അതിരൂപതയുടെ വസ്തു ഇടപാട്; കേസെടുക്കാത്തതെന്ത്? ഹൈക്കോടതി
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടും എന്തുകൊണ്ടാണ് കേസെടുക്കാത്തതെന്ന് ഹൈക്കോടതിയുടെ ചോദ്യം. വിഷയം സിവില്‍ കേസാണെന്ന സര്‍ക്കാര്‍ മറുപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചു.
അതിരൂപതയുടെ ഭൂമിയിടപാടില്‍ ക്രമക്കേടുണ്ടെന്ന് പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ വിമര്‍ശനം. കുറ്റകൃത്യം നടന്നെന്ന് അറിഞ്ഞാലുടന്‍ കേസെടുക്കണമെന്ന് ലളിതകുമാരി കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
പരാതി ലഭിച്ചിട്ടും കേസ് എടുക്കാതിരുന്ന പോലീസിനെതിരെ കോടതിയലക്ഷ്യ നടപടിയാണ് വേണ്ടതെന്നും സിംഗിള്‍ബെഞ്ച് വാക്കാല്‍ പറഞ്ഞു. ഇടപാടുമായി ബന്ധപ്പെട്ട് തുക സഭക്ക് നല്‍കിയിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട് കരാറുണ്ടെന്നും ഇടനിലക്കാരനായിരുന്ന സാജു വര്‍ഗീസിന്റെ അഭിഭാഷകന് ബോധിപ്പിച്ചു. തുക സഭക്ക് ലഭിച്ചില്ലെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇക്കാര്യം ഹര്‍ജിക്കാരനല്ല, സഭയാണ് പറയേണ്ടതെന്നായിരുന്നു സാജു വര്‍ഗീസിന്റെ വിശദീകരണം. ഹര്‍ജി ഹൈക്കോടതി ഇന്നും പരിഗണിക്കും.
അതിരൂപതയുടെ ഭൂമിയിടപാടില്‍ സഭക്ക് വന്‍ നഷ്ടമുണ്ടായെന്നും കരാര്‍ നടപടികളില്‍ ക്രമക്കേടുണ്ടെന്നും ആരോപിച്ച് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടന്, റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന് സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെയാണ് ഹര്ജിക്കാരന് പോലീസില്‍ പരാതി നല്‍കിയിരുന്നത്.