റേഷന്‍ കടകളില്‍ ഇ പോസ് സൗകര്യം ഒരുങ്ങുന്നു

Wednesday 7 March 2018 1:23 am IST


ആലപ്പുഴ: ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 1,524 റേഷന്‍കടകളിലും ഈ മാസം അവസാനത്തോടെ ഇ പോസ് മെഷീന്‍ സ്ഥാപിക്കും. 16ന് അമ്പലപ്പുഴ താലൂക്കില്‍ മെഷീന്‍ സ്ഥാപിക്കുന്നതിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാകും. ഹൈദരാബാദ് ആസ്ഥാനമായ വിഷന്‍ ടെക് എന്ന സ്ഥാപനമാണ് കടകളില്‍ മെഷീന്‍ സ്ഥാപിക്കുന്നത്.
  ഇ പോസ് മെഷീന്‍ സ്ഥാപിച്ചിട്ടുള്ള കടകളില്‍ റേഷന്‍കാര്‍ഡില്‍ പേരുള്ള ആധാര്‍ ലിങ്ക് ചെയ്തയാളിന്റെ വിരലടയാളം ലഭിച്ചെങ്കില്‍ മാത്രമേ റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാകൂ. വിരലടയാളത്തിനായി മെഷീനില്‍ കൈ പതിപ്പിക്കുമ്പോള്‍ ആധാര്‍ ലിങ്ക് ചെയ്തിട്ടുള്ളാണോയെന്ന വിവരം സെര്‍വര്‍ വഴി തിരയുകയും അനുവദിച്ച ധാന്യം നല്‍കുമ്പോള്‍ തന്നെ വിവരം സെര്‍വറില്‍ രേഖപ്പെടുത്തുകയും ചെയ്യും. ഇ പോസ് മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് സംബന്ധിച്ച് റേഷന്‍ കടയുടമകള്‍ക്ക് മെഷീന്‍ സ്ഥാപിക്കുന്ന കമ്പനിയുടെ നേതൃത്വത്തില്‍ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു.
  അമ്പലപ്പുഴ താലൂക്കില്‍ 203 കടകളിലാണ് ഇ പോസ് മെഷീന്‍ സ്ഥാപിക്കുന്നത്. ഇവ സ്ഥാപിച്ച് ഭക്ഷ്യധാന്യ വിതരണം റേഷന്‍ കടകളിലൂടെ നടപ്പാക്കുന്നതോടെ റേഷന്‍ സാമഗ്രികളുടെ അനധികൃത കൈമാറ്റം പൂര്‍ണമായും ഇല്ലാതാകും. കഴിഞ്ഞദിവസം ജില്ലാ സപ്ലൈ ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ഹരിപ്രസാദാണ് ഇ പോസ് മെഷീന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചത്.
 ഈ മാസം അവസാനത്തോടെ ജില്ലയിലെ മുഴുവന്‍  കടകളിലും ഇ പോസ് സൗകര്യം ഉറപ്പാക്കാനുള്ള നടപടികള്‍ പൂര്‍ത്തീയായി വരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.