സിപിഎമ്മിനെ തോല്‍പ്പിച്ചതില്‍ കണ്ണൂര്‍ കൊലപാതകങ്ങളും

Tuesday 6 March 2018 2:10 am IST
"undefined"

ന്യൂദല്‍ഹി: ത്രിപുരയില്‍ സിപിഎമ്മിന്റെ ദയനീയ തോല്‍വിക്ക് കാരണങ്ങള്‍ പലതാണ്. വികസനം, തൊഴിലില്ലായ്മ, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നിവക്കൊപ്പം കൊലപാതക രാഷ്ട്രീയവും തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചയായിരുന്നു. സിപിഎം കൊലയാളിപ്പാര്‍ട്ടിയെന്ന്  തെളിയിക്കാന്‍ കണ്ണൂരിലെ മാര്‍ക്‌സിസ്റ്റ് ഭീകരതയും ബിജെപി ഉയര്‍ത്തിക്കാട്ടി; ത്രിപുരയില്‍ തോറ്റതില്‍ കേരള സിപിഎമ്മിനും ചെറുതല്ലാത്ത പങ്കുണ്ട്. 

 പത്തോളം ബിജെപി പ്രവര്‍ത്തകരെ ത്രിപുരയില്‍ സിപിഎം കൊലപ്പെടുത്തിയിട്ടുണ്ട്. ഇത് ജനങ്ങളിലേക്കെത്തിക്കാനും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനും ബിജെപിക്ക് സാധിച്ചു. ചിതാഭസ്മവുമായി ബിജെപി നേതാക്കള്‍ രഥയാത്രകള്‍ നടത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇതോടൊപ്പം കേരളത്തിലെ കൊലപാതകങ്ങളും ആയുധമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെല്ലാം റാലികളില്‍ അക്രമരാഷ്ട്രീയം ഉന്നയിച്ചു. സിപിഎമ്മിന് ഭരണമുള്ളിടത്ത് മാത്രമാണ് രാഷ്ട്രീയ കൊലപാതകങ്ങളുണ്ടാകുന്നതെന്ന് കേരളം ചൂണ്ടിക്കാട്ടി നേതാക്കള്‍ സമര്‍ത്ഥിച്ചു. 

കേരളത്തിലെ കൊലപാതകങ്ങള്‍ നേരത്തെ തന്നെ ദേശീയതലത്തില്‍ ബിജെപി പ്രചാരണമാക്കിയിരുന്നു. ത്രിപുരയിലെ മാധ്യമങ്ങളും വിഷയം ചര്‍ച്ച ചെയ്തു. അതിനാല്‍ ബിജെപിയുടെ വാദങ്ങളെ കാര്യമായി പ്രതിരോധിക്കാന്‍ സിപിഎമ്മിന് സാധിച്ചില്ല. കേരളത്തിലെ സിപിഎം സമ്മേളന ഫ്‌ളക്‌സില്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ചിത്രം വച്ചതും മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ത്രിപുരയിലെ വന്‍വിജയത്തിന് ശേഷം നടത്തിയ പ്രതികരണത്തില്‍ മോദിയും അമിത് ഷായും കേരളത്തിലെ സാഹചര്യം പരാമര്‍ശിച്ചു. ത്രിപുരയുടെ ചുമതലയുള്ള ബിജെപി നേതാവ് സുനില്‍ ദേവ്ധര്‍ കേരളത്തിലെ വിജയാഹ്ലാദ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. 

ദേശീയതലത്തില്‍ കേരളത്തിലെ കൊലപാതകങ്ങള്‍ ചര്‍ച്ചയാകുന്നതില്‍ അതൃപ്തിലായിരുന്നു സിപിഎം കേന്ദ്ര നേതൃത്വം. നിരവധി തവണ സിപിഎം ആസ്ഥാനമായ എകെജി ഭവനിലേക്ക് ബിജെപി മാര്‍ച്ച് മാര്‍ച്ച് നടത്തി. ഭരണവും സ്വാധീനവുമില്ലാത്ത ദല്‍ഹിയില്‍ ഇതിന് വിഭിന്നമായ പ്രതിഛായയാണ് പാര്‍ട്ടിക്കുണ്ടായിരുന്നത്. യഥാര്‍ത്ഥ മുഖം തുറന്നുകാട്ടപ്പെടുന്നതില്‍ നേതാക്കള്‍ ആശങ്കയിലായിരുന്നു. ഇവര്‍ കേരള ഘടകത്തെ അതൃപ്തി അറിയിക്കുകയും ചെയ്തു. ത്രിപുരയിലും കൊലപാതക രാഷ്ട്രീയം തിരിച്ചടിയായത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചക്കിടയാക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.