അമ്പലപ്പുഴ കണ്ണന്റെ ഗോക്കള്‍ക്ക് നരകയാതന

Tuesday 6 March 2018 2:00 am IST

 

 

അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഗോശാലയില്‍ ഗോക്കള്‍ക്ക് നരകജീവിതം. ചൂടു കൂടിയതോടെ വെള്ളവും പുല്ലും ലഭിക്കാതെയാണ് ഗോക്കള്‍ ചത്തൊടുങ്ങുവാന്‍ സാദ്ധ്യത ഏറുന്നത്. 

  ഗോക്കള്‍ക്ക് ദിവസവും തീറ്റ നല്‍കാന്‍ 1,500 രൂപ വീതം ദേവസ്വം ബോര്‍ഡ് അനുവദിച്ചിട്ടുണ്ടെങ്കിലും തീറ്റയും വെള്ളവും കൃത്യമായി നല്‍കുന്നില്ല. ഏതാനും മാസം മുമ്പ് ഒന്നര ലക്ഷം രൂപയോളം മുടക്കി ഒരു ഭക്തന്‍ ഗുജറാത്തില്‍ നിന്നും  ഗീര്‍ ഇനത്തില്‍പ്പെട്ട പശുവിനെ നടയ്ക്കുവച്ചിരുന്നു. 

  ദിവസം പതിനഞ്ചു ലിറ്റര്‍ പാല്‍ കിട്ടിയിരുന്ന ഈ പശു വില്‍ നിന്നും ഇപ്പോള്‍ ഒന്നര ലിറ്റര്‍ പാലു പോലും ലഭിക്കാത്ത അവസ്ഥയില്‍ ആയി കഴിഞ്ഞു. ഇരുപത്തി രണ്ട് പശുക്കള്‍ ഉള്ളവയില്‍  പന്ത്രണ്ട് എണ്ണവും കറവ ഉള്ളതാണന്ന് ഭക്തര്‍ ചൂണ്ടിക്കാട്ടുന്നു. 

  എന്നാല്‍ ഇതില്‍ പകുതി പശുക്കളെ പോലും ജീവനക്കാരന്‍ കറക്കാറില്ല എന്നും ആരോപണം ഉണ്ട്. കാലിത്തീറ്റയും പുല്ലും വാങ്ങാന്‍ ദേവസ്വം ബോര്‍ഡ് അനുവദിച്ചിരിക്കുന്ന പണം കൃത്യമായി വിനിയോഗിച്ചാല്‍ പശുക്കള്‍ ഇത്രയും ദുരിതം അനുഭവിക്കില്ലായിരുന്നു. ദിവസം ഒരു  ലോഡ് പുല്ലു വേണമെങ്കിലും ആഴ്ചയില്‍ രണ്ട് ലോഡ്പോലും ഇവിടെ ഇപ്പോള്‍ എത്തിക്കാറില്ല. 

  എന്നാല്‍ ഗോക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ എന്ന പേരില്‍ വന്‍ പണപ്പിരിവാണ് ദേവസ്വം ബോര്‍ഡ് ഭക്തര്‍ക്കിടയില്‍ നടത്തുന്നത്. നിലവിലെ ഗോശാലയോട് ചേര്‍ന്ന് ഇതിനായി കൗണ്ടറും പ്രവര്‍ത്തിക്കുന്നുണ്ട്. ഭക്തര്‍ നേരിട്ട് ഗോക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് ദേവസ്വം ബോര്‍ഡ് തടസ്സം നില്‍ക്കുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.