തൃച്ചംബരം: പൊൻ പ്രഭചൊരിയുന്ന രാപ്പന്തങ്ങൾ

Tuesday 6 March 2018 3:39 pm IST
പെരുമയേറിയ തൃച്ചംബരത്ത് ഉത്സവത്തിന്ന് ചൊവ്വാഴ്ച കൊടിയേറുകയാണ്. കേരളത്തിലെ ഏറ്റവും പുരാതനമായ ഉത്സവം. തിടമ്പ് നൃത്തം എന്ന കലാരൂപം ആവിർഭാവം കൊണ്ട ഉത്സവം. അതി പുരാതനമായ ആ ഉത്സവത്തിന്റെ കൊടിയേറ്റ ദിവസത്തെ വികാര നിർഭരമായ ഓരോ നിമിഷങ്ങളുമാണ് ഇവിടെ യധാതഥമായി അവതരിപ്പിക്കാൻ ശ്രമിക്കുന്നത്.
<<<<<<<

സീൻ 1

കുംഭം 22

ഉച്ച വെയിൽ ഉച്ചിക്ക് മുകളിൽ തീ തുപ്പുന്നു. തടിച്ച് കൂടിയ പുരുഷാരത്തിന്ന് പക്ഷെ അന്ന്, അന്ന് മാത്രം അതൊരു പ്രശ്നമല്ല. ദൃഷ്ടി മുഴുവൻ മുകളിലേക്കുറപ്പിച്ച് പ്രദക്ഷിണ വഴിയിൽ തിങ്ങി നിറഞ്ഞ് അവർ ആ നില്പ് തുടങ്ങിയിട്ട് നേരമേറെയായി. അതാ ആ ധ്വജ ദണ്ഡിൽ ചെറു ചലനങ്ങൾ, പ്രതിപത്ത് നടയിറങ്ങി പാലമൃതന്റെ വരവ്, തൊണ്ട പൊട്ടുമാറുച്ചത്തിൽ ഗോവിന്ദം വിളി, ആയിരക്കണക്കിന് കണ്ഠങ്ങൾ അതേറ്റ് വിളിക്കുന്നു. കൊട്ടി തിമർക്കുന്ന ചെണ്ടമേളത്തെ പോലും കേൾക്കാൻ പറ്റാത്തവിധം ഉച്ചത്തിലുള്ള ഗോവിന്ദം വിളി.

തൃച്ചംബരത്തപ്പന്റെ തൃക്കൊടിയേറ്റ്. ആകാശ നൃത്തം ചവിട്ടി ആ കൊടിക്കൂറ ഉത്തരോത്തരം പൊങ്ങി നിവർന്നു. ഭക്തിയുടെ, ആനന്ദത്തിന്റെ കൊടിമരപ്പൊക്കത്തിലേക്ക് ഓരോരുത്തരും കുതിച്ച് ചാടിയെത്തപ്പെട്ടിരിക്കുന്നു. സമ്മോഹനമായ തൃച്ചംബരത്ത് ഉത്സവത്തിനു തുടക്കമായിരിക്കുന്നു.

സീൻ 2

ഉത്സവഘോഷത്തിന്റെ തകൃതിയിൽ തൃച്ചംബരവും പരിസരവും. ആളും ആരവവും, പരസ്പരം പരിചയം പുതുക്കലുകൾ, കളി ചിരി തമാശകൾ, കളിപ്പാട്ടക്കണക്കെടുക്കുന്ന കുരുന്നുകൾ, മൊളങ്ങേശ്വരത്തിനെതിർവശം വിളക്ക്മാടത്തിൽ ശുഷ്ക്കമെങ്കിലും ചടങ്ങ് പോലെ അക്ഷരശ്ലോകങ്ങളുമായി ചില പ്രായമേറിയ ശബ്ദങ്ങൾ ഉയരുന്നു. ഒരു പക്ഷെ അവസാന തലമുറയാകാം ഇത്. അഗ്രശാലയ്ക്ക് മുന്നിൽ വാദ്യക്കാർ വെടിവട്ടത്തിലാണു. അവിടെ തലപ്പൊക്കത്തിൽ കടന്നപ്പള്ളി ശങ്കരങ്കുട്ടിമാരാർ, കുശലാൻവേഷണം കഴിഞ്ഞ് മുന്നോട്ട് നടന്നാൽ ജലദുർഗ്ഗയുടെ കുളത്തിനു ചുറ്റിലും ആൾക്കൂട്ടമുണ്ട്. അതും കടന്ന് മുന്നോട്ട് പോയാൽ നീരൂക്കും തറയിൽ രണ്ട് പീഠങ്ങൾ വച്ച് പട്ടിട്ട് അലങ്കരിച്ചിരിക്കുന്നു. പൂക്കോത്ത് നടയിലെ കുട്ടിക്കളികൾക്ക് ശേഷം തൃച്ചംബരത്തപ്പനും, മഴൂരപ്പനും വിശ്രമം അവിടെയാണു. അപ്പുറത്തെ ഒരിക്കലും കായ്ക്കാത്ത ഇലഞ്ഞി മരം മോതിരംവച്ച് തൊഴാനുള്ള ഇലകൾ പൊഴിക്കാൻ തയ്യാറെടുത്ത് നിൽക്കയാണു.

