സൗദി അറേബ്യയിൽ സംഭവിക്കുന്നത്

Tuesday 6 March 2018 2:45 am IST
സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ്, പൊതു സ്ഥലങ്ങളില്‍ നടക്കുന്ന കായിക-സംഗീത വിനോദപരിപാടികള്‍ കാണാനുള്ള അനുമതി തുടങ്ങി വിപ്ലവകരമായ മാറ്റങ്ങളാണ് തന്റെ മുന്‍ഗാമിയുടെ ചുവടുപിടിച്ച് സല്‍മാന്‍ രാജാവ് ചെയ്യുന്നത്.
"undefined"

അനശ്വര നടനായ പ്രേംനസീറെന്ന അബ്ദുള്‍ഖാദറിന്റെ കുടുംബ ഫോട്ടോ അടുത്തിടെ സാമൂഹ്യമാധ്യമത്തില്‍ കാണാന്‍ സാധിച്ചു. അദ്ദേഹവും ഭാര്യയും മക്കളും അവരുടെ കുടുംബവുമാണ് ഫോട്ടോയിലുള്ളത്. അക്കൂട്ടത്തിലെ ഒരു സ്ത്രീ പോലും തലമുടി മറച്ചിട്ടില്ലെന്നത് ഇന്നത്തെ സാഹചര്യത്തില്‍ എടുത്തു പറയേണ്ടതാണ്. ഹിജാബോ പര്‍ദ്ദയോ പോയിട്ട് സാരിത്തലപ്പു കൊണ്ട് പോലും മുടി മറച്ചിട്ടില്ലെന്നത് ഇന്ന് തീവ്രയാഥാസ്ഥിതികത്വത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഇസ്ലാമിക സമൂഹത്തിന് അംഗീകരിക്കാനാകുമോ എന്നറിയില്ല. പ്രേംനസീറിന്റെ തന്നെ ഇന്നത്തെ കുടുംബത്തിന്റെ അവസ്ഥയും എന്തായിരിക്കുമെന്നുറപ്പില്ല.

കടുത്ത മതനിയമത്തിന്റെ വേലിക്കെട്ടുകളുടെ കല്ലുകള്‍ പതുക്കെ പൊളിച്ച് മുന്നോട്ടു വരുന്ന സൗദി അറേബ്യയിലെ അന്തരീക്ഷം പരമാര്‍ശിക്കുമ്പോള്‍ അവരെ അന്ധമായി അനുകരിക്കുന്ന കേരളത്തിലെ ഇസ്ലാമിക പൗരോഹിത്യ സമൂഹത്തിന്റെ പിന്തിരിപ്പന്‍ സമീപനങ്ങള്‍ പരാമര്‍ശിക്കാതെ പോകുന്നത് ശരിയല്ലെന്ന ബോധ്യത്തിന്റെ പുറത്താണ് പ്രേംനസീറിനെ കൂട്ടുപിടിച്ചത്.

ഗോത്രവര്‍ഗ സംസ്‌കാരത്തില്‍ നിന്ന് രാജ്യമെന്ന ചടക്കൂട്ടിലേക്ക് സൗദി അറേബ്യ വരുന്നത് 1932 ലാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ നിക്ഷേപം വന്‍തോതില്‍ കണ്ടെത്തുകയും അത് താരതമ്യേന ദരിദ്രജനതയായിരുന്ന അറേബ്യന്‍ നാടുകളുടെ സ്‌ഫോടനാത്മകമായ വികസനത്തിനും വഴി വച്ചു. ഈ സാഹചര്യത്തില്‍ നിന്നാണ് സൗദിയുടെയും തുടക്കം.

