പുസ്തകങ്ങള്‍ ചൈനയോട് യുദ്ധംചെയ്യും

Monday 5 March 2018 12:46 pm IST
മനുഷ്യവിരുദ്ധവും വെറുപ്പിന്റെ തത്വശാസ്ത്രവുമായ കമ്യൂണിസത്തിന്റെ പൈശാചിക വിനോദമായിരുന്നു അറിവിനേയും അക്ഷരങ്ങളേയും എഴുത്തുകാരേയും തടവിലാക്കുകയും കൊല്ലുകയുമെന്നത്. മനുഷ്യ സ്‌നേഹത്തെക്കുറിച്ചു മഹത്തായി പറയുകയും അവകാശ സ്വാതന്ത്ര്യങ്ങളെക്കുറിച്ച് വാചാലമാകുകയും ചെയ്ത് അധികാരത്തിലെത്തുമ്പോള്‍ അവയ്ക്കുമീതെ മൃഗാധിപത്യം സ്ഥാപിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്.
"undefined"

    

ഹൈ ടെക് മുലാളിത്തത്തിന്റെ ചിറകിലേറി പറക്കുന്ന ചൈനീസ് കമ്യൂണിസത്തിന്റെ പ്രാകൃതമനസുകള്‍ക്കേ പുസ്തകവും അക്ഷരവും നിരോധിച്ചു അറിയാനുള്ള അവകാശങ്ങളേയും വായനയുടെ പ്രസരിപ്പിനേയും തുറക്കുന്ന ലോക ജാലകങ്ങളെ അടച്ചിടാന്‍ പററൂ. ഇംഗ്‌ളീഷ് നോവലിസ്റ്റ് ജോര്‍ജ് ഓര്‍വെലിന്റെ അനിമല്‍ ഫാം, 1984 എന്നീ നോവലുകളേയും ഇംഗ്‌ളീഷിലെ എന്‍ അക്ഷരത്തേയും നിരോധിച്ചുകൊണ്ടാണ് ഈ മണ്ടന്മാര്‍ തങ്ങളുടെ ഇരുണ്ടലോകത്ത് ഒളിച്ചിരിക്കാമെന്ന് കരുതുന്നത്. കമ്യൂണിസത്തിനു എതിരെന്ന പേരിലാണ് ഓര്‍വെലിന്റെ നോവലുകള്‍ നിരോധിക്കുന്നത്. അക്ഷര നിരോധത്തിനു പിന്നിലെ കാരണം വ്യക്തമല്ല. ഷീ ജിന്‍പിങ്ങിന്റെ പ്രസിഡന്റു പദവി ആജീവനാന്തമാക്കുന്നതിന്റെ പദ്ധതികള്‍ നടന്നുകൊണ്ടിരിക്കെയാണ് ലോകത്തെ ഞെട്ടിക്കുന്ന നിരോധനം ഉണ്ടായിരിക്കുന്നത്. 

      മനുഷ്യവിരുദ്ധവും വെറുപ്പിന്റെ തത്വശാസ്ത്രവുമായ കമ്യൂണിസത്തിന്റെ പൈശാചിക വിനോദമായിരുന്നു അറിവിനേയും അക്ഷരങ്ങളേയും എഴുത്തുകാരേയും തടവിലാക്കുകയും കൊല്ലുകയുമെന്നത്. മനുഷ്യ സ്‌നേഹത്തെക്കുറിച്ചു മഹത്തായി പറയുകയും അവകാശ സ്വാതന്ത്ര്യങ്ങളെക്കുറിച്ച് വാചാലമാകുകയും ചെയ്ത് അധികാരത്തിലെത്തുമ്പോള്‍ അവയ്ക്കുമീതെ മൃഗാധിപത്യം സ്ഥാപിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്. പുസ്തകങ്ങള്‍ ചുട്ടെരിച്ചും എഴുത്തുകാരെ കൊന്നൊടുക്കിയും കമ്യൂണിസമെന്ന നരകത്തെ പരിപാലിച്ചുപോന്നതിന്റെ ചരിത്രമാണ് റഷ്യയ്ക്കും ചൈനയ്ക്കും പോളണ്ടിനും അല്‍ബേനിയയ്ക്കും കംമ്പോഡിയയ്ക്കുമൊക്കെ പറയനുണ്ടായിരുന്നത്. ചൈന സാമ്പത്തികമായി വളരുകയും ശാസ്ത്ര സാങ്കേതികമായി ഉയരുകയും വിപ്‌ളവത്തിന്റേയും അധ്വാനത്തിന്റേയും പേരുപറയുകയും ചെയ്തുകൊണ്ട് ജ്ഞാന സ്രോതസുകളെ കൈയ്യാമം വയ്ക്കുന്നതിലേക്കും വളരുമെന്നും ലോകം ഭയന്നിരുന്നു. അതിന്റെ  പലവിധ പതിപ്പുകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.

