പാവങ്ങളുടെ സിസ്റ്ററമ്മ ഇനി വനിതാരത്‌നം

Tuesday 6 March 2018 2:00 am IST

 

 

വിളപ്പില്‍: പാവങ്ങളുടെ സിസ്റ്ററമ്മ ഇനി വനിതാരത്‌നം. അതെ, സിസ്റ്റര്‍ ഷര്‍മിള ആരോരുമില്ലാത്ത രോഗികള്‍ക്ക് എന്നും സ്വന്തക്കാരിയാണ്. അനാഥരോഗികള്‍ക്ക് തണലേകുന്ന ജനറല്‍ ആശുപത്രിയിലെ ഒന്‍പതാം വാര്‍ഡില്‍ ഒറ്റയാള്‍ പോരാട്ടത്തിലൂടെ കാരുണ്യമെത്തിച്ച പെണ്‍കരുത്ത്. മികച്ച നഴ്‌സിനുള്ള ഫ്‌ളോറിംഗ്‌സ് നൈറ്റിംഗ്‌ഗേല്‍ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ച മാലാഖക്കുട്ടി. അര്‍ഹതയ്ക്കുള്ള അംഗീകാരമെന്നോണം സംസ്ഥാനസര്‍ക്കാരിന്റെ ഈ വര്‍ഷത്തെ വനിതാരത്‌നം പുരസ്‌കാരവും ഷര്‍മിളയെ തേടിയെത്തി. 

പേയാട് തച്ചോട്ടുകാവ് പൂക്കോട് കെ. ഷര്‍മിള രണ്ടര വര്‍ഷം ജനറല്‍ ആശുപത്രിയില്‍ ഹെഡ് നഴ്‌സായിരുന്നു. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ 202 അനാഥരോഗികളെയാണ് ഷര്‍മിള വിവിധ ശരണാലയങ്ങളിലായി പുനരധിവസിപ്പിച്ചത്. ഇപ്പോള്‍ ജനറല്‍ആശുപത്രിയില്‍ സ്ത്രീകളുടെ സര്‍ജറിവാര്‍ഡിലാണ് ഷര്‍മിള. ഇതേ ആശുപത്രിയില്‍ നിന്ന് നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ഷര്‍മിള പല ആശുപത്രികളിലെയും സേവനത്തിനൊടുവിലാണ് സ്വന്തം തട്ടകത്തിലേക്കെത്തിയത്. 

ജനറല്‍ ആശുപത്രിയിലെത്തുന്ന രോഗികളുടെ ദുരിതവും വേദനയും ഷര്‍മിള തന്റേതുകൂടിയാക്കും. ആഹാരത്തിനും വസ്ത്രത്തിനും യാചനാപൂര്‍വം നില്‍ക്കുന്ന രോഗികള്‍ക്ക് അവ സ്വന്തംനിലയ്ക്കും മറ്റുള്ളവരില്‍ നിന്ന് ശേഖരിച്ചും എത്തിക്കും. ഒരു നഴ്‌സെന്ന നിലയ്ക്കുള്ള ആശുപത്രിയിലെ ജോലി അവസാനിക്കുമ്പോള്‍ ഷര്‍മിളയിലെ ആതുരസേവക ഉണരും. പിന്നിട് രോഗികളുടെ സഹായിയായി, ബന്ധുവായി അവര്‍ക്കരികിലേക്ക്. അത്യാവശ്യങ്ങള്‍ക്ക് പോലും അവധിയെടുക്കാന്‍ കൂട്ടാക്കാറില്ല. കാരണം, ഷര്‍മിളയുടെ കാല്‍പ്പെരുമാറ്റത്തിന് കാതോര്‍ത്തിരിക്കുന്ന ഒരുപാട് രോഗികളുണ്ട് ധര്‍മാശുപത്രിയില്‍. അവരെ കാണാതിരിക്കാന്‍ ഈ നഴ്‌സിന് കഴിയില്ല.

1991 ല്‍ മെഡിക്കല്‍കോളേജില്‍ താത്കാലിക ജീവനക്കാരിയായിട്ടായിരുന്നു തുടക്കം. പിന്നീട് മെന്റല്‍ ഹോസ്പിറ്റലിലും കണ്ണാശുപത്രിയിലും സ്റ്റാഫ് നഴ്‌സായി നിയോഗിക്കപ്പെട്ടു. നിര്‍ധനരോഗികള്‍ക്ക് കണ്‍കണ്ട ദൈവമായി മാറിയ ഷര്‍മിളയ്ക്ക് 2012ല്‍ വിശിഷ്ടസേവനത്തിനുള്ള പുരസ്‌കാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചു. 2013ല്‍ സംസ്ഥാനത്തെ മികച്ച നഴ്‌സായി തെരഞ്ഞെടുക്കപ്പെട്ടു. 2014ല്‍ മികച്ച നഴ്‌സിനുള്ള ദേശീയ പുരസ്‌കാരമായ ഫ്‌ളോറിംഗ്‌സ് നൈറ്റിംഗ്‌ഗേല്‍ അവാര്‍ഡ് ഷര്‍മിളയെ തേടിയെത്തി. ഫിഷറീസ് വകുപ്പില്‍ അസി. രജിസ്ട്രാറായി വിരമിച്ച സാജന്‍ ചെട്ടിയാരാണ്  ഭര്‍ത്താവ്. മൂത്ത മകന്‍ അനന്ദകൃഷ്ണന്‍ എംബിബിഎസ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. ഇളയ മകന്‍ സൂര്യനാരായണന്‍ പ്ലസ് ടുവിന് പഠിക്കുന്നു.

ഷര്‍മിള

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.