<

അമ്പലമുറ്റത്ത് കൊടിമരച്ചോട്ടിൽ നിന്ന് പുരുഷാരം കൺ കുളിർക്കേ അകത്തെ കണ്ണനെ കണ്ട് തൊഴുന്നു. സ്റ്റേജിൽ സാംസ്കാരിക സദസ്സ്, അത് കഴിഞ്ഞുള്ള കലാപരിപാടികൾക്ക് അക്ഷമരായി കാത്ത് നിൽക്കുന്ന കലാസ്വാദകർ. അണിയറയിൽ വേഷപ്പകർപ്പിന്റെ തിരക്കിൽ കലാകാരന്മാർ. ശ്രീകൃഷ്ണ സേവാസമിതിയുടെ ഓഫീസ് പതിവ് പോലെ തിരക്കിലാണ്. പോലീസ് എയ്ഡ് പോസ്റ്റിൽ നിയമപാലകർ മീശപിരിച്ച് ഇരിക്കുന്നു.

<

ആഘോഷത്തിന്റെ നിറവിലേക്ക് എത്തിയിരിക്കുന്നു തൃച്ചംബരം. എന്നാൽ ആ കൂടിയ ജനങ്ങളിൽ എല്ലാം ഒരു കാത്തിരിപ്പിന്റെ ഔത്സുക്യമുണ്ട്. അവർ കഴിഞ്ഞ ഒരു വർഷമായി കാത്തിരിക്കുന്നത് മറ്റൊന്നിനും വേണ്ടിയല്ല..

സീൻ 3

രാവിനു കട്ടി വച്ചു. വിജനമായ നിരത്തിലൂടെ നടന്ന് നീങ്ങുന്ന ഒരു ബ്രാഹ്മണൻ, ചോയ്യ്യോമ്പിയാണത്. കയ്യിൽ വെള്ളി കെട്ടിയ ചൂരൽ വടി, ചോയ്യോമ്പിയുടെ അടയാള ചിഹ്നം. നടത്തം ഏഴുനാഴികയപ്പുറമുള്ള മഴൂർ എന്ന ദേശത്തേക്കാണു. ഒന്നുരണ്ട് ചെറുപ്പക്കാർ അനുഗമിക്കുന്നുണ്ട്. പോകെപ്പോകെ കൂടുതൽ കൂടുതൽ ആളുകൾ ചോയ്യോമ്പി പോയ ദിക്കിലേക്ക് കാൽ നടയായും വാഹനങ്ങളിലും രാ സഞ്ചാരം തുടങ്ങി.

<

സീൻ 4

തിരക്കിട്ട ആഘോഷങ്ങളുടെ നിറവിലുള്ള മറ്റൊരു ക്ഷേത്രം. മഴൂർ ദേശത്തിന്റെ നാഥനായ ബലഭദ്രസ്വാമിയുടെ തിരു സന്നിധി. ചോയ്യോമ്പി തൃപ്പടിയേറി മണിയടിച്ച് തൊഴുത് മഴൂരപ്പനെ അറിയിച്ചു "തൃച്ചമ്പരത്ത് കൊടിയും മുളയും നീർന്നു". പിന്നെ കാത്തിരിപ്പിന്റെ നിമിഷങ്ങൾ. പുറത്ത് തടിച്ച് കൂടിയ പുരുഷാരം മുഴുവൻ അകത്ത് നിന്ന് പാണികൊട്ടുന്ന ശബ്ദത്തിന്നായി കാത്തിരിപ്പിലാണു. അർദ്ധരാത്രി പിന്നിട്ട് നേരം പിന്നേയും മുന്നോട്ട് പോയപ്പോൾ കാത്തിരിപ്പിന്ന് അവസാനമായി.

