പരാജയം തുടര്‍ക്കഥയാക്കി കോണ്‍ഗ്രസ്

Wednesday 7 March 2018 6:00 am IST
മൂന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുമായി 180 സീറ്റുകളില്‍ വെറും 21 ഇടത്തു മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. ത്രിപുരയിലും നാഗാലാന്റിലും കോണ്‍ഗ്രസ് 'സംപൂജ്യരായി '. ത്രിപുരയില്‍ 59 സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിച്ചെങ്കിലും ആകെ ലഭിച്ചത് 41,325 വോട്ടുകള്‍ മാത്രം.
"undefined"

ഗുജറാത്തിലെ മെച്ചപ്പെട്ട പ്രകടനവും രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പ് വിജയങ്ങളും രാഹുല്‍ഗാന്ധിയെന്ന രാഷ്ട്രീയ നേതാവിന്റെ ഗ്രാഫ് ഉയര്‍ത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ വാഴ്ത്തിപ്പാടിയപ്പോള്‍ കോണ്‍ഗ്രസ് അണികളില്‍ വീണ്ടും പ്രതീക്ഷയുടെ പുതുനാമ്പുകള്‍ വന്നെങ്കിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന തെരഞ്ഞെടുപ്പ് തോല്‍വികള്‍ അവയെല്ലാം തല്ലിക്കെടുത്തിയിരിക്കുന്നു. തെരഞ്ഞെടുപ്പ് ഫലത്തിന് കാത്തുനില്‍ക്കാതെ പതിവുപോലെ വിദേശത്തേക്ക് മുങ്ങിയ രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിട്ടും മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നതിലെ കോണ്‍ഗ്രസ് പരാജയത്തിന് കാരണമായി. 

കോണ്‍ഗ്രസ് അധ്യക്ഷന്റെ അഭാവത്തില്‍ മുന്‍ അധ്യക്ഷ സോണിയാഗാന്ധി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് അഹമ്മദ് പട്ടേലും കമല്‍നാഥും ഷില്ലോങ്ങിലെത്തിയെങ്കിലും അതിനകംതന്നെ എന്‍ഡിഎ സഖ്യസര്‍ക്കാരിനുള്ള എല്ലാ തയ്യാറെടുപ്പുകളും ബിജെപി പൂര്‍ത്തിയാക്കിയിരുന്നു. ഗോവയിലും മണിപ്പൂരിലും സംഭവിച്ച അതേ പരാജയം മേഘാലയയിലെ സര്‍ക്കാര്‍ രൂപീകരണത്തിലും കോണ്‍ഗ്രസിന് നേരിടേണ്ടിവന്നു. രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലാത്ത രാഹുല്‍ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കിയത് പാര്‍ട്ടി ഏറ്റെടുത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് വ്യക്തമാക്കുന്നതാണ് മേഘാലയയിലെ പരാജയവും.

കഴിഞ്ഞെ ഫെബ്രുവരിയില്‍ ഗോവയില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് രാഹുല്‍ഗാന്ധിയുടെ കഴിവുകേട് കൂടുതല്‍ വ്യക്തമായത്. നാല്‍പ്പതംഗ സഭയില്‍ 17 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനായില്ല. 13 സീറ്റുകളുള്ള ബിജെപി മൂന്നു സീറ്റുകള്‍ വീതമുള്ള മഹാരാഷ്ട്രവാദി ഗോമാന്തക് പാര്‍ട്ടിയേയും, ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജിഎഫ്പി)യേയും സ്വതന്ത്രരേയും ഒപ്പംനിര്‍ത്തിയാണ് ഗോവയില്‍ മനോഹര്‍ പരീഖര്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. കോണ്‍ഗ്രസിന് പിന്തുണ നല്‍കാമെന്നറിയിച്ച് ജിഎഫ്പി, കോണ്‍ഗ്രസ് ഹൈക്കമാന്റിനെ കാണാന്‍ ശ്രമിച്ചെങ്കിലും രാഹുല്‍ഗാന്ധിയുടെ ഓഫീസ് അനുമതി നല്‍കാതെവന്നതോടെയാണ് സര്‍ക്കാര്‍ രൂപീകരണം പരാജയമായത്. ജിഎഫ്പിയുടെ നേതാവ് വിജയ് സര്‍ദേശായി കോണ്‍ഗ്രസ് വാര്‍ റൂം എന്നറിയപ്പെടുന്ന ദല്‍ഹി രഖബ്ഗഞ്ച് റോഡിലെ 15-ാം നമ്പര്‍ വസതിയിലെത്തി മണിക്കൂറുകളോളമാണ് രാഹുലിനെ കാത്തിരുന്നത്. ഒടുവില്‍ രോഷാകുലനായ സര്‍ദേശായി ഗോവയ്ക്ക് മടങ്ങുകയും ബിജെപിക്ക് പിന്തുണ അറിയിക്കുകയുമായിരുന്നു. രാഹുലിന്റെ വിവരക്കേടില്‍ക്ഷുഭിതനായ മണിശങ്കര്‍ അയ്യര്‍ പുതിയ നേതൃത്വം വേണമെന്ന് പരസ്യമായി ആവശ്യപ്പെടുക രെയുണ്ടായി. 

