പരമാത്മാവ് ഒന്നേയുള്ളൂ; പക്ഷേ...

Wednesday 7 March 2018 6:24 am IST
"undefined"

പരമാത്മ ചൈതന്യം ഒന്നേയുള്ളൂ; അതു അവിഭക്തമാണ്; വിഭാഗങ്ങള്‍ ഇല്ലാത്തതാണ് വേദം പറയുന്നു.

''ഏകമേവ, അദ്വിതീയം''

''നേഹ നാനാസ്തി കിഞ്ചന''

(=പരമാത്മവ്-ബ്രഹ്മം ഒന്നേയുള്ളൂ രണ്ടായിട്ട് പോലും വിഭാജ്യമല്ല; നാനാത്വം എന്ന അവസ്ഥ ബ്രഹ്മത്തിലില്ല). പക്ഷേ-

''വിഭക്തി മി വ ചസ്ഥിതം'

(=ദേഹം തോറും ആത്മാവ് വേറെ വേറെയാണ് എന്ന് തോന്നിപ്പിക്കുന്ന വിധമാണല്ലോ സ്ഥിതി ചെയ്യുന്നത്. ആ ഭേദം വെറും തോന്നല്‍ മാത്രമാണ്, സത്യമല്ല)

ലൗകികമായ ഒരു ഉദാഹരണം

വിദ്യുച്ഛക്തി ഒന്നു മാത്രമാണ്. അവിഭക്തവുമാണ്; ആര്‍ക്കും അതിനെ വിഭജിക്കാന്‍ കഴിയില്ല. 25 വോള്‍ട്ട് ബള്‍ബിലെയും 50 വാള്‍ട്ട് ബള്‍ബിലെയും-100 വോള്‍ട്ട് ബള്‍ബിലെയും 500 വോള്‍ട്ട് ബള്‍ബിലെയും പ്രകാശം വ്യത്യസ്ത അളവിലാണ്. ആ വ്യത്യാസം വിദ്യുച്ഛക്തിയുടേതാണെന്ന് കുട്ടികള്‍ കരുതുന്നു.

ഇങ്ങനെ പരമാത്മാവിന്റെ-സര്‍വ്വക്ഷേത്രജ്ഞന്റെ അസ്തിത്വം വിവരിച്ചു.

പരമപുരുഷനായ ഭഗവാന്റെ അസ്തിത്വം വിവരിക്കുന്നു

ഭൂതഭര്‍ത്തൃ- ആകാശം തുടങ്ങിയ അഞ്ചു മഹാഭൂതങ്ങളെയും പ്രപഞ്ചത്തെ മുഴുവന്‍ തന്നെയും, ശക്തികൊടുത്ത് സ്ഥിതി എന്ന പ്രവൃത്തി ഭഗവാന്‍ ചെയ്യുന്നു; അവയെ നിലനിര്‍ത്തുന്നു. ''വ്യക്താവ്യക്തം ഭരതേവിശ്വമീശം''

(വ്യക്തമായ-കാണാന്‍ കഴിയുന്ന-ഭൗതിക പ്രപഞ്ചത്തെയും അവ്യക്തമായ അദൃശ്യമായ ദിവ്യപ്രപഞ്ചത്തെയും ഭഗവാന്‍ ഭരിക്കുന്നു) എന്ന് വേദവും പറയുന്നു. 

ഗ്രസിഷ്ണു-പ്രളയകാലത്തില്‍ ഭഗവാന്‍ എല്ലാ പ്രപഞ്ചങ്ങളെയും വിഴുങ്ങുന്നു-തന്നില്‍ ലയിപ്പിക്കുന്നു. ഭാരതയുദ്ധത്തില്‍ പങ്കെടുക്കുന്ന എല്ലാ യോദ്ധാക്കളെയും ഞാന്‍ വിഴുങ്ങും എന്ന് ഭഗവാന്‍ പതിനൊന്നാം അധ്യായത്തില്‍ പറയുകയും അര്‍ജ്ജുനന് കാട്ടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.

പ്രഭവിഷ്ണു-സൃഷ്ടിയുടെ ആരംഭത്തില്‍ ഭഗവാന്‍ എല്ലാ പ്രപഞ്ച കാരണങ്ങളെയും പ്രപഞ്ചങ്ങളെയും വീണ്ടും ഉല്‍പാദിപ്പിക്കുന്നു.

''യതോ വാ ഇമാനി ഭൂതാനി ജായന്തേ

യേനജാതാനി ജീവന്തി,

യത്പ്രയന്ത്യദിസംവിശന്തി, തദ്ബ്രഹ്മ

(=ഏതില്‍നിന്നാണോ ഈ ഭൗതികപ്രപഞ്ചവും വസ്തുക്കളും ഉണ്ടായത്, ഏതാണോ ഇവയെ നിലനിര്‍ത്തുന്നത്, ഏതിലാണോ എത്തിച്ചേരുന്നത്, അതാണ് ബ്രഹ്മം.)

എന്ന് തൈത്തിരീയോപനിഷത്തില്‍ പറയുന്നുമുണ്ട്. ഭഗവാന്റെ ചൈതന്യത്തെ തന്നെയാണ് ഭഗവാനും ഉപനിഷത്തും ബ്രഹ്മം എന്ന് വിശേഷിപ്പിക്കുന്നത് എന്നും ഓര്‍ക്കണം.

''ബ്രഹ്മണോഹി പ്രതിഷ്ഠാഹം''

(=ബ്രഹ്മം എന്നിലാണ് സ്ഥിതിചെയ്യുന്നത്) എന്ന് അടുത്ത അധ്യായത്തിന്റെ ഒടുവില്‍ ഭഗവാന്‍ വ്യക്തമാക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.