അകത്ത് നിന്ന് മുഴങ്ങിക്കേട്ട ചേങ്ങിലപ്പാണിയുടെ ശബ്ദം ജനങ്ങളെ കോരിത്തരിപ്പിച്ചു. ഒറ്റയ്ക്കും തറ്റയ്ക്കും ഗോവിന്ദം വിളികൾ. അതാ മഴൂരപ്പൻ പുറത്തേക്കെഴുന്നള്ളുകയാണു. ശരീരമാസകലം ഒരു തരം വൈബ്രേഷൻ. അറിയാതെ കണ്ഠത്തിൽ നിന്ന് അത്യുച്ചത്തിൽ ഗോവിന്ദം വിളി മുഴങ്ങി.

<

അങ്ങിനെ ആയിരം കണ്ഠങ്ങളിൽ നിന്ന് അത് മുഴങ്ങിയപ്പോൾ ഒരു നാട് പ്രകമ്പനം കൊണ്ടു. ആവേശം അണപൊട്ടുന്നു. മഴുരപ്പന്റെ നൃത്തച്ചുവടുകൾക്ക് ആ ഗോവിന്ദം വിളി ആവേശം പകരുന്നുണ്ടായിരുന്നു. മാരാരുടെ കോലുകൾക്ക് ശക്തി പോരാ എന്ന് തോന്നുന്ന സന്ദർഭം. ഗോവിന്ദം വിളിയുടെ ബഹളത്തിൽ മുങ്ങിപ്പോകുന്ന വാദ്യഘോഷം. ചെമ്പടവട്ടം അഞ്ച് മിനുട്ടിൽ കൊട്ടിമുറുകി. മഴുരപ്പന്റെ കാൽവയ്പ്പുകൾ ഓട്ടമായി പരിണമിച്ചു. ക്ഷേത്ര പ്രദക്ഷിണം പൂർത്തിയാക്കി നടയ്ക്കലെത്തി ഒന്ന് നിന്ന് തിരിഞ്ഞ് പുറത്തേക്ക് കുതിച്ചു. അനിയനൊപ്പം കളിക്കാനുള്ള വെമ്പൽ പൂണ്ട ബലഭദ്രരുടെ ഓട്ടം. ഞങ്ങൾ നാട്ടുകാർ മാത്രമല്ല, മഴൂരപ്പനും കാത്തിരിക്കയാണു ഈ ഒരു നിമിഷത്തിന്നായി.

സീൻ 5

മണി രാത്രി ഏതാണ്ട് രണ്ടിനോട് അടുക്കുന്നു. അക്ഷമരായ ആൾക്കൂട്ടത്തിന്റെ കാത്തിരിപ്പ്. ഓരോ നിമിഷവും അവർ സമയ സൂചിയുടെ ഗതിവേഗത്തെ നിരീക്ഷിക്കുന്നു. കഴിഞ്ഞ ഒരു കൊല്ലമായുള്ള കാത്തിരിപ്പ് പരിസമാപ്തിയിലെത്താനിനി അധിക നേരമില്ല. പക്ഷെ ക്ഷമയുടെ നെല്ലിപ്പലകമേലാണവരോരോരുത്തരും. വയ്യ ഇനിയും കാക്കാൻ വയ്യ. കാത് കൂർപ്പിച്ച്, കാതോർത്ത് ഇരിക്കുമ്പോൾ അങ്ങെങ്ങു നിന്നോ ഒരു വലന്തല ചെണ്ടയുടെ മുഴക്കം കേൾക്കുന്നു. അതെ, അത് അടുത്ത് വരികയാണു. ഏറെ ദൂരെയെവിടെ നിന്നോ ആണ് ആ നേരിയ ശബ്ദം കേൾക്കുന്നത്. ആയിർക്കണക്കിനു ആളുകൾ തിങ്ങി നിറഞ്ഞ അമ്പലമുറ്റത്ത് അപ്പോൾ പിൻഡ്രോപ് സയലൻസ് ആണു. ഏവരും കാതോർത്ത് ആ ശബ്ദത്തെ ശ്രദ്ധിക്കുകയാണു.

പതിയെ പതിയെ ദൂരെ എവിടെയോ മുഴങ്ങുന്ന ആ ഒറ്റച്ചെണ്ടയുടെ നാദവും ഹൃദയമിഡിപ്പും ഒന്നായി പരിണമിക്കുന്നു.

