അഖിലേന്ത്യൻ

Tuesday 6 March 2018 2:45 am IST
"undefined"

സഖാവ് ബാലേഷ്ണനെ തൃശൂരില്‍ ചേര്‍ന്ന സമ്മേളനം തെരഞ്ഞെടുത്തത് പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയായിട്ടാണെന്നാണ് കേരളത്തിലെ സഖാക്കന്മാരുടെ വിലയിരുത്തല്‍. ബംഗാളും പിന്നെ ത്രിപുരയും കട്ടപ്പുറത്താവുകയും അഞ്ചാണ്ടിനിടയ്ക്ക് വീണുകിട്ടുന്ന കസേര മുതലാക്കി പിണറായി മുതലാളി അകത്തും പുറത്തും സമ്പന്നനാവുകയും ചെയ്ത കാലത്ത് ബാലേഷ്ണന്‍ അഖിലേന്ത്യനാവുന്നതില്‍ തെറ്റില്ല താനും. 

കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ ലീഗിനോട് ചങ്ങാത്തം കൂടാമെന്ന് റിപ്പോര്‍ട്ടര്‍ മുതലാളി നികേഷ് കുമാറിന്റെ അച്ഛന്‍ എം.വി. രാഘവന്‍ പറഞ്ഞത് കൊടിയ വര്‍ഗവിരോധമായി കണ്ട പ്രത്യയശാസ്ത്രപ്പെരുമയുള്ള പാര്‍ട്ടിയാണ് ബാലേഷ്ണന്റേത്. എംവിആറിനെ ഇല്ലാതാക്കാന്‍ ക്വട്ടേഷനും ക്വട്ടേഷനുമുകളില്‍ ക്വട്ടേഷനുമായി പാര്‍ട്ടിക്കൊലയാളികള്‍ കേരളമാകെ വെറിപിടിച്ചുനടന്നതായിരുന്നു അക്കാലം. ഇപ്പോള്‍ അതൊക്കെ മാറി. എംവിആറിന്റെ മകന്‍ പാര്‍ട്ടിക്കുവേണ്ടി കിണറ്റിലിറങ്ങി തൊട്ടിയെടുക്കുകയും പാര്‍ട്ടിയുടെ തൊട്ടിപ്പിരിവിന് മുട്ടിപ്പായി പിന്തുണ കൊടുക്കുകയും ചെയ്തു. 

ലീഗിനെ കൂട്ടണമെന്ന് പറഞ്ഞതിന് എംവിആറിനെ കൊല്ലാന്‍ നടന്ന പിണറായിയും കൂട്ടരും ഇപ്പോള്‍ മാണിക്കുവേണ്ടി കോണി ഒരുക്കുന്ന തിരക്കിലാണ്. തങ്ങളേക്കാള്‍ വലിയ അധ്വാനവര്‍ഗസിദ്ധാന്തക്കാരനാണ് പാലാക്കാരന്‍ മാണിയെന്നാണ് പുതിയ കണ്ടുപിടുത്തം. ബാലേഷ്ണന്‍ സഖാവ് ഒളിച്ചും പതുങ്ങിയും നടത്തിയ പ്രശ്‌നപരിഹാര വിധിയിലും അതുതന്നെയാണ് പോലും തെളിഞ്ഞത്. അദ്ധ്വാനവര്‍ഗത്തിന് വേണ്ടി മാണിയോളം കഷ്ടപ്പെട്ട ഒരു നേതാവിനെ കാണാന്‍ പ്രയാസമാണ്. പാര്‍ട്ടി സമ്മേളനങ്ങളിലൊക്കെ അദ്ദേഹത്തിന്റെ വക ഒരു സ്‌പെഷ്യല്‍ ക്ലാസിപ്പോള്‍ നിര്‍ബന്ധമാണ് താനും. 