 

"undefined"

സത്യം പറയുന്ന എഴുത്തുകാരെ എന്നും ഭയമായിരുന്നു ലോകത്തിന്, പ്രത്യേകിച്ച് കമ്യൂണിസ്റ്റുകള്‍ക്ക്. ഓര്‍വെലിന്റെ അനിമല്‍ ഫാമിനേയും 1984നേയും ഇത്തരക്കാരുടെ ലോകം അന്നും ഭയന്നിരുന്നു. ലോകം കൂടുതല്‍ സുതാര്യമായിട്ടും ഇന്നും ഭയക്കുന്നു. മനുഷ്യവിരുദ്ധമായ കമ്യൂണിസത്തിന്റേയും ഏകാധിപത്യത്തിന്റേയും കടുത്ത വിരോധിയാണ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ ജോര്‍ജ് ഓര്‍വെല്‍. 1917ലെ റഷ്യന്‍ വിപ്‌ളവത്തേയും ഏകാധിപതി ജോസഫ് സ്റ്റാലിനേയുമാണ് കടുത്ത ഭാഷയില്‍ നോവലില്‍ വിമര്‍ശിക്കുന്നത്. സ്റ്റാലിന്‍ ഒരു മൃഗമാണെന്നുപോലും നോവല്‍ വായിക്കെ  തോന്നാം. സ്പാനിഷ് ആഭ്യന്തര യുദ്ധത്തിന്റെ അനുഭവ പശ്ചാത്തലത്തിലാണ് അനിമല്‍ ഫാം രചിക്കപ്പെട്ടത്. ഷി പിങ്ങ് മറ്റൊരു സ്റ്റാലിനായി ചൈനയ്ക്കു തോന്നിയിരിക്കാം. എന്നാല്‍ ഒരു പ്രതിവിധിയേയുള്ളൂ, പുസ്തകം നിരോധിക്കുക എന്ന്.

         1943 നവംബറില്‍ തുടങ്ങി 44 ഫെബ്രുവരിയില്‍ ഓര്‍വെല്‍ അനിമല്‍ ഫാം എഴുതിത്തീര്‍ത്തു. 1945 ആഗസ്റ്റില്‍ ഇംഗ്‌ളണ്ടിലായിരുന്നു ആദ്യ പ്രസിദ്ധീകരണം. തുടക്കത്തില്‍ യുഎസും യുകെയും ഉള്‍പ്പെടെ അനേകം പ്രസാധകര്‍ മടിച്ചിരിക്കെയായിരുന്നു നോവലിന്റെ ഇങ്ങനെയൊരു പ്രസാധനം. പ്രമേയമാണ് നോവലിനെ ചൂടപ്പമാക്കിയത്. പിന്നീടത് ലോകത്തില്‍ ചൂടോടെ വില്‍ക്കപ്പെടുകയും വന്‍ ചര്‍ച്ചയാകുകയും ചെയ്തു.

        അതീവ പ്രവചനപരമാണ് 1984. പതിറ്റാണ്ടുകള്‍ക്കു മുന്‍പു രചിച്ച ഈ നോവല്‍ 84 ല്‍ ലോകം ഇങ്ങെയൊക്കെ ആകുമെന്ന് പരോക്ഷമായി പറയുകയായിരുന്നു. അതിനു മുന്‍പേ അതിലെ കാര്യങ്ങള്‍ പലതും ലോകത്ത് സംഭവിച്ചിരുന്നു. നിങ്ങള്‍ ക്യാമറയുടെ നിരീക്ഷണത്തിലാണ് എന്നു പറയും പോലെ നിങ്ങള്‍ വലിയ ബോസിന്റെ നിരീക്ഷണത്തിലാണെന്ന് ഈ നോവല്‍ കടുത്ത ഭാഷയില്‍ പറയുന്നുണ്ട്. മനുഷ്യന്റെമേല്‍ ഏറ്റവും  മനുഷ്യവിരുദ്ധരായ ഏകാധിപതികളുടെ ചെകുത്താന്‍ കണ്ണുകള്‍ പതിയുന്നതിന്റെ ക്ഷുദ്രതകളാണ് നോവലില്‍.