സൗദി രാജാക്കന്മാര്‍ രാജ്യം ഭരിച്ച 48 വര്‍ഷങ്ങള്‍ സ്ത്രീ സമൂഹത്തിന് കഠിനമായ വിലക്കുകള്‍ നേരിടേണ്ടി വന്നിട്ടില്ല. 60-70 കാലഘട്ടങ്ങളില്‍ തലമുടി മറയ്ക്കുന്നതിനു പോലും സൗദിയില്‍ നിര്‍ബന്ധമുണ്ടായിരുന്നില്ലെന്ന് പലരും ഓര്‍ക്കുന്നുണ്ട്. അന്നെല്ലാം മതത്തിനപ്പുറം രാജ്യത്തിന്റെ പുരോഗതി ഓര്‍ത്തിരുന്ന ഭരണാധികാരികള്‍ ഉണ്ടായിരുന്നു എന്നതായിരുന്നു പ്രത്യേകത. എന്നാല്‍ 70 കളുടെ അവസാനത്തോടെ മധ്യപൂര്‍വേഷ്യയില്‍ പൂര്‍ണമായും മത നിയമങ്ങള്‍ നിലവില്‍ വരുകയും സലാഫിസം ഭരണാധിപന്മാരെപ്പോലും വെല്ലുവിളിക്കുന്നിടത്തേക്കും കാര്യങ്ങള്‍ എത്തി. പൗരോഹിത്യവൃന്ദത്തെ തൃപ്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് ഖാലിദ് ബിന്‍ അബ്ദുള്‍ അസീസ് രാജാവിന്റെ കാലത്ത് മതനിയമങ്ങള്‍ കര്‍ശനമാക്കാന്‍ സൗദി തീരുമാനിച്ചത്.

പിന്നീടങ്ങോട്ട് ഇന്നു വരെ സൗദിയില്‍ നിലനില്‍ക്കുന്ന ഭരണം മതപ്പോലീസിന്റേതാണ്. സൗദി അറേബ്യ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച ഫഹദ് ബിന്‍ അബ്ദുള്‍ അസീസ് അല്‍സൗദിന്റെ കാലത്ത് മതനിയമങ്ങളില്‍ യാതൊരു വിട്ടു വീഴ്ചയും ഉണ്ടായില്ലെന്നു മാത്രമല്ല, കാലാകാലങ്ങളില്‍ അവ കര്‍ശനമായി മാറിക്കൊണ്ടിരുന്നു.

സൗദിയില്‍ സ്ത്രീകള്‍ പൂര്‍ണമായും മതശാസനയിലാണ് ജീവിക്കുന്നത്. അവര്‍ക്ക് പൂര്‍ണമായും പിതാവ്, ഭര്‍ത്താവ്, മകന്‍, സഹോദരന്‍ എന്നിവരുടെ തണലില്‍ മാത്രമേ ജീവിക്കാന്‍ സാധിക്കൂ. പുറത്തിറങ്ങണമെങ്കില്‍ പോലും പുരുഷന്റെ കൂട്ട് ആവശ്യമാണ്. പൊതു ഇടങ്ങളില്‍ മതപ്പോലീസിന്റെ കര്‍ശനമായ നിരീക്ഷണം ഉണ്ടാകും. സ്ത്രീ-പുരുഷന്മാരെ ഒന്നിച്ചു കണ്ടാല്‍ മത പോലീസിന് ചോദ്യം ചെയ്യാന്‍ അധികാരമുണ്ട്. വിവാഹ കരാറോ, അല്ലെങ്കില്‍ ബന്ധുത്വം തെളിയിക്കുന്ന രേഖയോ ഇല്ലെങ്കില്‍ വ്യഭിചാര കുറ്റത്തിനാണ് വിചാരണ ചെയ്യുക. ഇസ്ലാമിക പാഠ്യവിഷയങ്ങളല്ലാതെ മറ്റൊന്നും പഠിക്കാനും അവസരമില്ല.

