ഓങ്കാരം ജപിച്ച് കര്‍മ്മങ്ങള്‍ തുടങ്ങണം

Wednesday 7 March 2018 6:20 am IST

തൈത്തീരിയോപനിഷത്ത്-10

എട്ടാം അനുവാകം

ഓമിതി ബ്രഹ്മ ഓമിതീദം സര്‍വ്വം ഓമിത്യോതദനുകൃതി ഹസ്മവാ

അപ്യോ ശ്രാവയേത്യാശ്രാവമന്തി 

ഓമിതി സാമാനി ഗായന്തി

ഓം ശോമിതി ശസ്ത്രാണി ശം 

സന്തി ഓമിത്യധ്വര്യുഃ പ്രതിഗരം

പ്രതിഗൃണാതി ഓമിതി ബ്രാഹ്മാഃ 

പ്രസൗതി

ഓമിത്യാഗ്നിഹോത്ര മനുജാനാതി 

ഓമിത്രി ബ്രാഹ്മണാഃ 

പ്രവക്ഷ്യന്നാഹ ബ്രഹ്‌മോ-

പാപ്‌നമാനീതി 

ബ്രഹ്‌മൈവോപാപ്‌നോതി

ഓം എന്നത് ബ്രഹ്മമാകുന്നു. ഓം എന്നത് ഇതെല്ലാമാകുന്നു. ഓം എന്നത് അനുകരണമാണെന്ന് പ്രസിദ്ധമാണ്. എന്ന് മാത്രമല്ല ഓം ശ്രാവയ എന്ന് ചുറ്റും ദേവന്മാരെ മന്ത്രം കേള്‍പ്പിക്കുന്നു. ഓം എന്ന് സാമങ്ങളെ ഗാനം ചെയ്യുന്നു. ഓം ശോം എന്ന് ഋക്കുകളെ പഠിക്കുന്നു. ഓം എന്ന് ഋത്വിക് സമ്മതത്തെ അറിയിക്കുന്നു. ഓം എന്ന് ബ്രഹ്മാവ് അനുവദിക്കുന്നു. ഓം എന്ന് അഗ്‌നിഹോത്രത്തിന് സമ്മതമരുളുന്നു. അധ്യയനം ചെയ്യാനോ പറയാനോ  പോകുന്ന ബ്രാഹ്മണന്‍ 'ഞാന്‍ വേദത്തെ ഗ്രഹിക്കുമാറാകട്ടെ' എന്ന അഭിപ്രായത്തോടെ ഓം എന്ന് പറയുന്നു. അയാള്‍ ബ്രഹ്മത്തെ പ്രാപിക്കുകയും ചെയ്യുന്നു.

ഓം എന്നതിനെ ബ്രഹ്മമായി ഉപാസിക്കണം. എല്ലാ ഉപാസനകള്‍ക്കും മൂലമായ ഓങ്കാരത്തിന്റെ ഉപാസനയെപ്പറ്റിയാണ് ഈ അനുവാകത്തില്‍ പറയുന്നത്. ഈ കാണുന്നതെല്ലാം ഓങ്കാരമാണ്. അഥവാ ബ്രഹ്മമാണ്. ഓം എന്നത് സമ്മതമരുളുന്ന ശബ്ദത്തിന്റെ അനുകരണമാണെന്നത് പൊതുവെ പ്രസിദ്ധമാണ്. പരമായും അപരമായും ബ്രഹ്മമായി ഉപാസിക്കപ്പെടുന്ന ഓങ്കാരം ശബ്ദം മാത്രമാണ് എങ്കിലും അതിലൂടെ പര, അപര ബ്രഹ്മ പ്രാപ്തിക്കുള്ള സാധനമായിത്തീരുന്നു. ഓങ്കാരത്തെ പരബ്രഹ്മത്തിന്റെയും അപരബ്രഹ്മത്തിന്റെയും ആലംബമായും പ്രതീകമായും ഉപനിഷത്തുക്കളില്‍ പറയുന്നുണ്ട്. ദേവന്മാരെ ഹവിസ്സ് തയ്യാറാക്കി എന്നറിയിക്കാന്‍ ഓം ശ്രാവയ എന്ന മന്ത്രം ഉപയോഗിക്കാറുണ്ട്. സാമമന്ത്രങ്ങള്‍ ജപിക്കുമ്പോള്‍ ഓം എന്നു പറഞ്ഞാണ് ഉദ്ഗാതാക്കള്‍ ആരംഭിക്കുക. ശാസ്ത്രമന്ത്രങ്ങള്‍ ചൊല്ലുന്ന ശാസ്താവെന്ന ഋത്വിക് ഓം ഗോം എന്ന് തുടങ്ങും. അധ്വര്യു ഓം എന്ന് പറഞ്ഞ് തന്റെ സമ്മതമറിയിക്കും. യാഗത്തിലെ സര്‍വ്വസാക്ഷിയും അധ്യക്ഷനുമായ ബ്രഹ്മാവ് ഓം പറഞ്ഞാണ് യാഗം ആരംഭിക്കാന്‍ അനുമതി നല്‍കുക. യജമാനന്‍ ഓം എന്നു പറഞ്ഞ് അഗ്‌നിഹോത്രത്തിന് അനുവാദം കൊടുക്കുന്നു. വേദാധ്യയനത്തിന് തയ്യാറായ ബ്രാഹ്മണന്‍ 'ഞാന്‍ വേദം ഗ്രഹിക്കുമാറാകട്ടെ' എന്ന് കരുതിക്കൊണ്ട് ഓം പറയുന്നു. ഇങ്ങനെ എല്ലാതരത്തിലും ഓങ്കാരത്തിന്റെ ഉച്ചാരണം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. യോഗസൂത്രത്തില്‍ 'തസ്യവാചക പ്രണവം' എന്ന് ഈശ്വരനെ കുറിക്കുന്ന ശബ്ദമാണ് പ്രണവം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രണവമന്ത്രമായ ഓങ്കാരത്തിന്റെ മഹത്വത്തെപ്പറ്റി ഉപാസകരെ ബോധ്യപ്പെടുത്താന്‍ സാധാരണ ലൗകികമായും വേദത്തിലും വേദകര്‍മ്മങ്ങളിലും ഓംകാരം പരമപ്രധാനമായി ഉപയോഗിക്കണമെന്ന് ഇവിടെ കാണിക്കുന്നു. ഉദ്ഗാതാ, അധ്വര്യു, ബ്രഹ്മാ, യജമാനന്‍ എന്നിവ യാഗത്തില്‍ ഓരോ സ്ഥാനം വഹിക്കുന്നവരാണ്.

