമായി ബന്ധപ്പെട്ടെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ല. നിര്‍ണായക സമയത്ത് പാര്‍ട്ടി അധ്യക്ഷനായ രാഹുല്‍ ഇറ്റലിക്ക് പറന്നതും പരിഹാസ്യമായി. മേഘാലയയില്‍ ഭരണം നഷ്ടപ്പെടുന്നത് ദേശീയതലത്തില്‍ത്തന്നെ പാര്‍ട്ടിക്ക് ക്ഷീണമാണ്. കേന്ദ്ര മന്ത്രിമാരായ അല്‍ഫോണ്‍സ് കണ്ണന്താനവും കിരണ്‍ റിജ്ജുവുമാണ് ബിജെപിക്കായി ചരട് വലിച്ചത്. 

 നാഗാലാന്‍ഡില്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ടാ (എന്‍പിപി)ണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും നാഷണലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസ്സീവ് പാര്‍ട്ടി (എന്‍ഡിപിപി), നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി), ജനതാദള്‍ യുണൈറ്റഡ് തുടങ്ങിയ പാര്‍ട്ടികളുടെ സഹകരണത്തോടെയാണ് ബിജെപി സര്‍ക്കാരുണ്ടാക്കുന്നത്. നാലാം തവണയാണ് റിയോ മുഖ്യമന്ത്രിയാകുന്നത്. എന്‍പിഎഫ് നേതാവായിരുന്ന റിയോ പാര്‍ട്ടി പിളര്‍ത്തിയാണ് എന്‍ഡിപിപിയിലെത്തിയത്. എന്‍പിഎഫ്-ബിജെപി സഖ്യമായിരുന്നു സംസ്ഥാനത്ത് അധികാരത്തിലുണ്ടായിരുന്നത്. 

 ബിജെപിക്ക് അപ്രാപ്യമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിധിയെഴുതിയിരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ മുഴുവനായും പാര്‍ട്ടി കീഴടക്കുകയാണിപ്പോള്‍. അസം, മണിപ്പൂര്‍, ത്രിപുര, അരുണാചല്‍ ബിജെപിയും നാഗാലാന്‍ഡ്, മേഘാലയ, സിക്കിം ബിജെപി സഖ്യവും ഭരിക്കുന്നു. അടുത്ത പൊതുതെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സിക്കിം പിടിച്ചെടുക്കാനുള്ള പരിശ്രമത്തിലാണ് ബിജെപി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.