പൂങ്കാവനത്തിലെ വനവാസികള്‍ കുടിവെള്ളത്തിന് നെട്ടോട്ടമോടുന്നു

Tuesday 6 March 2018 2:45 am IST
"undefined"

പത്തനംതിട്ട: കാട്ടരുവികളും ചോലകളും കത്തുന്ന വേനല്‍ചൂടില്‍ വറ്റിയതോടെ, നിത്യഹരിതവനമെന്ന് പേരുകേട്ട ശബരിമല പൂങ്കാവനത്തിലെ വനവാസികള്‍ കുടിവെള്ളത്തിന് നെട്ടോട്ടമോടുന്നു. ശബരിമലക്കാടുകളില്‍ ഉള്‍പ്പെട്ട നിലയ്ക്കല്‍, അട്ടത്തോട്, ചാലക്കയം, പമ്പ എന്നിവിടങ്ങളില്‍ താമസിക്കുന്ന വനവാസികളാണ് കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്.

വേനല്‍ക്കാലമായാല്‍ ജലലഭ്യത നോക്കിയാണ് ഇവര്‍ കാടുകളില്‍ വാസസ്ഥലം ഒരുക്കുന്നത്. മുന്‍കാലങ്ങളില്‍ ഈ സമയം വെള്ളം കിട്ടിക്കൊണ്ടിരുന്ന ഓലികളും കുളങ്ങളും ഇപ്പോഴേ വറ്റിവരണ്ടു. ഇതോടെ വാസസ്ഥലത്തുനിന്നും ഏറെദൂരം സഞ്ചരിച്ച് ഉള്‍ക്കാടുകളില്‍ പോയി വെള്ളം കൊണ്ടുവരേണ്ടിവരുന്നതായി വനവാസികള്‍ പറയുന്നു. കാട്ടിനുള്ളില്‍ ജലലഭ്യത കുറഞ്ഞതോടെ വനവാസികള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നിടം തന്നെയാണ് വന്യമൃഗങ്ങളും ദാഹനീര് തേടിവരുന്നത്. ഇതും വനവാസികള്‍ക്ക് ദുരിതം വിതയ്ക്കുന്നു. 

ശബരിമലപ്പാതയില്‍ നിലയ്ക്കല്‍ മുതല്‍ പമ്പവരെയുള്ള വനപ്രദേശത്ത് നിരവധി വനവാസി കുടുംബങ്ങളാണ് താല്ക്കാലിക കുടിലുകള്‍ കെട്ടിയിട്ടുള്ളത്. ഇരുപതോളം കുടുംബങ്ങള്‍ ചാലക്കയത്ത് മാത്രം താമസിക്കുന്നു. ഇവര്‍ കാട്ടിലൂടെ ഏറെദൂരം നടന്ന് പത്തും അറുപതും അടി താഴ്ച്ചയിലിറങ്ങി അവിടെയുള്ള ചോലകളില്‍ നേര്‍ത്തനൂലുപോലെ ഊറിവരുന്ന വെള്ളം ശേഖരിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

വൃദ്ധരും നവജാതശിശുക്കളും ഉള്‍പ്പെടുന്ന ഈ കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തെ കുടിവെള്ള ക്ഷാമം ഏറെ ബാധിച്ചിട്ടുണ്ട്. പമ്പാനദിയിലെ വെള്ളം വറ്റി അടിത്തട്ടു തെളിഞ്ഞു. അട്ടത്തോട് ഭാഗത്ത് പമ്പ വരണ്ട് പാറക്കെട്ടുകള്‍ തെളിഞ്ഞു. അട്ടത്തോട് നിവാസികള്‍ക്കും ശുദ്ധജലം കിട്ടാക്കനിയാവുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.