എക്സല്‍ ഗ്ലാസ്സസ് സമരം ഒഴിഞ്ഞ പാത്രങ്ങളുമായി തൊഴിലാളികളുടെ റാലി

Tuesday 6 March 2018 1:29 am IST


കലവൂര്‍:  ദീര്‍ഘകാലമായി അടഞ്ഞുകിടക്കുന്ന എക്സല്‍ ഗ്ലാസ് ഫാക്ടറിയിലെ തൊഴിലാളികള്‍ ഒഴിഞ്ഞ പാത്രങ്ങളുമായി പ്രതിഷേധാത്മക പട്ടിണിറാലി നടത്തി. മാസങ്ങളായി കമ്പനിപടിക്കല്‍ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായാണ്  പട്ടിണിസമരം ്‌നടത്തിയത്.
  ദേശീയപാതയ്ക്കരുകില്‍ ഒഴിഞ്ഞ കലവും പാത്രങ്ങളുമായി തൊഴിലാളികള്‍ അണിനിരന്നത് ശ്രദ്ധേയമായി. അധികാരികളെ കണ്ണുതുറക്കു... തൊഴിലാളികളുടെ പട്ടിണി മാറ്റു... എന്ന മുദ്രാവാക്യവുമയാണ് തൊഴിലാളി കൂട്ടായ്മയുടെ പട്ടിണി ജാഥ. കഴിഞ്ഞ ദിവസം മന്ത്രി ടി.എം.തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ജനകീയ ഭക്ഷണശാലയുടെ വിളിപ്പാടകലെയായിരുന്നു സമരം.
  പട്ടിണിയകറ്റാന്‍ താല്‍പ്പര്യമുള്ളവര്‍ വാഗ്ദാനം പാലിച്ച് എക്സല്‍ ഗ്ലാസ്സ് തുറക്കുകയാണ് വേണ്ടതെന്ന് പ്രതിഷേധക്കാര്‍ വിളിച്ചുപറഞ്ഞു. ആറ് വര്‍ഷകാലമായി അടഞ്ഞുകിടക്കുന്ന ജില്ലയിലെ പ്രധാന വ്യവസായശാല തുറക്കാനായി സര്‍ക്കാര്‍  ഒരു ശ്രമവും നാളിതുവരെ നടത്തിയിട്ടില്ല.
  അനുബന്ധ യൂണിറ്റിലും താല്‍കാലിക തൊഴിലാളികളുമായി ആയിരത്തോളം തൊഴിലാളികള്‍ പണിയെടുത്തിരുന്ന സ്ഥാപനത്തോട് സര്‍ക്കാരിന് നിസ്സഗതയാണെന്ന് സമരസമിതി ആരോപിച്ചു. കമ്പനിയുടെ പ്രവര്‍ത്തനം നിലയ്ക്കുമ്പോള്‍ ആ മാസത്തെ വേതനം പോലും തൊഴിലാളികള്‍ക്ക് മാനേജ്മെന്റ് നല്‍കിയിരുന്നില്ല.
  ഈ ഇനത്തില്‍ പതിനയ്യായിരം മുതല്‍ നാല്‍പ്പതിനായിരം രൂപവരെ തൊഴിലാളികള്‍ക്ക് സ്ഥാപനം നല്‍കാനുണ്ട്. സ്ഥാപനം തുറക്കാന്‍ സോമാനിയ മാനേജ് മെന്റ് തയ്യാറായില്ലെങ്കില്‍ സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിച്ച് കമ്പനി പിടിച്ചെടുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.