അബ്ദുള്ള രാജാവാണ് കര്‍ശനമായ മതനിയമങ്ങളില്‍ അല്‍പമെങ്കിലും ഇളവ് അനുവദിക്കാന്‍ മനസു കാണിച്ചത്. സൗദിയില്‍ സ്ത്രീകള്‍ക്ക് ജോലി ചെയ്യാനുള്ള അവകാശം, വോട്ടവകാശം തുടങ്ങിയ കാര്യങ്ങളില്‍ അദ്ദേഹം അനുകൂലമായ തീരുമാനങ്ങള്‍ എടുത്തു. സൗദി സ്ത്രീകള്‍ക്ക് വിദേശത്ത് പോയി പഠിക്കാനുള്ള സ്‌കോളര്‍ഷിപ്പ് അവസരവും നല്‍കിയത് അദ്ദേഹത്തിന്റെ കാലത്താണ്. മതപ്പോലീസിനെ പൗരോഹിത്യ കാര്‍ക്കശ്യത്തില്‍ നിന്നും മോചിപ്പിച്ചതും അദ്ദേഹമാണ്. ഇതു കൂടാതെ സര്‍ക്കാര്‍ അംഗീകരിച്ച പുരോഹിതര്‍ക്കു മാത്രമേ മതശാസനങ്ങള്‍(ഫത്വ) ഇറക്കാനുള്ള അനുമതി ഉണ്ടാകൂ എന്ന നിയമം കര്‍ശനമായി നടപ്പാക്കിയതും അദ്ദേഹത്തിന്റെ പുരോഗമനപരമായ ആശയങ്ങളാണെന്നു നിരീക്ഷിക്കാം.

സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ്, പൊതു സ്ഥലങ്ങളില്‍ നടക്കുന്ന കായിക-സംഗീത വിനോദപരിപാടികള്‍ കാണാനുള്ള അനുമതി തുടങ്ങി വിപ്ലവകരമായ മാറ്റങ്ങളാണ് തന്റെ മുന്‍ഗാമിയുടെ ചുവടുപിടിച്ച് സല്‍മാന്‍ രാജാവ് ചെയ്തു കൊണ്ടിരിക്കുന്നത്. നീണ്ട 37 വര്‍ഷത്തിനു ശേഷമാണ് സൗദി അറേബ്യയില്‍ സിനിമാ പ്രദര്‍ശനത്തിന് അനുമതി ലഭിച്ചത്. ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്ന രാജ്യാന്തര സാമൂഹിക അന്തരീക്ഷമാണ് സൗദി അറേബ്യ പോലൊരു രാജ്യത്ത് ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ദൃശ്യമാകാന്‍ കാരണം.

എന്നാല്‍ 90 കളുടെ അവസാനം വരെ കേരളത്തിലെ സ്‌കൂളുകളില്‍ പര്‍ദയോ ഹിജാബോ ധരിച്ച പെണ്‍കുട്ടികളുടെ എണ്ണം ഏറെ കുറവായിരുന്നു. ഇസ്ലാം മതനിയമങ്ങളും അവ അടിച്ചേല്‍പ്പിക്കാന്‍ ആവേശം കൊള്ളുന്നവരും പറഞ്ഞിരുന്ന ന്യായം തങ്ങളുടെ വാഗ്ദത്ത ഭൂമിയായ സൗദി അറേബ്യയിലെ നിയമങ്ങള്‍ തന്നെയാണ് ഇസ്ലാമികമെന്നായിരുന്നു. അവിടെ കാര്യങ്ങള്‍ മാറി മറിയുമ്പോള്‍ കേരളത്തെ മതശാസനകളുടെ ചട്ടക്കൂടില്‍ വരിഞ്ഞു മുറുക്കാനാണ് ഇവിടുത്തെ പൗരോഹിത്യവൃന്ദം ആഗ്രഹിക്കുന്നത്.

കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മുസ്ലിം ജനതയും ഇത്തരത്തിലുള്ള ചട്ടക്കൂടിനെ അംഗീകരിക്കുന്നില്ലെന്നതാണ് വസ്തുത. പള്ളികളോട് ചേര്‍ന്നുള്ള മതപഠനശാലകളിലേക്ക് കുട്ടികളെ അയയ്ക്കാതെ വീട്ടില്‍ വന്ന് മതം പഠിപ്പിക്കുന്ന അധ്യാപകരുടെ എണ്ണം കേരളത്തില്‍ കൂടി വരുകയാണ്. സാമ്പത്തികമായി ഉയര്‍ന്ന വിഭാഗമായിരുന്നു ഈ സൗകര്യം ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് മൂന്നോ നാലോ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഒന്നിച്ച് മതപഠനം നടത്താന്‍ സൗകര്യം ഒരുക്കുകയാണ് മാതാപിതാക്കള്‍.

