വിശ്വാസത്തിന്റെ വില

Wednesday 7 March 2018 6:15 am IST

ജീവിതം ഒരു സമരമാണ്. ഗുരുവിനെ അഭയം പ്രാപിക്കുന്ന മാത്രയില്‍ നിങ്ങളിലെത്തുന്ന ഖഡ്ഗമാണ്.ജ്ഞാനം. ശത്രുവിന്റെ പക്കലും ഖഡ്ഗമുണ്ട്. ശത്രു അതീവ ശക്തനുമാണ്. അവനെ പരാജയപ്പെടുത്തണമെങ്കില്‍ ആയുധപ്രയോഗത്തില്‍ നിങ്ങള്‍ പ്രാഗല്‍ഭ്യം തെളിയിക്കണം. ഈ സമരമാകട്ടെ ഉല്‍ക്കൃഷ്ടപ്രവണതകളും നീചപ്രവണതകളും തമ്മിലും ദൈവീകശക്തികളും ആസുരിക ശക്തികളും തമ്മിലും നടക്കുന്ന ഒരു ആന്തരിക പോരാട്ടമാണ്. ഈ ശക്തികളുടെ മദ്ധ്യേയാണ് ജീവന്‍ നിലകൊള്ളുന്നത്. സ്വയം ശക്തിയാര്‍ജ്ജിച്ച് ഈശ്വരസാമീപ്യത്തിന്റെ മാധുര്യം ആസ്വദിക്കുവിന്‍. ദൈവീക സമ്പത്ത് പ്രവൃദ്ധമാകണം. നിങ്ങളുടെ അനുഷ്ഠാനങ്ങള്‍ ക്രമം തെറ്റാതെ ആചരിക്കുക.ഈശ്വരകൃപക്കായി പ്രാര്‍ത്ഥിക്കുക. ജീവിതത്തിലെ ദൈനന്ദിന സമരത്തില്‍ മനുഷ്യരോടും ഭൗതിക വസ്തുക്കളോടും,സന്ദര്‍ഭങ്ങളോടും ഏറ്റുമുട്ടുമ്പോഴാണ് നിങ്ങള്‍ സ്വയം പവിത്രീകരിക്കപ്പെടേണ്ടതും ആദ്ധ്യാത്മിക ശക്തികളെ വികസിപ്പിക്കേണ്ടതും.

  പ്രാരംഭത്തില്‍ ഈശ്വരനെക്കുറിച്ചുള്ള ഒരു മാനസിക സങ്കല്‍പത്തെ അവലംബിച്ചുകൊണ്ട് വിശ്വാസത്തോടും ഭാവത്തോടുംകൂടി ഈശ്വരനാമം ആവര്‍ത്തിച്ചു ജപിക്കുന്നതാണ് സ്മരണ. പവിത്രീകരണം,ഗുരുകൃപ എന്നിവകൊണ്ട് സ്മൃതി ഉദിക്കുന്നു. സ്മൃതി മാനസിക നിലവാരത്തിലുള്ള സ്മരണയല്ല. അതൊരു പ്രകാശമാണ്.. ഹൃദയത്തില്‍നിന്നും ഉദിക്കുന്ന സ്ഫുരണമാണ്. നിങ്ങളുടെ ഈശ്വരാംശത്തിന്റെ ആഴത്തില്‍നിന്ന് നിങ്ങളുടെ അസ്തിത്വത്തിന്റെ അഗാധതലങ്ങളില്‍നിന്നും ഉദിക്കുന്ന ബോധമാണ്. സ്മൃതി ലഭിക്കുന്നതിന് നിങ്ങളുടെ വിശ്വാസം അചഞ്ചലമായിരിക്കണം. സകല പുരോഗതിയുടെയും ഉത്ഭവസ്ഥാനം വിശ്വാസമാണ്. വിശ്വാസരഹിതനായ ഒരാള്‍ ആദ്ധ്യാത്മിക തീര്‍ത്ഥാടനം ആരംഭിച്ചിട്ടില്ലെന്നു ധരിക്കുക. ചാഞ്ചല്യം,സംശയം,വിസ്മൃതി,അശ്രദ്ധ ഇവയൊക്കെ പ്രതിബന്ധങ്ങളാണ്. അവയെ അകറ്റി വിശ്വാസത്തെ പരിപക്വമാക്കുവിന്‍. ഒരു ലുബ്ധന്‍ ധനം സൂക്ഷിക്കുന്നതുപോലെ,നിങ്ങള്‍ സശ്രദ്ധം നിങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ ഉറപ്പുള്ള പെട്ടിയില്‍ സൂക്ഷിക്കുന്നതുപോലെ വിശ്വാസത്തെ സംരക്ഷിക്കുവിന്‍.

(സമ്പാ:കെ.എന്‍.കെ.നമ്പൂതിരി)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.