പ്രിയങ്കയ്ക്ക് വീട് ഒരുങ്ങുന്നതിനു പിന്നാലെ സുരേഷ്ഗോപി എംപിയുടെ സഹായവും

Tuesday 6 March 2018 2:00 am IST

 

വട്ടിയൂര്‍ക്കാവ്: കാഴ്ച പൂര്‍ണമായും നശിച്ചും കേള്‍വിശക്തി ഭാഗികമായി നഷ്ടപ്പെട്ടും ജീവിക്കുന്ന വട്ടിയൂര്‍ക്കാവ് സ്വദേശിനി പ്രിയങ്കയ്ക്ക് സുരേഷ്ഗോപി എംപിയുടെ സഹായം. മാതാപിതാക്കള്‍ നഷ്ടപ്പെട്ട് കഴിയുന്ന പ്രിയങ്കയുടെ ദുരവസ്ഥ കണ്ടറിഞ്ഞ് വട്ടിയൂര്‍ക്കാവിലെ ഓട്ടോഡ്രൈവര്‍മാരുടെ കൂട്ടായ്മ ഇവര്‍ക്ക് കുലശേഖരം ഭാഗത്ത് 3.5സെന്റ് വസ്തു വാങ്ങിനല്‍കിയിരുന്നു. അതിന്റെ രേഖകള്‍ കൈമാറുന്ന ചടങ്ങിനിടെയാണ് പ്രിയങ്കയ്ക്ക് മൂന്നരലക്ഷം രൂപ സഹായമായി നല്‍കുമെന്ന് എംപി വ്യക്തമാക്കിയത്.

കണ്ടുനില്‍ക്കാതെ ഇടപെട്ട ഓട്ടോറിക്ഷാകൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച സുരേഷ്ഗോപി ഇതിലൂടെ സല്‍പ്പേര് നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്തു. സമൂഹത്തില്‍ കാരുണ്യം വറ്റുകയും അക്രമങ്ങളും കൊലപാതകങ്ങളും നടമാടുകയും ചെയ്യുന്ന ഇക്കാലത്ത് പ്രതീക്ഷയുടെ ഇത്തിരിവെട്ടങ്ങള്‍ കെടാതെ സൂക്ഷിക്കുന്നതിന് എല്ലാവരും പ്രതിജ്ഞാബദ്ധരാണെന്നും സുരേഷ്ഗോപി വ്യക്തമാക്കി. വീട് വയ്ക്കാനുള്ള പ്രിയങ്കയുടെ തുക മകളുടെ പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റിയതായും സുരേഷ്ഗോപി അറിയിച്ചു. ചടങ്ങില്‍ ദേവീപുരസ്‌കാരം ഓസ്ട്രേലിയന്‍ സ്വദേശി ടോം സതര്‍ലന്റിന് സമര്‍പ്പിച്ചു. 42 വര്‍ഷമായി മെഡിക്കല്‍കോളേജിന് മുന്നില്‍ മരുന്ന് വാങ്ങാന്‍ പണമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് മരുന്ന് വാങ്ങി നല്‍കിയ സേവനപ്രവര്‍ത്തനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. പൂര്‍ണമായും മലയാളത്തില്‍ തെറ്റില്ലാതെ സംസാരിച്ച ടോം സതര്‍ലന്റിന് കാണികളുടെ വക നിറഞ്ഞ കൈയടി ലഭിച്ചു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ഡയറക്ടര്‍ എം.ആര്‍. തമ്പാന്‍, വട്ടിയൂര്‍ക്കാവ് ചീഫ് ഇമാം സാജിദ് ബദ്രി, സമിതിരക്ഷാധികാരി കെ. ശശിധരന്‍ നായര്‍, സുരേഷ് കൊടുങ്ങാനൂര്‍, ജോയിന്റ് സെക്രട്ടറി ശിവശങ്കരന്‍, വ്യാപാരി വ്യവസായിപ്രതിനിധികളായ ഒ.എ. ഷാഹുല്‍ഹമീദ്, അജിത് കുമാര്‍ എന്നിവരും പങ്കെടുത്തു. പ്രിയങ്കയ്ക്ക് വീടൊരുക്കുന്നതിലും ഓട്ടോഡ്രൈവര്‍മാരുടെ കൂട്ടായ്മ പരിശ്രമം നടത്തിവരികയാണ്. എംപിയുടെ വാഗ്ദാനംകൂടി ആയതോടെ ഏറെ ആശ്വാസത്തിലാണ് പ്രിയങ്ക.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.