കെഎം മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ്

Tuesday 6 March 2018 2:45 am IST
"undefined"

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മൂന്നാം തവണയും കെഎം മാണിയെ കുറ്റവിമുക്തനാക്കി  വിജിലന്‍സ് റിപ്പോര്‍ട്ട്. മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ട് വിജലന്‍സ് തിരുവനന്തപുരം വിജലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കോഴവാങ്ങിയതിന് തെളിവ് കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാര്‍ കോഴക്കേസില്‍ സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ കണ്ടത്താനായിട്ടില്ല.കേസിലെ പരാതിക്കാരനായ ബിജു രമേശ് തെളിവായി ഹാജരാക്കിയ സിഡിയില്‍ കൃത്രിമമുണ്ടെന്നു ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. റിപ്പോര്‍ട്ടില്‍ പറയുന്നു

 ബിജു രമേശിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ എടുത്ത കേസിലെ നടപടികള്‍ അവസാനിപ്പിക്കുന്നതായാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. ബാറുകള്‍ തുറന്നു നല്‍കാന്‍  വീട്ടിലും മറ്റിടങ്ങളിലുമായി പണം നല്‍കിയെന്നായിരുന്നു ആരോപണം. എന്നാല്‍ ഇതിന് യാതൊരു തെളിവും കണ്ടെത്താന്‍ വിജിലന്‍സിന് സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് രണ്ടുതവണ മാണിയെ കുറ്റവിമുക്തനാക്കി കൊണ്ട് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.  എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതോടെ വീണ്ടും അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ വിമര്‍ശിച്ച കോടതി 45 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഈ കാലാവധി തീര്‍ന്ന പശ്ചാത്തലത്തിലാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

വിജിലന്‍സ് മുന്‍ മേധാവി ശങ്കര്‍ റെഡ്ഡിയും അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സുകേശനും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലും ഇരുവരെയും വിജിലന്‍സ് കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ ഈ കേസില്‍ ഹൈക്കോടതിയില്‍ പുതിയ ഹര്‍ജികള്‍ നല്‍കിയിട്ടുണ്ട്.

മാണിക്കെതിരെ തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനെതിരെ കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍രംഗത്തുവന്നു. തെളിവുണ്ടെന്നും അന്വേഷണം തുടരണമെന്നുമാണ് താന്‍ നിയമോപദേശം നല്‍കിയതെന്നാണ് അഡ്വ.കെ പി സതീശന്‍ പറയുന്നത്. കേസിന്റെ തുടക്കം മുതല്‍ മാണിയെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.