അയിരൂപ്പാറ ചന്ത കാടുപിടിച്ച് ഉപയോഗശൂന്യമായിട്ട് വര്‍ഷങ്ങള്‍

Tuesday 6 March 2018 2:00 am IST

 

 

പോത്തന്‍കോട്: അയിരുപ്പാറ ചന്ത കാടുപിടിച്ച് ഉപയോഗശൂന്യമായിട്ട് നാളുകള്‍ ഏറെ. വെമ്പായം പഞ്ചായത്തിലെ അയിരൂപ്പാറ വാര്‍ഡിലാണ് പ്രവര്‍ത്തനംനിലച്ച ചന്ത പൂട്ടി ഇട്ടിരിക്കുന്നത്. ലക്ഷങ്ങള്‍ ചെലവിട്ട് കെട്ടിടമുള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയിട്ടും അയിരൂപ്പാറ ചന്തയ്ക്ക് ശാപമോക്ഷമില്ല. ഇന്നും കാടു പിടിച്ച്, മാലിന്യക്കൂമ്പാരമാണ്.

ചന്തയ്ക്ക് സമീപത്തായി ഇരുനില കെട്ടിടത്തില്‍ വ്യാപര സ്ഥാപനങ്ങള്‍ക്കായി 2010 ല്‍ ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു. എന്നാല്‍ ഇപ്പോഴും മുറികള്‍ പൂര്‍ണമായും കച്ചവടക്കാര്‍ക്ക് കൈമാറാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. പ്രധാന ഗേറ്റ് പൂട്ടി ഇട്ടിരിക്കുന്നതിനാല്‍ കച്ചവടക്കാര്‍ക്ക് ചന്തയ്ക്കുള്ളില്‍ പ്രവേശിക്കാന്‍ കഴിയുന്നില്ല. കച്ചവടത്തിന് എത്തുന്നവര്‍ റോഡരികില്‍ കച്ചവടം നടത്താറാണ് പതിവ്. ജൈവ പച്ചക്കറി ഉള്‍പ്പെടെ നിരവധി ഉത്പന്നങ്ങളാണ് എത്തുന്നത്. കൊടുംചൂട് അനുഭവപ്പെടുന്നതോടെ കച്ചവടക്കാരും കുറവാണ്. അതിനാല്‍ സമീപത്ത് അടിസ്ഥാനസൗകര്യങ്ങളോട് കൂടിയ പോത്തന്‍കോട് ചന്തയിലാണ് കൂടുതല്‍ കച്ചവടക്കാരും ആശ്രയിക്കുന്നത്. 

ചന്തയ്ക്ക് സമീപത്ത് ആരംഭിച്ച മാലിന്യ നിര്‍മാര്‍ജന പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിലച്ച അവസ്ഥയിലാണ്. ആദ്യ ഗഡുവില്‍ പണം കണ്ടെത്തി പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും വാര്‍ഡംഗം ഉള്‍പ്പെടെയുള്ളവര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം വഴിമുട്ടിച്ചെന്നും ആക്ഷേപമുണ്ട്. റോഡരികില്‍ 40സെന്റ് വിസ്തീര്‍ണത്തിലുള്ള പ്രദേശത്തെ പ്രധാനവിപണകേന്ദ്രമാണ് കാടുകയറി നശിക്കുന്നത്. ഇവിടങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. രാത്രികാലങ്ങളില്‍ സാമൂഹിയവിരുദ്ധശല്യവും പരസ്യ മദ്യപാനവും പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ചന്തയിലെ തെങ്ങുകളിലെ വിളകള്‍ സ്വകാര്യവ്യക്തി എടുക്കുന്നതായും ആക്ഷേപമുണ്ട്

ചന്തയുടെ പ്രവര്‍ത്തനം നിലച്ചതോടെ 40 സെന്റ് ഭൂമി ഉപയോഗ ശൂന്യമായ അവസ്ഥയിലാണ്. പഞ്ചായത്തിലെ നിരവധി പദ്ധതികള്‍ നടപ്പാക്കാന്‍ സ്ഥലമില്ലെന്ന് അധികാരികള്‍ പറയുമ്പോള്‍ ഇത്തരം സ്ഥലങ്ങള്‍ പൊതുജനങ്ങള്‍ ഉപയോഗപ്രദമായ രീതിയില്‍ ഫലപ്രദമായ പദ്ധതികള്‍ നടപ്പാക്കുമോ എന്ന ആശങ്കയുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.