മാക്കൂട്ടം ചുരംറോഡില്‍ അപകടം തുടര്‍ക്കഥയാവുന്നു ഒരുവര്‍ഷത്തിനിടയല്‍ പൊലിമത് ആറു ജീവന്‍

Monday 5 March 2018 10:43 pm IST

ഇരിട്ടി: മാക്കൂട്ടം ചുരം റോഡില്‍ വാഹനാപകടം തുടര്‍ക്കഥയാകുന്നു. ആറുമാസത്തിനിടെ ഒരേസ്ഥലത്ത് അന്‍പതോളം അപകടങ്ങളാണ് നടന്നത്. അപകടങ്ങള്‍ക്കെല്ലാം ഒരേസ്വഭാവമായിട്ടും അധികൃതര്‍ കണ്ണ് തുറക്കുന്നില്ല. ഒരു വര്‍ഷത്തിനിടയില്‍ കുട്ടപ്പാലം വളവിലുണ്ടായ അപകടത്തില്‍ ആറുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നൂറിലധികം പേരാണ് ഇക്കലയളവില്‍ അപകടത്തില്‍പ്പെട്ട് അംഗവൈകല്യം വന്ന് ജീവച്ഛവമായി കഴിയുന്ന്.

തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങള്‍ പരിശോധിക്കാന്‍ ശാസ്ത്രീയ പരിശോധന പോലും ഇതുവരെ ഉണ്ടായിട്ടില്ല. ഇന്നലെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എല്ലാവര്‍ക്കും സാരമായ പരിക്കുകളാണ്. ഇതില്‍ രണ്ട് പേരുടെ കൈകാലുകള്‍ ഒടിഞ്ഞ് തൂങ്ങിയ നിലയിലാണ്. അപകടമേഖലയില്‍ ഒരു സിഗ്നല്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

തുടര്‍ച്ചയായി അപകടങ്ങള്‍ ഉായപ്പോള്‍ രണ്ട് വര്‍ഷം മുന്‍പ് ഒരു ചെറിയ സിഗ്നല്‍ ബോര്‍ഡ് സ്ഥാപിച്ചത് മാത്രമാണ് ആകെയുള്ള മുന്‍കരുതല്‍. അപകടങ്ങള്‍ എല്ലാം വാഹനങ്ങള്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുള്ളതാണ്. ചുരം ഇറങ്ങി വേഗതയില്‍ വരുന്ന റോഡില്‍ പെടുന്നനെ ശ്രദ്ധയില്‍പ്പെടുന്ന കൊടും വളവാണ് വാഹനങ്ങളെ അപകടങ്ങളുടെ ശവപ്പറമ്പാകുന്നത്. ഈ വളവ് ശ്രദ്ധയില്‍പ്പെടുന്ന വിധം എവിടെയും സിഗ്നല്‍ ബോര്‍ഡുകളില്ല. റോഡ് നവീകരണം പൂര്‍ത്തിയായതിനാല്‍ ആദ്യമായി ചുരം റോഡിലൂടെ സഞ്ചരിക്കുന്നവര്‍ റോഡിലെ അപകടമേഖലകള്‍ ശ്രദ്ധിക്കുന്നില്ല. ചുരം ഇറങ്ങി വേഗതയില്‍ വരുന്ന വാഹനങ്ങള്‍ പെട്ടെന്ന് വളവ് തിരിയുമ്പോഴാണ് വാഹനങ്ങള്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുന്നത്. റോഡിന്റെ ഇരുവശങ്ങളിലും വളര്‍ന്നുനില്‍ക്കുന്ന കാടും അപകടത്തിനിടയാക്കുന്നു. ശാസ്ത്രീയമായ രീതിയില്‍ വളവ് നിവര്‍ത്തിയും വീതികൂട്ടിയും റോഡരികിലെ കുഴിനികത്താനുമുള്ള നടപടിയാണ് ആവശ്യം. എന്നാല്‍ ബന്ധപ്പെട്ടവര്‍ ഇക്കാര്യം ശ്രദ്ധിക്കുന്നേയില്ല. ചുരം റോഡിലൂടെയുള്ള യാത്രക്കാരില്‍ എണ്‍പത് ശതമാനവും മലയാളികളായതിനാല്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഇടപെടലുകള്‍ ഉണ്ടാകണമെന്നാവശ്യം ശക്തമായിട്ടുണ്ട്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.