കോട്ടത്തറ മാതൃകയില്‍ അട്ടപ്പാടിക്ക് മാനസ്സികാരോഗ്യ പദ്ധതി വേണം

Monday 5 March 2018 2:13 am IST

കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി അശുപത്രിയിലേതുപോലുള്ള മാതൃക ചികിത്സാ കേന്ദ്രങ്ങള്‍ വേണമെന്നാണ് ആവശ്യമുയരുന്നത്. 

    കിടത്തി ചികിത്സിക്കാനുള്ള സൗകര്യം കുറവാണെങ്കിലും ഇപ്പോള്‍ എട്ടുപേര്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ഇവര്‍ക്ക് മികച്ച ചികിത്സ ആശുപത്രിയില്‍ ലഭ്യമാക്കിയിട്ടുണ്ട്. മനോരോഗികളുടെ ഏറ്റവു പ്രധാനപ്രശ്‌നം അവര്‍ മരുന്ന് കഴിക്കില്ലെന്നതാണ്. കൃത്യമായി മരുന്ന് കഴിക്കുന്നുണ്ടെന്നുറപ്പാക്കാനുള്ള സംവിധാനമുണ്ടെന്നതാണ് കോട്ടത്തറയുടെ പ്രത്യേകതയും. ഇക്കാര്യം ശ്രദ്ധിക്കാനായി പ്രത്യേക വളന്റിയര്‍മാര്‍ ഇവിടെയുണ്ട്. 

   രോഗികളുടെ മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താന്‍ പച്ചക്കറി തോട്ടവും ആടുവര്‍ത്തലും ആശുപത്രിക്കകത്ത് തന്നെയുണ്ട്.  രാവിലെയും വൈകിട്ടും എല്ലാവരും നിശ്ചിതസമയം ഈ ജോലികളില്‍ വ്യപൃതരാണ്.ചീരയും മുരിങ്ങയും മുതല്‍ വാഴയും പച്ചക്കറികളും ഈ തോട്ടത്തിലുണ്ടാക്കുന്നു. 

   ജോലി വീതിച്ചുകൊടുത്തിട്ടുള്ളതിനാല്‍ എല്ലാവരും കര്‍മനിരതരാണ്. പ്രതീക്ഷിച്ചതിനെക്കാള്‍ വേഗത്തിലാണ് പലരും സാധാരണനിലയിലേക്കെത്തി വീട്ടിലേക്കു മടങ്ങുന്നത്.

    ഈ സംവിധാനം വിപുലീകരിച്ചാല്‍ മാത്രമെ അട്ടപ്പാടിയിലെ മനോരോഗ ചികിത്സപദ്ധതി ഫലം കാണുകയുള്ളൂ. സര്‍ക്കാര്‍ ഇവിടെ നടപ്പാക്കുന്ന മനോരോഗ ചികിത്സാ പദ്ധതിയില്‍ നിലവില്‍ ഇത്തരം നിര്‍ദേശങ്ങളൊന്നുമില്ല. വാര്‍ഡുതലത്തിലുള്ള കുടുംബശ്രീ ആരോഗ്യവളന്റിയര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തിയാല്‍ ഊരുകളില്‍ അലഞ്ഞു തിരിയുന്ന രോഗബാധിതരെ കണ്ടെത്തി തുടര്‍ ചികിത്സ നല്‍കാന്‍ കഴിയും. 

     അഗളി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഈരീതിയിലുള്ള ചികിത്സാ പദ്ധതി തുടങ്ങാനാവശ്യമായ അടിസ്ഥാന സൗകര്യമുണ്ടെന്ന് ഡെപ്യട്ടി ഡിഎംഒയും നോഡല്‍ ഓഫീസറുമായ  ഡോ.പ്രഭുദാസ് പറയുന്നു. ഈ സൗകര്യം ഉപയോഗപ്പെടുത്തിയാല്‍ രണ്ടിടത്തുമായി കുറഞ്ഞത് 50 പേര്‍ക്കെങ്കിലും ഒരേ സമയം ചികിത്സ നല്‍കാനാവും. 

    ചികിത്സ കഴിഞ്ഞ് ഊരുകളിലേക്ക് മടങ്ങുന്നവര്‍ക്ക് അവിടെ പുനരധിവാസമൊരുക്കാന്‍ കഴിഞ്ഞെങ്കിലേ ചികിത്സകൊണ്ട് ഗുണമുണ്ടാവുകയുള്ളൂ. ഇതിനുള്ള സംവിധാനമൊരുക്കേണ്ടത് പഞ്ചായത്ത് ഭരണ സമിതികളാണ്. കമ്മ്യുണിറ്റി വളന്റിയര്‍മാരുടെ സഹായം കിട്ടിയാല്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ കഴിയുമെന്ന് അട്ടപ്പാടിയില്‍ 200ലധികം മനോരോഗികളെ ചികിത്സിക്കുന്ന വിവേകാനന്ദ മെഡിക്കല്‍ വിഷന്‍ അധികൃതരും പറയുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.