കാസര്‍കോട്ടെ ഒരു വനിതാ കോളേജില്‍ പോലീസ് സൂപ്രണ്ടിന്റെ ഒപ്പം ഗ്രൂപ്പ് ഫോട്ടോയെടുത്ത പെണ്‍കുട്ടികള്‍ക്കാര്‍ക്കും മുഖമുണ്ടായിരുന്നില്ല. അവരെല്ലാം മുഖം കൂടി പര്‍ദ്ദയിട്ട് മറച്ചാണ് പോസ് ചെയ്തത്. അഫ്ഗാന്‍ കുര്‍ത്തയും തൊപ്പിയും മുഖം പോലും മൂടുന്ന പര്‍ദ്ദയുമണിഞ്ഞ് നഴ്‌സറിയില്‍ പഠിക്കുന്ന ആണ്‍കുട്ടിയും പെണ്‍കുട്ടിയും പോകുന്ന കാഴ്ച ഇന്ന് കേരളത്തില്‍ കുറവല്ല.

ഇത്തരം കാഴ്ചകള്‍ക്കെല്ലാം മികച്ച മറുപടിയാണ് സൗദി അറേബ്യ നല്‍കാന്‍ ഒരുമ്പിടുന്നത്. നാല് പതിറ്റാണ്ടോളം ഒരു ജനതയെ മതനിയമത്തിന്റെ ചങ്ങലയ്ക്കുള്ളില്‍ ബന്ധിച്ച സൗദി അറേബ്യ പോലും മാറി ചിന്തിക്കുമ്പോഴാണ്, അറബിയേക്കാള്‍ വലിയ അറബിയാകാന്‍ കേരളത്തിലെ പൗരോഹിത്യവൃന്ദം ഇവിടുത്തെ വിശ്വാസികളെ പ്രേരിപ്പിക്കുന്നത്. ഊരുവിലക്കും കായികമായ ഭീഷണിയുമൊന്നും കേരളത്തില്‍ ഇന്ന് പുതിയ വാര്‍ത്തയല്ലാതായിരിക്കുന്നു. വ്യഭിചാരം ആരോപിച്ച് ആളുകളെ തല്ലുന്നതും കൊല്ലുന്നതും വടക്കന്‍ കേരളത്തിലെ നിത്യവാര്‍ത്തയായി മാറുന്നു.

മതനിയമങ്ങളിലെ കാടത്തം വിശ്വാസികള്‍ അംഗീകരിക്കില്ലെന്നതിന്റെ തെളിവായിരുന്നു മോദി സര്‍ക്കാര്‍ പാസാക്കിയ മുത്തലാഖ് നിരോധനം. രാഷ്ട്രീയമായി മുസ്ലീം ലീഗും വര്‍ഗീയമായി തീവ്ര ഇസ്ലാമിക പാര്‍ട്ടികളായ പിഎഫ്‌ഐ, എംഐഎം എന്നിവ ഈ വിഷയത്തെ നേരിട്ടപ്പോഴും ആത്മാഭിമാനമുള്ള മുസ്ലീം വനിതകള്‍ സര്‍ക്കാരിനൊപ്പം നിന്നുവെന്നത് ശ്ലാഘനീയമാണ്. സമത്വത്തിനും ശാക്തീകരണത്തിനും സര്‍ക്കാരുകള്‍ നല്‍കുന്ന പിന്തുണ ഏതൊരു സമൂഹത്തിനും കരുത്ത് പകരുമെന്നതിന്റെ ഉദാഹരണമാണ് ജാമിദ ടീച്ചര്‍ക്ക് വെള്ളിയാഴ്ച നമസ്‌കാരത്തിന് നേതൃത്വം നല്‍കാനുള്ള സാഹചര്യമുണ്ടാക്കിയത്. വോട്ടു ബാങ്ക് മനസ്സില്‍ കണ്ട് കൊണ്ട് പൗരോഹിത്യ ദുഷ്പ്രഭുത്വത്തിനു മുന്നില്‍ മുട്ടു മടക്കിയാല്‍ തിരിച്ചു കിട്ടാനാവാത്ത വിധം നഷ്ടമാകും ദൈവത്തിന്റെ സ്വന്തം നാടെന്ന് നിലവില്‍ പരസ്യത്തിലെങ്കിലും വീമ്പിളക്കുന്ന വാചകം. സൗദി ഒരു സൂചകം മാത്രമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.