മാണിയെ കൂട്ടണോ, മുന്നണി വലുതാക്കണോ എന്നൊന്നും ചോദിക്കാന്‍ ഇനി പൊളിറ്റ് ബ്യൂറോയൊന്നുമില്ല. എല്ലാം പിണറായിയിലാണ്. കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകളാണ് സര്‍വാധിപതികള്‍. പിണറായിയും ബാലേഷ്ണന്‍ സഖാവുമൊക്കെയാണ് ആകെയുള്ള നേതാക്കള്‍. യച്ചൂരിയും കാരാട്ടുമൊക്കെ പെട്ടീം പ്രമാണോമെടുത്ത് കേരളത്തിലേക്ക് വണ്ടി കയറുന്നതാവും നല്ലത്. ചൈനയും പാക്കിസ്ഥാനുമൊക്കെ സഹായിക്കുമെന്നാണ് ഇപ്പോഴുള്ള അഖിലേന്ത്യന്മാരുടെ ഒരു പ്രതീക്ഷ. മോദി മൂന്ന് പേര്‍ക്കും പൊതുശത്രുവാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണല്ലോ ബാലേഷ്ണന്‍ സഖാവ് ചൈനയ്ക്കു വേണ്ടി ഏലസ് ധരിക്കുന്നതും ശത്രുസംഹാരപൂജ നടത്തുന്നതുമൊക്കെ. 

മോദിയുടെ ഭരണത്തില്‍ ഇന്ത്യ സാമ്പത്തിക വളര്‍ച്ചയില്‍ ചൈനയെ കടത്തിവെട്ടിയെന്ന വാര്‍ത്ത കേട്ടപ്പോഴേ ചങ്കിടിച്ചത് ബാലേഷ്ണനും കൂട്ടര്‍ക്കുമാണ്. ചൈനയുടെകൂടി നില പരുങ്ങലിലായാല്‍ പിന്നെ ജയരാജനും കണ്ണൂരും മാത്രമാണ് ശരണം. ഇതൊന്നും അറിയാതെയാണ് കാനം കിടന്ന് കരയുന്നത്. കാനത്തിന്റെ പാര്‍ട്ടിക്ക് നാല് വോട്ട് തികച്ചുകിട്ടുന്നിടത്ത് ഇതിനേക്കാള്‍ വലിയ കന്നംതിരിവാണ് കാട്ടുന്നത്. പുനലൂരില്‍ ഒരു പാവം പ്രവാസിയുടെ ജീവനോപാധിക്കുമേല്‍ കൊടി കുത്തി ഭീഷണിപ്പെടുത്തിയ ഇനങ്ങളാണ്. കാനവും അത്രയ്ക്ക് പുണ്യാളനല്ലെന്നാണ് ഇപ്പോള്‍ മാണിക്കമ്മ്യൂണിസ്റ്റിന്റെ വാദം...

പാര്‍ട്ടി സമ്മേളനത്തിനിടയില്‍ ജയരാജനെ പിണറായിയും ബാലേഷ്ണനും മാറ്റിനിര്‍ത്തി അഭിനന്ദിച്ചത് പ്രീണനത്തിന്റെ ഒരു ഭാഗമാണ്. ശാസിച്ചതാണെന്നാണ് കാര്യങ്ങള്‍ മനസ്സിലാക്കാത്ത മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിച്ചത്. കതിരൂരിലെ ചെങ്കതിരും അരിവാളും ഇല്ലായിരുന്നെങ്കില്‍ കൂപ്പര്‍ ബാലേഷ്ണനും മക്കളും സൃഷ്ടിച്ച ന്യൂ ജെന്‍ അധ്വാനവര്‍ഗസിദ്ധാന്തം ചര്‍ച്ചിച്ച് ആകെ കുളമാക്കിയേനെ. തൊഴിലാളികളുടെ പാര്‍ട്ടിയാണ് ഇതെന്നൊക്കെ ഇപ്പോഴും വാശി പിടിക്കുന്ന ചില മാമൂല്‍പ്രിയന്മാരുണ്ട്. അവര്‍ക്കാണ് സൂക്കേട്. അറബിയുടെ പണവും അടിച്ചുമാറ്റി മുങ്ങാന്‍ നോക്കിയ ബാലേഷ്ണന്‍ സഖാവിന്റെയും വിജയന്‍പിള്ള മുതലാളിയുടെയും മക്കള്‍ക്കുമേല്‍ പിടി വീണതോടെ ആകെ അങ്കലാപ്പിലായിപ്പോയ പാര്‍ട്ടിയെ ഊരിയെടുത്തതിന്റെ അഭിനന്ദനമാണ് കതിരൂരിലെ ചെങ്കതിരിന് സമ്മേളനവേദിയില്‍ ലഭിച്ചത്. 

