ശ്രീകൃഷ്ണ ഭഗവാന്‍ ക്ഷേത്രജ്ഞനായി നിലകൊള്ളുന്നത് ഏതു രീതിയില്‍? (13-15)

Tuesday 6 March 2018 2:45 am IST

ഭൂതാനാം ബഹിഃ അന്തശ്ച

ജീവാത്മാക്കള്‍ സ്വീകരിച്ചിട്ടുള്ള മനുഷ്യ-മൃഗ, പക്ഷി, കീട, വൃക്ഷ-ലതാദി ശരീരങ്ങളുടെ കേന്ദ്രങ്ങളുടെ അകത്തും പുറത്തും ഭഗവാന്‍ വ്യാപിച്ചു നില്‍ക്കുന്നു. ശരീരത്തിന്റെ അന്തര്‍ഭാഗംഅവസാനിക്കുന്നത്, തൊലി- ചര്‍മ്മം-അവസാനിക്കുന്നതുവരെയാണ് അതിനപ്പുറം ബഹിര്‍ഭാഗമാണ്. ഇതുപോലെ ഭൗതിക പ്രപഞ്ചത്തിന്റെ അകത്തും പുറത്തും വായു വ്യാപിച്ചു നില്‍ക്കുന്നതുപോലെ തന്നെ എന്ന് മനസ്സിലാക്കുക.

അചരം ചരം ഏവച

വൃക്ഷ-ലതാദി പര്‍വതങ്ങള്‍ മുതലായവ ചരിക്കുന്നില്ല; എങ്കിലും അവയിലും പരമാത്മാക്കള്‍ പൂകുന്നുണ്ട്. ദേവ-മനുഷ്യ മൃഗാദി ശരീരങ്ങള്‍ ചരിക്കുന്നവയാണ്-ചരം-എന്ന് മനസ്സിലാക്കുക, അവയിലും പരമാത്മ വ്യാപിച്ചുനില്‍ക്കുന്നു.

നമുക്ക് അറിയാന്‍ കഴിയാത്തത് എന്തുകൊണ്ട്?

സൂക്ഷ്മത്വാല്‍ തദ് അവിജേയം

നമ്മുടെ ബുദ്ധിക്കും യുക്തിക്കും ഭൗതികപദാര്‍ത്ഥങ്ങളെപ്പറ്റി മാത്രമേ അറിയാന്‍ കഴിയുകയുള്ളൂ. നമ്മുടെ ബുദ്ധി ജ്ഞാനാദികള്‍ ഭൗതികമാണ്. പരമാത്മാവ് ഭൗതികതയ്ക്ക് അതീതമാണ്; സൂക്ഷ്മവുമാണ്; ശബ്ദം രൂപാദികള്‍ ഇല്ലാത്തതുമാണ്.

തദ് ദൂരസ്ഥം, അന്തികേ ച

വാസ്തവത്തില്‍ ഭഗവാന്‍ വളരെ ദൂരെയാണ്-ലക്ഷക്കണക്കിന്, കോടിക്കണക്കിന് നാഴിക- എണ്ണിക്കണക്കാക്കാന്‍ കഴിയാത്തത്രയും ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. അതുപോലെ, നമ്മുടെ-സമീപത്തുതന്നെ ഭഗവാന്‍ സ്ഥിതിചെയ്യുന്നുമുണ്ട്. ഈ പരസ്പര വൈരുദ്ധ്യാവസ്ഥ എങ്ങനെ, യോജിക്കും. ''അന്ധോ മണിം അവിരുത''-എന്ന ഉപനിഷദ് വാക്യമാണ് ആചാര്യന്മാര്‍ ഈ സംശയത്തിന് നിവാരണമെന്ന് പറയുന്നു. ജനിച്ച മുതല്‍ തന്നെ കണ്ണുകാണാത്ത ഒരു മനുഷ്യന്റെ സമീപത്ത് ഒരു രത്‌നക്കല്ല് ഇരിക്കുന്നു.   ആ ജ്ഞാനം ഇല്ലാത്തതുകൊണ്ട് ഏതു ഭാഗത്തേക്കോ സഞ്ചരിക്കുന്നു. ''എന്നെ സഹായിക്കണേ'' എന്നുവിളിച്ചു പറയുന്നു. ഒരാള്‍ അതുകേട്ടു, അന്ധന്റെ കൈപിടിച്ച് രത്‌നത്തില്‍ തൊടുവിക്കുന്നു-അന്ധന് മണിരത്‌നം കിട്ടുന്നു.

അതുപോലെ ഭഗവാനെപ്പറ്റി ഒന്നും അറിയാത്ത മനുഷ്യന്‍ അന്ധനാണ്. ഭഗവാനെ ഭക്തിപൂര്‍വം സേവിക്കുന്ന മനുഷ്യന് നാമകഥാ കീര്‍ത്തനശ്രവണാദികള്‍കൊണ്ട്, ഭഗവാന്‍ സന്തോഷിച്ച് തന്നെ കാണാനുള്ള ദിവ്യനേത്രം നല്‍കും. അപ്പോള്‍ ഭഗവാനെ അടുത്തുതന്നെ-അന്തികേചതല്‍-കണ്ട് ആനന്ദിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.