പ്രവക്ഷ്യന്‍ എന്ന് ഇവിടെ പ്രയോഗിച്ചിരിക്കുന്നത് വേദം ചെയ്യാന്‍ തുടങ്ങുന്നവന്‍ എന്നോ വേദജ്ഞാനം കൊണ്ട് ശിഷ്യനെ ബ്രഹ്മത്തിലേക്ക് നയിക്കുന്നവന്‍ എന്നോ അര്‍ത്ഥം പറയണം. പ്ര+വഹ് എന്നിങ്ങനെ രണ്ടുതരത്തിലും ഓങ്കാരം ഉച്ചരിക്കുന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഓംകാരം ആദ്യംതന്നെ ജപിച്ച് നടത്തുന്ന കര്‍മ്മങ്ങള്‍ വളരെ നല്ല ഫലത്തെ തരുന്നു എന്നതിനാല്‍ ഓങ്കാരത്തെ ബ്രഹ്മമെന്ന് കരുതി ഉപാസിക്കണം.

ഓങ്കാരത്തെ സ്തുതിക്കാന്‍ വേണ്ടിത്തന്നെയാണ് ഈ അനുവാകത്തിന്റെ ആദ്യഭാഗം കഴിഞ്ഞിട്ടുള്ളതൊക്കെ. ഓം എന്നത് സമ്മതം നല്‍കാന്‍ സാധാരണ ഉപയോഗിക്കാറുണ്ട്. അത് ചെയ്യൂ, അവിടെ പോകൂ എന്നൊക്കെ ആരെങ്കിലും പറയുമ്പോള്‍ ചെയ്യാം, പോകാം എന്ന് സമ്മതം പറയുന്നതിനു പകരം 'ഓം' എന്ന് പറയുന്നതിനാലാണ് ആദ്യംതന്നെ 'ഓം' അനുകരണ പ്രസിദ്ധമാണ് എന്ന് പറഞ്ഞത്. നമ്മള്‍ സാധാരണ സമ്മതാര്‍ത്ഥത്തില്‍ 'ഊം' എന്ന് മൂളാറുണ്ടല്ലോ. ഇത് ഒരുപക്ഷേ 'ഓം' എന്ന് ഉപയോഗിച്ചിരുന്നതിന്റെ വകഭേദമായും കണക്കാക്കാം. എന്തുതന്നെയായാലും ഓങ്കാരത്തെ ബ്രഹ്മസ്വരൂപമായി കണ്ട് ആരാധിക്കണം. ഓങ്കാരത്തെ ഉപാസിക്കുന്നയാള്‍ ബ്രഹ്മമായിത്തീരുകതന്നെ ചെയ്യും.

(തുടരും)

(തിരുവനന്തപുരം ചിന്മയ മിഷന്റെ

ആചാര്യനാണ് ലേഖകന്‍ 

ഫോണ്‍ 9495746977)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.