ചന്ദ്രമോഹന്റെ മരണം ക്രൈംബ്രാഞ്ച് അേന്വഷിക്കണം: പി.കെ. കൃഷ്ണദാസ്

Tuesday 6 March 2018 2:00 am IST

 

കാട്ടാക്കട: ഡിവൈഎഫ്‌ഐ നേതാവ് ചന്ദ്രമോഹന്റെ ദുരൂഹമരണത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ബിജെപി ദേശീയസമിതിയംഗം പി.കെ. കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഡിസംബര്‍ മൂന്നിനാണ് കാട്ടാക്കടയില്‍ നിന്ന് ആര്യനാട്ടേക്കുള്ള യാത്രാമദ്ധ്യേ ചന്ദ്രമോഹനെ വാഹനാപകടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 

മരണത്തില്‍ ദുരുഹതയുണ്ടെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിട്ടും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയില്ല. ഈ സാഹചര്യത്തില്‍ കഴിഞ്ഞദിവസം ചന്ദ്രമോഹന്റെ ഭാര്യ സൂര്യയും പിതാവ് മോഹനും ബിജെപിയുടെ സഹായം അഭ്യര്‍ഥിച്ചിരുന്നു. അവര്‍ കൃഷ്ണദാസിന് നിവേദനവും നല്‍കിയിരുന്നു. ചന്ദ്രമോഹന്റെ മരണം ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് കുടുംബാംഗങ്ങള്‍ സംശയിക്കുന്നു. ദൃക്‌സാക്ഷികളുടെ മൊഴിയും സിസി ടിവി ദൃശ്യങ്ങളും അവരുടെ സംശയം സാധൂകരിക്കുന്നു. എന്നാല്‍ അന്വഷണ ഉദ്യോഗസ്ഥര്‍ കേസ് അപകടമരണമാക്കി എഴുതിത്തള്ളാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ച് ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടു.

കാട്ടാക്കടയില്‍ സിപിഎം-എസ്ഡിപിഐ സംഘര്‍ഷം ഉണ്ടായപ്പോള്‍ പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ചന്ദ്രമോഹന്‍ പ്രതിയാക്കപ്പെട്ടത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങി രണ്ടാം ദിവസമാണ് കൊല്ലപ്പെടുന്നത്. ജാമ്യത്തിലിറങ്ങിയ അന്നുമുതല്‍ ചന്ദ്രമോഹന്റെ വാഹനത്തെ ഒരുകാറും ബൈക്കും പിന്‍തുടര്‍ന്നിരുന്നതായി പറയപ്പെടുന്നു. ഭര്‍ത്താവിന്റെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്ന അപേക്ഷയുമായി സൂര്യ അന്വേഷണഉദ്യോഗസ്ഥനെ സമീപിച്ചിരുന്നു. മദ്യലഹരിയില്‍ ബൈക്ക് ഓടിച്ചാണ് ചന്ദ്രമോഹന് അപകടമുണ്ടായതെന്നാണ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചന്ദ്രമോഹന്‍ മദ്യപിച്ചിരുന്നതായി പറയുന്നില്ല. ഈ വിവരം ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ താന്‍ ഇതേവരെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നായിരുന്നു മറുപടിയത്രെ. അന്വേഷണഉദ്യോഗസ്ഥന്റെ രീതികളില്‍ സംശയമുണ്ടെന്നും ആരെയോ സംരക്ഷിക്കാനുള്ള ശ്രമമുള്ളതായി തോന്നുന്നുവെന്നും കൃഷ്ണദാസ് ചൂണ്ടിക്കാണിച്ചു.

ആരുടേയോ തിരക്കഥയ്ക്കനുസരിച്ചാണ് പോലീസ് കേസ് അന്വഷിക്കുന്നത്. ഇത് കുറ്റവാളികളെ സംരക്ഷിക്കാനാണ്. സമഗ്രവും നീതിപൂര്‍വവുമായ അന്വഷണം ഉണ്ടാകണം. മുഖ്യമന്ത്രിക്കും പോലീസിലെ ഉന്നതര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് കുടുംബം പരിതപിക്കുന്നു. സിപിഎം, ഡിവൈഎഫ്‌ഐ നേതൃത്വവും കാട്ടാക്കട എംഎല്‍എയും കുറ്റകരമായ മൗനമാണ് പുലര്‍ത്തുന്നത്. സഹപ്രവര്‍ത്തകന്റെ മരണത്തിലെ ദുരൂഹത നീക്കാനുള്ള ബാധ്യത അവര്‍ക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നീതിക്കായി പോരാടുന്ന ചന്ദ്രമോഹന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ബിജെപി ഉണ്ടാകുമെന്നും കൃഷ്ണദാസ് പറഞ്ഞു. ബിജെപി ജില്ലാ വൈസ്പ്രസിഡന്റുമാരായ മുക്കംപാലമൂട് ബിജു, മലയിന്‍കീഴ് രാധാകൃഷ്ണന്‍, മണ്ഡലം പ്രസിഡന്റ് സന്തോഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.