നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തോട് ദേവസ്വം ബോര്‍ഡിന് അവഗണന

Tuesday 6 March 2018 2:00 am IST

 

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രവക ദേവസ്വം ബോര്‍ഡിന് ലഭിക്കുന്നത് കോടികള്‍. എന്നാല്‍ ക്ഷേത്രത്തിന് ദേവസ്വം ബോര്‍ഡ് നല്‍കുന്നത് അവഗണന മാത്രം. 

ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള അതിപുരാതനവും ചരിത്രപരവുമായ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തോടാണ് ദേവസ്വം ബോര്‍ഡിന്റെ അവഗണന. ചരിത്രപരമായ വിശേഷങ്ങള്‍ ഉള്ള നെയ്യാറ്റിന്‍കര കണ്ണനെ കാണാന്‍ കേരളത്തില്‍ നിന്നു മാത്രമല്ല അന്യസംസ്ഥാനങ്ങളില്‍ നിന്നുപോലും ആയിരകണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്. ഇത്തരത്തിലുള്ള ഭക്തരില്‍ നിന്നും ക്ഷേത്രത്തിലെത്തുത്ത വരുമാനം കോടികളാണ്. 

ശ്രീകൃഷ്ണസ്വാമി ക്ഷേത്ര വക കോടികളുമായി പോകുന്ന ദേവസ്വം ബോര്‍ഡ് അധികൃതര്‍ ക്ഷേത്ര സംരക്ഷണത്തിനും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും തിരിഞ്ഞ് നോക്കാറില്ല എന്ന് ഭക്തരൊന്നടങ്കം പറയുന്നു. ക്ഷേത്രത്തിലെ മൂല പ്രതിഷ്ഠയായ പഞ്ചലോഹ വിഗ്രാഹത്തിലുള്ള നവനീത കൃഷണ പ്രതിഷ്ഠയുടെ പാദത്തില്‍ ദ്വാരം കണ്ടിട്ട് വര്‍ഷങ്ങളായി. വിഗ്രാഹത്തിലെ ദ്വാരം കണ്ട ക്ഷേത്രതന്ത്രി തരണനെല്ലൂര്‍ എന്‍.പി.സജി നമ്പൂതിരിപ്പാട് ദേവസ്വം അസിസ്റ്റന്റ് കമ്മിഷ്ണര്‍ മധുസൂദനന്‍ നായര്‍ക്ക് നവീകരണത്തിനായി രേഖാമൂലം കത്ത് നല്‍കി. എന്നാല്‍ അസിസ്റ്റന്റ് കമ്മിഷ്ണര്‍ യാതൊരുതരത്തിലുള്ള നടപടികളും സ്വീകരിച്ചില്ല. 

11 ദിവസം നീണ്ട് നില്‍ക്കുന്ന പൂജാധികര്‍മ്മങ്ങളോടെ വിഗ്രഹം നവീകരണ കലശം നടത്തി എത്രയും വേഗം പുനപ്രതിഷ്ഠ നടത്തേണ്ടതിനെയാണ് ദേവസ്വം ഉദ്യോഗസ്ഥരുടെ അനാസ്ഥാ കാരണം നീണ്ടു പോകുന്നത്. വിഗ്രാഹത്തിലെ അപാകതകള്‍ പരിഹരിച്ച് പുന:പ്രതിഷ്ഠ നടത്താന്‍ ദേവസ്വം അസിസ്റ്റന്റ് കമ്മിഷ്ണര്‍ എത്രയും വേഗം നടപടികള്‍ സ്വീകരണിക്കണമെന്ന് ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ശ്രീകുമാരന്‍ നായരും, സെക്രട്ടറി എസ്.കെ ജയകുമാറിന്റെയും നേതൃത്വത്തില്‍ ദേവസ്വം അധികൃതര്‍ക്ക് നിരവധി പരാതികളാണ് നല്‍കിയത്.

തന്ത്രിയുടെ നിര്‍ദേശപ്രകാരം വിഗ്രാഹത്തിലെ നവീകരണ പ്രവത്തനങ്ങള്‍ക്കും തുടര്‍ന്നുള്ള പുനപ്രതിഷ്ഠ പൂജകള്‍ക്കും ജൂണ്‍ മാസം നല്ലതാണെന്നും അധികൃതരെ അറിയിച്ചിരുന്നു. എന്നിട്ടും ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ദേവസ്വം അസിസ്റ്റന്റ് കമ്മിഷ്ണര്‍ക്കും മറ്റ് അധികൃതര്‍ക്കും മിണ്ടാട്ടമില്ലായെന്നും ആക്ഷേപമുണ്ട്. 

ക്ഷേത്രകെട്ടിടങ്ങളിലെ പല ഭാഗങ്ങളും പൊട്ടിപൊളിഞ്ഞ നിലയിലാണ്. പലതും 30 വര്‍ഷത്തിലധികം പഴക്കമുള്ളവയുമാണ്. ചരിത്ര പ്രസിദ്ധമായ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തോട് ദേവസ്വം അധികൃതര്‍ എന്തിന് അവഗണന കാണിക്കുന്നതെന്നാണ് ഭക്തജനങ്ങള്‍ ചോദിക്കുന്നത്. നിലവിലെ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തേ സംരക്ഷിക്കാനും ഉയര്‍ത്താനും വേണ്ടി പരിശ്രമിക്കുമ്പോള്‍ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍ തടസ്സം നില്‍ക്കുന്നതായും ആരോപണമുണ്ട്. വരും ദിവസങ്ങളില്‍ ഇത്തരത്തിലുള്ള ദേവസ്വം അസിസ്റ്റന്റ് കമ്മിഷ്ണറുടെ നടപടിക്കെതിരെ  ഭക്തജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.