സമാനമായ തിരിച്ചടിയാണ് മണിപ്പൂരിലും സംഭവിച്ചത്. അറുപതംഗ നിയമസഭയില്‍ 28 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാതെ പോയതിന് മണിപ്പൂര്‍ കോണ്‍ഗ്രസ് നേതാക്കള്‍ പഴിപറയുന്നത് രാഹുല്‍ഗാന്ധിയെയാണ്. 21 സീറ്റുകള്‍ നേടിയ ബിജെപി നാലുവീതം സീറ്റുകളുള്ള നാഗാ പീപ്പിള്‍സ് ഫ്രണ്ടിനെയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയെയും സ്വതന്ത്രരെയും ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിച്ചു. മണിപ്പൂരില്‍ ആദ്യമായി ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്തു. 

മേഘാലയയില്‍ തൂക്കുനിയമസഭയായിരിക്കും നിലവില്‍ വരികയെന്ന് വിവിധ അഭിപ്രായ സര്‍വ്വേകള്‍ നേരത്തെതന്നെ പ്രവചിച്ചിരുന്നതാണ്. ഫലം എന്തുതന്നെ ആയിരുന്നാലും സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള ശ്രമങ്ങള്‍ ഫലപ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്ക് മുന്‍പുതന്നെ ബിജെപി ആരംഭിച്ചപ്പോള്‍ ഫലം പുറത്തുവന്നു തുടങ്ങിയശേഷം മാത്രമാണ് കോണ്‍ഗ്രസ് അതേപ്പറ്റി ആലോചിച്ചത്. മാര്‍ച്ച് മൂന്നിന് വോട്ടെണ്ണല്‍ ആരംഭിച്ച് ഫലസൂചനകള്‍ വ്യക്തമായതോടെ ബിജെപി നേതൃത്വം എന്‍ഡിഎ സഖ്യസര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതോടെയാണ് ദല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനം ഉണര്‍ന്നത്. 

മുത്തശ്ശിക്ക് പിറന്നാള്‍ സമ്മാനവുമായി ഇറ്റലിക്ക് പോയ രാഹുല്‍ഗാന്ധി ഇക്കാര്യങ്ങളൊന്നും അന്വേഷിച്ചതേയില്ല. ഒടുവില്‍ പത്തുമണിയോടെ സോണിയാഗാന്ധി ഇടപെട്ടാണ് വിശ്വസ്തനായ അഹമ്മദ് പട്ടേലിനെയും കമല്‍നാഥിനെയും മേഘാലയയിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഷില്ലോങ്ങില്‍ വിമാനമിറങ്ങും മുമ്പ് എന്‍ഡിഎ സഖ്യസര്‍ക്കാരിനുള്ള അന്തിമ തീരുമാനം ബിജെപി നേതാക്കള്‍ ഗവര്‍ണ്ണറെ അറിയിച്ചിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാംമാധവ് വൈകുന്നേരം സഖ്യകക്ഷി നേതാക്കളുമായി ഗവര്‍ണ്ണറെ കണ്ട് 32 പേരുടെ പിന്തുണക്കത്തും നല്‍കി. കോണ്‍ഗ്രസിന്റെ പിഴവും രാഹുലിന്റെ പിടിപ്പുകേടും മൂലം ഒരുവര്‍ഷത്തിനിടെ നഷ്ടപ്പെടുന്ന മൂന്നാമത്തെ സംസ്ഥാനമായി മേഘാലയ മാറി. 

ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുമായി 180 സീറ്റുകളില്‍ വെറും 21 ഇടത്തു മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. ത്രിപുരയിലും നാഗാലാന്റിലും കോണ്‍ഗ്രസ് 'സംപൂജ്യരായി'. ത്രിപുരയില്‍ 59 സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിച്ചെങ്കിലും ആകെ ലഭിച്ചത് 41,325 വോട്ടുകള്‍ മാത്രം. 2013-ല്‍ ലഭിച്ച ഏഴര ലക്ഷത്തോളം വോട്ടുകളാണ് പാര്‍ട്ടിക്ക് നഷ്ടമായത്. നാലു മണ്ഡലങ്ങളില്‍ മാത്രമാണ് ആയിരത്തില്‍ അധികം വോട്ടുകള്‍ ലഭിച്ചതെന്നതും കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ ആഴം വ്യക്തമാക്കുന്നു. നാഗാലാന്റിലും രണ്ടുശതമാനം വോട്ടുകള്‍ നേടാന്‍ മാത്രമാണ് കോണ്‍ഗ്രസിന് സാധിച്ചത്. 2013-ല്‍ അരുണാചല്‍ പ്രദേശ്, ആസാം, മണിപ്പൂര്‍, മേഘാലയ, മിസോറാം എന്നീ അഞ്ചു സംസ്ഥാനങ്ങളില്‍ ഭരണമുണ്ടായിരുന്ന കോണ്‍ഗ്രസിന് നിലവില്‍ അവശേഷിക്കുന്നത് മിസോറാം മാത്രമാണ്. 2018 അവസാനമാണ് മിസോറാമിലെ തെരഞ്ഞെടുപ്പ്. മിസോറാം ലക്ഷ്യമിട്ടുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ബിജെപി ഒരുവര്‍ഷം മുന്നേ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസാവട്ടെ കര്‍ണ്ണാടക തെരഞ്ഞെടുപ്പിനുശേഷം മിസോറാം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാമെന്ന തീരുമാനത്തിലാണ്. 

വേഗത്തില്‍ രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കുന്നതിലും നടപ്പാക്കുന്നതിലും ദയനീയ പരാജയമാണ്  രാഹുല്‍ഗാന്ധി. മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്ന കുറിക്കുകൊള്ളുന്ന വാചകങ്ങള്‍ പത്രങ്ങളിലെ വാര്‍ത്താ തലക്കെട്ടുകള്‍ ലഭിക്കുന്നതിനായി നോക്കി വായിക്കുന്ന നിലവാരത്തില്‍നിന്ന് രാഹുലിന് ഇനിയും മോചനം നേടാനായിട്ടില്ല. കര്‍ണ്ണാടകവും മിസോറാമും കൈവിടുമെന്ന ആശങ്ക നിലനില്‍ക്കെ പഞ്ചാബില്‍ നിലവിലുള്ള അമരീന്ദര്‍ സര്‍ക്കാരുമായി രാഹുല്‍ ഗാന്ധി വിയോജിപ്പ് വച്ചുപുലര്‍ത്തുന്നതും കോണ്‍ഗ്രസിന്റെ സ്ഥിതി കൂടുതല്‍ പരുങ്ങലിലാക്കുന്നു. പൂര്‍ണ്ണസമയ രാഷ്ട്രീയക്കാരനാവാനുള്ള രാഹുലിന്റെ താല്‍പ്പര്യമില്ലായ്മയാണ് കോണ്‍ഗ്രസ് നേരിടുന്ന പ്രധാന പ്രശ്‌നം. കോണ്‍ഗ്രസിലെ വന്‍തോക്ക് പി. ചിദംബരത്തിലേക്ക് അഴിമതി കേസുകളുടെ അന്വേഷണം വന്നെത്തുമ്പോള്‍ അതിനെ പ്രതിരോധിക്കാനാവാതെ കോണ്‍ഗ്രസ് വിഷമിക്കുമ്പോഴും രാഹുല്‍ഗാന്ധിക്ക് രഹസ്യ വിദേശയാത്രകളോടാണ് പ്രിയം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.