<

സീൻ 6

പ്രദിപത്ത് നട തിങ്ങി നിറഞ്ഞിരിക്കുന്നു. കിഴക്കേനടയാകമാനവും മണൽ വീഴാത്ത അത്രമേൽ നിറഞ്ഞു കഴിഞ്ഞു. ചെണ്ടയുടെ മുഴക്കം അടുത്തടുത്ത് വരികയാണു. ഹൃദയ താളം ദ്രുതകാലത്തിലേക്ക് പ്രവേശിക്കുന്നു. ഇതാ ഇപ്പോൾ ചെണ്ടയ്ക്കൊപ്പം ചേങ്ങിലത്തിന്റെ ശബ്ദവും കേട്ട് തുടങ്ങിയിരിക്കുന്നു. നെഞ്ചിൽ തിടുക്കം പരവേശപ്പെട്ട് തുടങ്ങി. ഗോവിന്ദം വിളികൾ കൂടി കേട്ട് തുടങ്ങി. അങ്ങിങ്ങ് നിന്ന് ഓരോരുത്തരായി ഇടയ്ക്കൊക്കെ പതിഞ്ഞ ശബ്ദത്തിൽ ഗോവിന്ദം വിളിക്കുന്നു. അതു വരെ തിങ്ങി നിറഞ്ഞ പ്രദിപത്ത് നടയിൽ അങ്ങേയറ്റത്ത് ഒരു ആളനക്കം. ആൾക്കൂട്ടത്തെ രണ്ടായിപ്പകുത്ത് കൊണ്ട് ഒരുപറ്റം ആളുകൾ ഓടിയിറങ്ങി വരുന്നു. മഴൂരപ്പന്റെ സംഘത്തിലെ മുൻ നിരക്കാരാണവർ.

ഈശ്വരാ.. ഇനിയും താമസമരുതേ.. ഗോവിന്ദാ... ആവേശം ആഞ്ഞ് വീശാൻ തുടങ്ങുന്നു.. അതാ... അതാ.. പന്തങ്ങൾ.. ഒന്ന്, രണ്ട്, മൂന്ന് നാല്... ഇരു വശത്തും രാപന്തങ്ങളുടെ പൊൻപ്രഭയിൽ സാക്ഷാൽ മഴൂരപ്പന്റെ ബലഭദ്രസ്വാമിയുടെ പൊൻ തിടമ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

ശരീരമാസകലം ഒരു വിദ്യുത് പ്രവാഹം. സ്ഥലകാലബോധമില്ലാത്ത അവസ്ഥ. പരമാനന്ദത്തിന്റെ പരകോടി. പിന്നെ അവിടെ നടക്കുന്നതെല്ലാം യാന്ത്രികമാണു. തൊണ്ടപൊട്ടുമാറുച്ചത്തിൽ ഓരോരുത്തരും ഭ്രമാത്മകമായി ഗോവിന്ദം വിളിക്കുന്നു. കണ്ണുകളിൽ ആനന്ദധാര. ശരീരം ത്രസിക്കുന്നു.

പത്തി വിരിച്ച ഒരു പാമ്പിനെക്കണക്കെ പ്രദിപത്ത് നടയിറങ്ങിവരുന്ന മഴൂരപ്പനെ ഒരു തരം നിത്യ ശുദ്ധ ബദ്ധ മുക്തമാർന്ന അവസ്ഥയിൽ ഓരോത്തരും കണ്ട് തൊഴുമ്പോൾ തനിക്ക് തന്നിലെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും, സകലതും ആ പരമാത്മ സ്വരൂപത്തിൽ ലയിച്ചു എന്നുമുള്ള ഒരു താൽക്കാലിക അവസ്ഥയിലേക്ക് ഓരോരുത്തരും എത്തപ്പെടുന്നു. ശരീരത്തിലേ ഓരോ അണുവും ഗോവിന്ദം വിളിക്കുന്ന ഒരു പ്രതീതി. ഭക്തിയുടെ, ആനന്ദത്തിന്റെ പരകോടി.

