കല്‍പ്പറ്റയില്‍ ചെയര്‍പേഴ്‌സണെതിരെ അവിശ്വാസം ഇന്ന് പരിഗണിക്കും

Tuesday 6 March 2018 2:34 am IST

കല്‍പ്പറ്റ: ജനതാദള്‍ പിന്തുണയോടെ യുഡിഎഫ് ഭരണം നടത്തുന്ന കല്‍പ്പറ്റ നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ ഉമൈബാ മൊയ്തീന്‍കുട്ടിക്കെതിരെ എല്‍ ഡിഎഫ് കൊണ്ടവരുന്ന അവിശ്വാസ പ്രമേയം ഇന്ന്  പരിഗണിക്കും. സിപിഎം നേതൃത്വത്തില്‍ സ്വതന്ത്രനും രണ്ട് ജനതാദള്‍ അംഗങ്ങളും ഉള്‍പ്പെടെ 15 പേരാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. 

എന്നാല്‍ അവിശ്വാസത്തിനെതിരെ വോട്ടു ചെയ്യണമെന്നാവശ്യപ്പെട്ട് ജനതാദള്‍(യു) രണ്ടംഗങ്ങള്‍ക്ക് വിപ്പ് നല്‍കി. യുഡിഎഫിന്റെ ഭാഗമായിരിക്കെ കൗണ്‍സിലര്‍മാരായ ബിന്ദു ജോസ്, ഡി.രാജന്‍ എന്നിവര്‍ക്കാണ് ജനതാദള്‍(യു) സംസ്ഥാന പ്രസിഡന്റ് എ.എസ്. രാധാകൃഷ്ണന്‍ വിപ്പ് നല്‍കിയത്.

  നിലവിലുള്ള രണ്ടംഗങ്ങള്‍ക്ക് വീരേന്ദ്രകുമാര്‍ വിപ്പ് നല്‍കിയതായി കേള്‍ക്കുന്നുണ്ട്. അദ്ദേഹം അത്തരമൊരു മണ്ടത്തരം കാണിക്കുമെന്ന് കരുതുന്നില്ല, കൂലിക്കാരോ വ്യാജന്‍മാരോ അദ്ദേഹത്തിന്റെ പേരില്‍ വിപ്പ് നല്‍കിയിട്ടുണ്ടങ്കില്‍ അത് നിയമക്കുരുക്കിലേക്ക് നീങ്ങുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. 

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനതാദള്‍(യു) എന്ന പേരും കൊടിയും അമ്പ് ചിഹ്നവും ഓഫീസുകളും അനുവദിച്ച് നല്‍കിയത് നിതീഷ് കുമാര്‍ ദേശീയ പ്രസിഡന്റായ പാര്‍ട്ടിക്കാണ്. ജനതാദള്‍(യു) എന്ന പേരും അതിന്റെ ഭാഗമായി ലഭിച്ച രാജ്യസഭാംഗത്വവും രാജിവെക്കേണ്ടിവന്ന വീരേന്ദ്രകുമാര്‍ കല്‍പ്പറ്റയില്‍ കൗണ്‍സിലര്‍മാര്‍ക്ക് വിപ്പ് നല്‍കിയെന്നത് രാഷ്ട്രീയ ബോധമുള്ളവര്‍ വിശ്വസിക്കില്ലന്നും എ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.