യൂത്ത് കോണ്‍ഗ്രസുകാരനായ നൗഷാദിനെ കൊലപ്പെടുത്തിയതോടെ മാധ്യമങ്ങള്‍ മുഴുവന്‍ കൂപ്പറിനെയും മോനെയും വിട്ട് അതിന് പിന്നാലെ പാഞ്ഞു. കണ്ണൂരില്‍ മാത്രമല്ല ജയരാജന്‍ പോയി വാണിടത്തെല്ലാം കൊലപാതകം നടക്കുന്നുവെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നപ്പോഴൊന്നും ചര്‍ച്ചിക്കാത്തവര്‍ നൗഷാദ് എപ്പിസോഡിട്ട് ദിവസങ്ങള്‍ തള്ളിനീക്കി. സിപിഎമ്മുകാര്‍ കൊന്നുതള്ളിയ ആര്‍എസ്എസുകാരും ബിജെപിക്കാരുമൊക്കെ കൊല്ലപ്പെടേണ്ടവരായിരുന്നുവെന്ന് പറയാതെ പറഞ്ഞുകൊണ്ടാണ് ഇക്കൂട്ടര്‍ വെട്ടിനുറുക്കപ്പെട്ട നൗഷാദിന്റെ മൃതദേഹം വച്ച് ചര്‍ച്ച കൊഴുപ്പിച്ചത്. നൗഷാദ് കത്തിക്കയറിയ പഴുതിലൂടെ ബാലേഷ്ണന്‍ രക്ഷപ്പെട്ടു. നൗഷാദിന്റെ വധത്തിന് പിന്നാലെ തലശ്ശേരിയില്‍ നിരാഹാരം കിടന്ന ആഗോള സമാധാനവാദി കെ. സുധാകരന്‍ ആരും പറയാതെ ഒരു ദിവസം നാരങ്ങാനീര് കുടിച്ച് സമരം അവസാനിപ്പിച്ചു. സമാധാനചര്‍ച്ചയെന്ന പ്രഹസന യോഗത്തിലും ജയരാജന്‍ കാര്യങ്ങള്‍ നിയന്ത്രിച്ചു. സതീശന്‍ പാച്ചേനി 'താനാരുവ്വാ' എന്ന്  ജയരാജനോട് ചോദിച്ചതും ഒരു നേരത്തെ ചര്‍ച്ചയ്ക്ക് വകയാക്കി മാധ്യമങ്ങള്‍. അങ്ങനെ ചോദിക്കാനും ഒരുത്തനുണ്ടായല്ലോ എന്ന അതിശയത്തിലായിരുന്നു മാധ്യമങ്ങളും മലയാളികളും. അത്രയ്ക്കാണ് പാറായി ജയരാജന്റെ  പവറ്.

