അതിവേഗ ട്രെയിന്‍ കോറിഡോര്‍ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ

Monday 5 March 2018 5:04 pm IST

ന്യൂദല്‍ഹി: രാജ്യത്തെ പ്രധാന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിന്‍ കോറിഡോര്‍ പദ്ധതിക്ക് ലക്ഷ്യമിട്ട് ഇന്ത്യന്‍ റെയില്‍വേ. 10 ലക്ഷം കോടി നിര്‍മാണചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി പ്രകാരം 10,000 കിമീ പരിധിയിലാണ് പുതിയ കോറിഡോര്‍ നിര്‍മാണം. കേന്ദ്ര ഗവണ്‍മെന്റിന്റെ ഭാരത്മാല ഹൈവേ ഡെവലപ്‌മെന്റ് പ്രോഗ്രാമിനോട് ചേര്‍ന്നാണ് പദ്ധതി. ഏപ്രില്‍ മാസത്തോടുകൂടി പദ്ധതി പ്രഖ്യാപിക്കുമെന്ന് റെയില്‍വേ മന്ത്രാലയം ഔദ്യോഗിക വക്താവ് പറഞ്ഞു. 

പുതിയ പാതയിലൂടെ മണിക്കൂറില്‍ 200 കി.മീ വേഗതയില്‍ തീവണ്ടികള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും. വരാനിരിക്കുന്നതും നിലവിലുള്ളതുമായ ദേശീയപാതയ്ക്ക് മുകളിലൂടെയോ അല്ലെങ്കില്‍ നിലവിലുള്ള റെയില്‍ പാതയ്ക്ക് സമാന്തരമായുള്ള റെയില്‍ ഭൂമിയിലോ ആയിരിക്കും പുതിയ പാത. പ്രത്യേകം രൂപകല്പന ചെയ്ത അലൂമിനിയം കോച്ചുകളായിരിക്കും തീവണ്ടികളില്‍ ഉപയോഗിക്കുക. ആഗോളതലത്തില്‍ ടെണ്ടര്‍ വിളിക്കുന്നതിനുള്ള നടപടികള്‍ റെയില്‍വേ ആലോചിച്ചുവരുന്നു. പദ്ധതി ദ്രുതഗതിയില്‍ നടപ്പിലാക്കുന്നതിനുവേണ്ടിയുള്ള നടപടിക്രമങ്ങള്‍ ചെയ്യാന്‍ ഉദ്യോഗസ്ഥരോട് കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ ശുപാര്‍ശ ചെയ്തു.

നിലവില്‍ 534 കി.മീ നീളത്തില്‍ മുംബൈ -അഹമ്മദാബാദ് പാതയില്‍ ബുള്ളറ്റ് ട്രെയിന്‍ കോറിഡോര്‍ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഒരുലക്ഷം കോടി രൂപയാണ് നിര്‍മാണചെലവ്. 2022ന്റെ അവസാനത്തോടുകൂടി നിര്‍മാണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.