സുഗതന്റെ ആത്മഹത്യ : എഐവൈഎഫിനെതിരെ മുഖ്യമന്ത്രി

Monday 5 March 2018 10:43 am IST

തിരുവനന്തപുരം:  സിപിഐക്കാരുടെ ഭീഷണിമൂലം ഇളമ്പലില്‍ പ്രവാസി സംരംഭകന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സുഗതന്റെ മരണം ദൗര്‍ഭാഗ്യകരമാണെന്നു പറഞ്ഞ മുഖ്യമന്ത്രി വര്‍ക്ക് ഷോപ്പ് നിര്‍മ്മാണം തടസ്സപ്പെടുത്തി എഐവൈഎഫ് കൊടി നാട്ടിയതിനാലാണ് അദ്ദേഹം ജീവനൊടുക്കിയ്തെന്നും വ്യക്തമാക്കി.

നിയമലംഘനത്തിന്റെ പേരില്‍ ആരേയും നിയമം കയ്യിലെടുക്കാന്‍  അനുവദിക്കില്ലെന്ന് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഓരോ പാര്‍ട്ടിയുടെയും വിലപ്പെട്ട സ്വത്താണ് കൊടിയെന്നും അത് എവിടെയെങ്കിലും കൊണ്ടുപോയി നാട്ടുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എഐവൈഎഫ് രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നുവെന്ന് സുഗതന്റെ മകന്‍ പറഞ്ഞിരുന്നുവെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചു.

സുഗതന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് എഐവൈഎഫ് നേതാക്കള്‍ പോലീസില്‍ കീഴടങ്ങിയിരുന്നു. തങ്ങളല്ല സുഗതന്റെ മരണത്തിന് ഉത്തരവാദികളെന്നും നിയംമലംഘനം നടത്താന്‍ കൂട്ടുനിന്ന സര്‍ക്കാര്‍ ജീവനക്കാരും പഞ്ചായത്ത് അധികാരികളുമാണ് എന്നായിരുന്നു എഐവൈഎഫ് വാദം. സുഗതന്‍ വര്‍ക്ക് ഷോപ്പ് തുടങ്ങുന്നതിന് വിളക്കുടി പഞ്ചായത്ത് പ്രസിഡന്റിന് പണം നല്‍കിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വിജയനെ ചോദ്യം ചെയ്തിരുന്നു.

എന്നാല്‍ ബന്ധുക്കളുടെ ആരോപണം സ്ഥിരീകരിക്കാനായില്ല. ഇതോടെയാണ് വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു. പ്രസിഡന്റിന്റെ വാക്കാലുള്ള ഉറപ്പിലാണ് സുഗതന്‍ വര്‍ക്ക് ഷോപ്പ് നിര്‍മ്മിച്ചത്. ഉദ്ഘാടന വേളയില്‍ പഞ്ചായത്ത് അനുമതി നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. പഞ്ചായത്ത് സെക്രട്ടറിക്കും ഇത് സംബന്ധിച്ച അറിവുണ്ടായിരുന്നതായി ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.