എല്ലാം ബാലേഷ്ണനെ രക്ഷിക്കാെനന്ന മട്ടില്‍ എഴുതിച്ചേര്‍ത്ത തിരക്കഥ പോലെ തോന്നിച്ചു. അതിനിടയില്‍ കുണ്ടറക്കാരന്‍ ബേബി കൊലപാതകരാഷ്ട്രീയത്തിനെതിരെ വല്ലാതെ വിജൃംഭിച്ചതും വാര്‍ത്തയായി. കലാലയമുറ്റത്ത് പ്രിന്‍സിപ്പാളിന് കുഴിമാടം തീര്‍ത്തവന്റെ ആര്‍ട്ട് ഇന്‍സ്റ്റലേഷനെക്കുറിച്ച് വാചാലനായ കപടബുദ്ധിജീവിയുടെ സമാധാനക്കൊതി കണ്ണൂര്‍ ലോബി കൈപ്പിടിയിലാക്കിയ അധികാരത്തിനുവേണ്ടിയുള്ള ആര്‍ത്തിയായിരുന്നു. കാരാട്ടും ഭാര്യയും യച്ചൂരിയും കേരളത്തില്‍ നിന്നുള്ള അഖിലേന്ത്യാ കമ്മ്യൂണിസ്റ്റ് രാമചന്ദ്രന്‍ പിള്ളയുമടങ്ങുന്ന അവയ്‌ലബിള്‍ പൊളിറ്റ് ബ്യൂറോ എന്ന സംവിധാനം ഇനി ഇവിടെ ബാലേഷ്ണന്റെയും പിണറായിയുടെയും സന്നിധാനത്തില്‍ കൂടണം. ജയരാജനും കിങ്കരന്മാരും കാവല്‍ നില്‍ക്കും. കേരളത്തില്‍ ഇനി കമ്മ്യൂണിസ്റ്റുകളില്ല, കണ്ണൂരിസ്റ്റുകളേയുള്ളൂ. ജയരാജന്‍ അനുവദിക്കുന്നതുവരെ ബാലേഷ്ണന്‍ പാര്‍ട്ടി സെക്രട്ടറി. കണ്ണൂരിന് പുറത്തുള്ളവര്‍ക്ക് വേണേല്‍ ഒരു വര്‍ഗബഹുജന സംഘടനയുണ്ടാക്കാം. അതിനപ്പുറം നോക്കണ്ട. തോമസ് ഐസക്കായാലും ബേബിയായാലും ആനത്തലവട്ടമായാലും ഇനി എന്തിനും പോന്ന സുധാകരനായാലും മാഷാ അള്ളാ എന്നെഴുതിയ ഇന്നോവയെയും കൊടി സുനിയെയും പേടിക്കണം. അതാണ് കണ്ണൂരിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം.

ജയരാജനിസം കൊലപാതകവും താന്തോന്നിത്തവുമായി കേരളത്തിലാകെ കത്തിപ്പടരുകയാണ്. ആര്‍ക്കും ആരെയും കൊല്ലാം. അട്ടപ്പാടിയിലെ മധുവിനെ തല്ലിക്കൊന്നതും പ്രവാസിയായ സുഗതന്‍ തൂങ്ങി മരിച്ചതുമൊന്നും ജയരാജന്മാര്‍ വിലസുന്ന കേരളത്തില്‍ അത്ര വല്യ സംഭവമല്ല. അട്ടപ്പാടിയെ സോമാലിയയോട് ഉപമിച്ചതിന്റെ പേരില്‍ നരേന്ദ്രമോദിക്കെതിരെ സൊമാലിയക്കാര്‍ മുന്‍കാലപ്രാബല്യത്തോടെ കേസ് കൊടുക്കാന്‍ പോകുന്നുവെന്നാണ് പുതിയ ട്രോള്‍. എന്തായിരുന്നു അന്ന് പുകില്. കേരളത്തിന്റെ അഭിമാനം കപ്പല്‍ കേറിയെന്നായിരുന്നു ചര്‍ച്ച. ബാലേഷ്ണനും ജയരാജനും പിണറായിയും വാഴുന്ന കേരളത്തിന് ഇനിയെന്ത് മാനമാണ് നഷ്ടപ്പെടാനുള്ളത്. അമ്മമാരുടെ മാനം പോലും നാല് കാശിന് വിറ്റുകളയാമെന്ന് കരുതുന്ന വീരേന്ദ്രകുമാരന്മാരും മാണിക്കൊപ്പം ബാലേഷ്ണന്റെ കോണിയില്‍ കേറിയിരിപ്പുണ്ടെന്ന് ഓര്‍ക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.