സീൻ 7

വീണ്ടും കാത്തിരിപ്പിന്റെ നിമിഷങ്ങൾ. മണി മൂന്നിനോടടുകുന്നു. കാതുകൾ കൂർപ്പിച്ച് അകത്ത് നിന്ന് പാണി കൊട്ടുന്നത് ശ്രദ്ധിച്ച് കൊണ്ട് ഉറങ്ങിപ്പോകാതിരിക്കാനുള്ള പരിശ്രമം നിറഞ്ഞ നിമിഷങ്ങൾ. ക്ഷമ നശിക്കും മുമ്പ്, ഉറങ്ങാൻ ശരീരം നിബന്ധിക്കും മുമ്പ് അകത്ത് നിന്ന് ചേങ്ങിലപ്പാണി മുഴങ്ങി, പഞ്ചേന്ദ്രിയങ്ങൾക്കും ഉണർവ്, ഇതാ സമയമായിരിക്കുന്നു. തളിപ്പറമ്പ്കാർ മുഴുക്കെ കാത്തിരുന്ന ആ സമയം. കൊടിമരച്ചുവട്ടിൽ മഞ്ഞവടിക്കാർ നിരന്നു. അനിയനും ഏട്ടനും പുറത്തേക്കെഴുന്നള്ളുകയാണു. ആയിരം കണ്ഠങ്ങളിൽ നിന്ന് ഉറക്കെയുറക്കെ ഗോവിന്ദം വിളികൾ കൊടിമരച്ചുവട്ടിൽ വച്ച് തൃച്ചംബരത്തപ്പൻ പാക്കം മേൽശാന്തിയുടെ ശിരസിലെ ഉഷ്ണിപീഠമേറുമ്പോൾ ആത്മീയാനന്ദത്തിന്റെ അത്യുന്നതങ്ങൾ കയറുകയായിരുന്നു ഓരോരുത്തരും.

<

ഏട്ടനും അനിയനും കൊടിമരച്ചോട്ടിൽ വാദ്യതാളത്തിന്ന് ചുവടുവച്ചു. കൊട്ട് മുറുകി, ആവേശക്കൊടുമുടിയിൽ തൃച്ചംബരത്തപ്പൻ ഒരൊറ്റയോട്ടം. പിന്നാലെ മഴൂരപ്പൻ, അവർക്ക് പിന്നിൽ അവിടെ കൂടി നിന്നവർ ഓരോരുത്തരും, അത് വരെ മടിച്ച് നിന്നവരെ കൂടി അവർ പോലും അറിയാതെ ആ കൂട്ടത്തിലേക്ക് തൃച്ചംബരത്തപ്പൻ വലിച്ചടുപ്പിക്കുന്നു. പ്രദക്ഷിണം പൂർത്തിയാക്കി പ്രദിപത്ത് നടയേറി പൂക്കോത്ത് നടയിലേക്ക്.

സീൻ 8

ഇപ്പോൾ കാത്തിരിപ്പ് പൂക്കോത്ത് നടയിലാണു. തിങ്ങി നിറഞ്ഞ പുരുഷാരം. അങ്ങ് ദൂരെ രാപ്പന്തങ്ങളുടെ പൊൻവെട്ടം കണ്ട് തുടങ്ങിയിരിക്കുന്നു. വാദ്യപ്പെരുക്കങ്ങൾക്ക് ഇടയിലേക്ക് സാക്ഷാൽ ബാലകൃഷ്ണപ്പെരുമാൾ ഏട്ടനൊപ്പം ഓടിയടുക്കുകയാണു. ഇരുപതോളം പന്തങ്ങൾ, മഞ്ഞവടിക്കാർ, കുട്ടികൾ, ബാല്യം തിരിച്ച് കിട്ടിയ വൃദ്ധന്മാർ സകലരും സകലതും മറന്ന് തൃച്ചംബരത്തപ്പനൊപ്പം ഓടിത്തിമർക്കുന്നു.

<

പൂക്കോത്ത് നടയ്ക്ക് അന്നേരം പന്തങ്ങളുടെ പൊൻ വെളിച്ചമാണ്, വെന്ത വെളിച്ചെണ്ണയുടെ സുഗന്ധമാണ്, ഗോവിന്ദംവിളിയുടെ ശബ്ദമാണ്, പൊഴയൊഴുകുമ്പോലുള്ള ചലനമാണ്. പരമാനന്ദത്തിന്റെ അനുഭൂതിയാണ്.

കൃഷ്ണാ.. തൃച്ചംബരത്തപ്പാ.. ഞങ്ങൾ ഈ കഴിഞ്ഞ ഒരു വർഷം കാത്തിരുന്നത് ഇതിനു വേണ്ടിയാണു. ഇനിയൊരിക്കലും തീരാതെ ഈ ഉത്സവക്കാലം നീളണേ എന്നാണ് ഞങ്ങളുടെ പ്രാർത്ഥന. കൃഷ്ണാ.. ഇക്കുറിയെങ്കിലും മീനം 6നു ഒരു കുടം പാല് കണ്ടാൽ ഏട്ടനെ മറന്ന്, ഞങ്ങളോരോരുത്തരേയും മറന്ന് ആ പാലിനു വേണ്ടി തിരിഞ്ഞോടാതിരിക്കുമോ.? ഞങ്ങളുടെ പ്രാർത്ഥന അത് മാത്രമാണു ഇപ്പോൾ.. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.