ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിന് ബഹളത്തോടെ തുടക്കം

Tuesday 6 March 2018 2:45 am IST

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിന് ഭരണ-പ്രതിപക്ഷ ബഹളത്തോടെ തുടക്കം. പഞ്ചാബ് നാഷണല്‍ ബാങ്ക് അഴിമതി ഉയര്‍ത്തി പ്രതിപക്ഷവും കാര്‍ത്തി ചിദംബരത്തിനെതിരായ സിബിഐ നടപടി ചൂണ്ടിക്കാട്ടി ഭരണപക്ഷവും പ്രതിഷേധിച്ചതോടെ ഇരു സഭകളും സ്തംഭിച്ചു. രണ്ടുവിഷയത്തിലും സഭയില്‍ വിശദമായ ചര്‍ച്ച ഉണ്ടാകുമെന്ന് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു അറിയിച്ചു. 

പിഎന്‍ബി അഴിമതിയുമായി ബന്ധപ്പെട്ട് ഗുലാംനബി ആസാദ്, ഡി. രാജ തുടങ്ങിയവരാണ് രാജ്യസഭയില്‍ ചര്‍ച്ചയ്ക്ക് നോട്ടീസ് നല്‍കിയത്. ബിജെപി അംഗം വിനയ് സഹസ്രബുദ്ധെ മുന്‍ മന്ത്രിമാരുടെ ബന്ധുക്കള്‍ക്കെതിരായ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി. രാജ്യസഭ തുടങ്ങി പത്തുമിനുറ്റിനുള്ളില്‍ ആദ്യം പിരിഞ്ഞു. പിന്നീട് രണ്ടുവട്ടം കൂടി ചേര്‍ന്നെങ്കിലും നടപടികളിലേക്ക് കടക്കാനായില്ല. 

ലോക്‌സഭയില്‍ ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ട് ടിഡിപി അംഗങ്ങള്‍ പ്രതിഷേധിച്ചു. തെലുങ്കുദേശം എംപിമാര്‍ പാര്‍ലമെന്റിന് പുറത്തും ഇക്കാര്യം ഉന്നയിച്ച് പ്രതിഷേധിച്ചു. ടിഡിപി എംപിയും നടനുമായ ഡോ. ശിവപ്രസാദ് ഓടക്കുഴലൂതുന്ന കൃഷ്ണവേഷത്തിലാണ് പ്രതിഷേധിച്ചത്. ലോക്‌സഭയും ആദ്യം പന്ത്രണ്ട് മണി വരെയും പിന്നീട് ഇന്നത്തേക്കും പിരിഞ്ഞു. 

പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബിജെപി എംപിമാര്‍ വന്‍വരവേല്‍പ്പാണ് നല്‍കിയത്. ത്രിപുരയിലെ ചരിത്ര വിജയവും മേഘാലയ, നാഗാലാന്‍ഡ് സര്‍ക്കാര്‍ രൂപീകരണവും ബിജെപിയുടെ ആഘോഷം ഇരട്ടിയാക്കി.  എന്നാല്‍ ഇറ്റലിയില്‍ നിന്ന് ഇന്ത്യയില്‍ മടങ്ങിയെത്തിയ രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍ എത്തിയില്ല. കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ലമെന്റിലെ രാഹുല്‍ഗാന്ധിയുടെ ഓഫീസിലെത്തി അന്വേഷിച്ചെങ്കിലും രാഹുല്‍ സഭയിലെത്തുന്നത് സംബന്ധിച്ച അറിയിപ്പൊന്നും ലഭിച്ചില്ല. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.