       

"undefined"
ഷീ പിങ്ങ് ചൈനയുടെ രണ്ടാം മാവോ ആയിക്കൊണ്ടിരിക്കുകയാണ്. മാവോ ദൈവമായിക്കൊണ്ട് ആജീവനാന്ത പ്രസിഡന്റുകൂടി ആകുകയാണ് ഷീ. കുറെ മാസങ്ങള്‍ക്കു മുന്‍പ് ചൈനയിലെ ചില ഗ്രാമങ്ങളില്‍ ഹിറ്റ്‌ലറുടെ ഗെസ്റ്റപ്പോയെപ്പോലെ ഷീയുടെ ഉദ്യോഗസ്ഥര്‍ അവിടത്തെ കുടുംബങ്ങളിലെ ബൈബിളുകളും ക്രിസ്തു രൂപങ്ങളും എടുത്തു മാറ്റി ഇനിമുതല്‍ ഷീയാണ് നിങ്ങളുടെ കാര്‍ത്താവ് എന്നു പറഞ്ഞ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ അവിടെ നാട്ടുകയായിരുന്നു. ശേഷം എന്തെല്ലാം ചൈനയില്‍ സംഭവിക്കാമെന്ന ആശങ്കയിലായിരുന്നു ലോകം. അത്തരം വലിയ ഭയപ്പെടുത്തലിന്റെ എരിതീയിലേക്കാണ് പുസ്തകങ്ങളും അക്ഷരങ്ങളും ഇപ്പോള്‍ ദഹിക്കാന്‍ തുടങ്ങുന്നത്. പക്ഷേ പുസ്തകങ്ങള്‍ ചൈനയോട് യുദ്ധം ചെയ്തുകൊണ്ടേയിരിക്കും.   

           വിശക്കുന്ന മനുഷ്യാ പുസ്തകം കൈയ്യിലെടുക്കൂവെന്ന ജര്‍മന്‍ എഴുത്തുകാരന്‍ ബ്രഹതിന്റെ വാക്കുകള്‍ കമ്യൂണിസ്റ്റുകാര്‍ ലോകം മുഴുവന്‍ വലിയ വായില്‍ പറഞ്ഞു നടക്കാറുണ്ട്. പക്ഷേ ഹിറ്റ്‌ലറിനെ പേടിച്ച് അന്യ രാജ്യങ്ങളില്‍ ചുറ്റിനടന്ന് അദ്ദേഹം മരിച്ചപ്പോള്‍ മാത്രം തിരിച്ചെത്തിയ ഈ കമ്യൂണിസ്റ്റുകാരന് വിശന്നോയെന്നും വിശന്നപ്പോള്‍ പുസ്തകം വായിച്ചോ എന്നും അറിയില്ല. കാറല്‍ മാര്‍ക്‌സിന് വിശപ്പുപോലെയായിരുന്നു വായന. പക്ഷേ പുസ്തകം വിശപ്പുമാറ്റുമെന്ന് അദ്ദേഹം പറഞ്ഞതായി കാണുന്നില്ല. കാരണം അദ്ദേഹത്തിനും ഭാര്യ ജെന്നിക്കും മക്കള്‍ക്കും എന്നും വിശപ്പായിരുന്നു. വായനയെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും ഇത്തരം വൈരുദ്ധ്യങ്ങളുള്ളപ്പോള്‍ അവരുടെ പിന്‍ഗാമികള്‍ എന്നവകാശപ്പെടുന്നവര്‍ ചെയ്യുന്നതിതാണ്, പുസ്തകങ്ങളും അക്ഷരങ്ങളും നിരോധിക്കുക. ഇപ്പോള്‍ ഓര്‍വെല്ലിന്റെ ഈ നോവലുകള്‍ ലോകം വീണ്ടും ആര്‍ത്തിയോടെ വായിക്കും. ആവര്‍ത്തിച്ചു പ്രസിദ്ധീരിക്കപ്പെടും. അടച്ചുവെക്കുമ്പോള്‍ താനെ തുറക്കുന്നവയാണ് പുസ്തകത്തിന്റെ ഏടുകള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.