ഗുണ്ടുമല കൊലപാതകം; ഭര്‍ത്താവും മകനും അറസ്റ്റില്‍; പ്രതികള്‍ കുടുങ്ങുന്നത് ഒരു വര്‍ഷത്തിന് ശേഷം

Tuesday 6 March 2018 2:45 am IST
"undefined"

ചെറുതോണി: മൂന്നാര്‍ ഗുണ്ടുമലയില്‍ കുരുന്നുകളുടെ മുന്‍പിലിട്ട്  അധ്യാപികയെ വെട്ടിക്കൊന്ന സംഭവത്തില്‍ ഒരുവര്‍ഷത്തിന് ശേഷം ഭര്‍ത്താവും മകനും അറസ്റ്റില്‍. കെഡിഎച്ച്പി കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് ബെന്‍മോര്‍ ഡിവിഷനിലെ ഡേകെയര്‍ അധ്യാപിക രാജഗുരു (47) കൊല്ലപ്പെട്ട കേസിലാണ് മകന്‍ രാജ്കുമാര്‍ (18), ഭര്‍ത്താവ് മണികുമാര്‍ (48) എന്നിവര്‍ അറസ്റ്റിലായത്. 

2017 ഫെബ്രുവരി 14-നാണ് അംഗന്‍വാടി കെട്ടിടത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ രാജഗുരുവിനെ കണ്ടെത്തിയത്. പത്തുപവനോളം വരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. ഇടുക്കി എസ്പി കെ.ബി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ മൂന്നാര്‍ ഡിവൈഎസ്പി അഭിലാഷ്, സിഐ സാംജോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കുടുക്കിയത്. 

മയക്കുമരുന്ന് ലഹരിയിലായിരുന്ന മകന്‍ അംഗന്‍വാടിയില്‍ എത്തി വാക്കത്തി ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. കൊലപാതകസമയത്ത് പ്രതിക്ക് 18 വയസ് തകഞ്ഞിരുന്നില്ല.  കൊലക്കു  ശേഷം രാജഗുരുവിന്റെ കഴുത്തില്‍കിടന്ന മാല, കൊലയ്ക്ക് ഉപയോഗിച്ച ആയുധം എന്നിവ മണികുമാറും മകനും ചേര്‍ന്ന് ഒളിപ്പിച്ചു. 

രണ്ടാഴ്ച മുന്‍പ് കേസിന്റെ ഗതിമാറ്റാന്‍ മണികുമാര്‍ രാജഗുരുവിന്റെ കഴുത്തില്‍കിടന്ന മാല അയല്‍വാസിയായ തപസ്വയുടെ വീട്ടുമുറ്റത്ത് കൊണ്ടിട്ടു. ഇതാണ് ഇവരിലേക്ക് പോലീസ് ചെന്നെത്താന്‍ വഴിത്തിരിവായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഇടുക്കി എസ്പി പറഞ്ഞു.

അമ്മയെ കൊന്നത് അതി ക്രൂരമായി

ഇടുക്കി: ബൈക്ക് വാങ്ങി നല്‍കാത്തതും തന്നോട് അമ്മയ്ക്ക് സ്‌നേഹമില്ലെന്ന തോന്നലുമാണ് ക്രൂരമായ കൊലപാതകത്തിന് രാജ്കുമാറിനെ പ്രേരിപ്പിച്ചത്. രാജഗുരുവിന് രണ്ട് ആണ്‍ മക്കളാണ്. ഇതില്‍ മൂത്തമകന്‍ പഠനത്തിലടക്കം മുമ്പിലായിരുന്നതിനാല്‍ അമ്മയ്ക്ക് അവനോട് താല്പര്യം കൂടുതലായിരുന്നു. തന്നെ അവഗണിയ്ക്കുന്നുവെന്ന് തോന്നിയ രാജ്കുമാര്‍  അമ്മയെ പതിവായി അസഭ്യം വിളിച്ചിരുന്നു. പഠിക്കാന്‍ പോയാല്‍  ബൈക്ക് വാങ്ങിതരാം എന്ന് പറഞ്ഞെങ്കിലും ഇതിന് രാജ്കുമാര്‍ തയ്യാറായില്ല. 

 വാതില്‍ ഉള്ളില്‍നിന്ന് പൂട്ടി വാക്കത്തിയ്ക്ക് തലയ്ക്ക് വെട്ടുകയായിരുന്നു.  അടുക്കളയുടെ ഇടനാഴിയിലാണ് മൃതദേഹം കിടന്നത്. അന്യസംസ്ഥാന തൊഴിലാളികളുടെ നാലുകുട്ടികളാണ് ഈ സമയം ഇവിടെ ഉണ്ടായിരുന്നത്. ജോലിയുടെ ഇടവേളയില്‍ കുട്ടിയെ എടുക്കാന്‍ വന്ന തൊഴിലാളി ഝാര്‍ഖണ്ഡ് സ്വദേശിനി ജലാനി ബത്യുത് ആണ് മൃതദേഹം ആദ്യം കണ്ടത്. 

മുഖത്തും നെറ്റിയിലും തലയ്ക്ക് പിന്നിലും  മാരകമായ മുറിവേല്‍ക്കുകയും തലയോട്ടിക്ക് ക്ഷതമേല്‍ക്കുകയും ചെയ്തിരുന്നു. കൊലപാതകശേഷം ആഭരണം കവര്‍ന്നത് മോഷണമാണെന്ന സംശയവും ഉണ്ടാക്കി. അന്യസംസ്ഥാന തൊഴിലാളികളെ അടക്കം നൂറ് കണക്കിന് പേരെ ചോദ്യംചെയ്തു. മാസങ്ങളോളം പരിശോധന നടത്തിയെങ്കിലും തെളിവുകള്‍ കണ്ടെത്താനിയിരുന്നില്ല. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ ഇരുവരെയും ആഴ്ചയിലൊരിക്കലെങ്കിലും പോലീസ് വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ഇത് അവസാനിപ്പിക്കാന്‍ കാണിച്ച അതിബുദ്ധിയാണ് അവസാന കച്ചിത്തുരുമ്പായതും ഇരുവരും കുടുങ്ങിയതും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.