ജനസേവന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍ പൈപ്പ്‌ലൈന്‍ പൂട്ടി, വെള്ളമില്ലാതെ പത്താംനാള്‍

Tuesday 6 March 2018 2:00 am IST
നഗരഹൃദയത്തില്‍ വെള്ളംകുടി മുടങ്ങിയിട്ട് പത്ത് നാള്‍. നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം സെന്റ് ആന്റണീസ് കോപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ജനസേവനകേന്ദ്രമാണ് വെള്ളമില്ലാതെ പ്രതിസന്ധിയിലായത്.

 

കോട്ടയം: നഗരഹൃദയത്തില്‍ വെള്ളംകുടി മുടങ്ങിയിട്ട് പത്ത് നാള്‍. നാഗമ്പടം  പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം സെന്റ് ആന്റണീസ് കോപ്ലക്‌സില്‍  പ്രവര്‍ത്തിക്കുന്ന ജനസേവനകേന്ദ്രമാണ് വെള്ളമില്ലാതെ പ്രതിസന്ധിയിലായത്.  ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാര്‍ ദുരിതത്തിലായി. ജല വിതരണ പൈപ്പ് ലൈന്‍ പൂട്ടിയതാണ് കാരണം. വാടക കുടിശിക വന്നതിനാലാണ് പൈപ്പ് പൂട്ടിയെന്നാണ് കെട്ടിട ഉടമകളുടെ വാദം.     

      നാലു പുരുഷ ജീവനക്കാരും അഞ്ചു സ്ത്രീ ജീവനക്കാരുമാണ് ഇവിടെ ജോലി ചെയ്യുന്നത്. വെള്ളമില്ലാത്തതിനാല്‍ ശൗചാലയം ഉപയോഗിക്കാന്‍ കഴിയുന്നില്ല. രാവിലെ 9ന് തുടങ്ങുന്ന ജോലി വൈകിട്ട് 7 മണിക്കാണ് അവസാനിക്കുന്നത്.ചൂടുകൂടിയതോടെ വെള്ളം  കുടിക്കാന്‍ പോലും ജീവനക്കാര്‍ക്ക് സാധിക്കുന്നില്ല. ശൗചാലയത്തില്‍ പോകേണ്ടി വന്നാലോ എന്ന ആശങ്കയിലാണ് ഇവര്‍.ഭക്ഷണം കഴിച്ചാല്‍ പാത്രം വൃത്തിയാക്കാതെ തിരികെ വീട്ടിലേക്ക് കൊണ്ടു പോകാറാണ് പതിവ്. പുരുഷ ജീവനക്കാര്‍ അടുത്ത ഹോട്ടലില്‍ പോയി ശങ്ക തീര്‍ക്കുമ്പോള്‍ സ്ത്രീ ജീവനക്കാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. 

  ഒരു ദിവസം വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള ബില്ലുകളും,യൂണിവേഴ്‌സിറ്റി ഫീസുകളും അടക്കാന്‍ നൂറുകണക്കിന് ഉപഭോക്താക്കളാണ് എത്തുന്നത്.

ബില്ല് അടക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ജനസേവനകേന്ദ്രത്തിന് രൂപം കൊടുത്തത്.വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നു ഡെപ്യൂട്ടേഷനില്‍ ജോലിക്കെത്തുന്നവരാണ് ഇവിടുത്തെ ജീവനക്കാര്‍.കെട്ടിടത്തിന്റെ വാടക കൊടുക്കേണ്ടത് നഗരസഭയാണ്. 10 വര്‍ഷമായി നഗരസഭ വാടക കൊടുക്കുന്നില്ല. ലക്ഷങ്ങളാണ് വാടക കുടിശിക ഇനത്തില്‍ കൊടുക്കാനുള്ളത്. പ്രതിമാസം 12000 രൂപയാണ് വാടക. പ്രശ്‌നം നഗരസഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന പരാതി ഉയരുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.