അന്താരാഷ്ട്ര കള്ളക്കത്ത് സംഘത്തലവന്‍ പിടിയില്‍

Wednesday 7 March 2018 5:44 am IST
"undefined"

കൊച്ചി: അന്താരാഷ്ട്ര കള്ളക്കത്ത് സംഘത്തലവന്‍ ബിഷു ഷെയ്ക്കിനെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്തോ- ബംഗ്ലാദേശ് അതിര്‍ത്തിവഴി കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്ത് നടത്തുന്ന സംഘത്തിന്റെ തലവനാണ് ബിഷു. മുഴുവന്‍ സമയവും അംഗരക്ഷകരുടെ അകമ്പടിയില്‍ കഴിയുന്ന ഇയാളെ കൊല്‍ക്കത്തയില്‍ നിന്നാണ് കൊച്ചി സിബിഐ സംഘം അറസ്റ്റ് ചെയ്തത്. 

എന്‍െഎഎ ഉള്‍പ്പെടെയുള്ളവര്‍ അന്വേഷിക്കുന്ന പ്രതിയാണ് ഇയാള്‍. കള്ളക്കടത്തുമായി ബന്ധപ്പെട്ട് മലയാളി ബിഎസ്എഫ് കമാന്‍ഡന്റ് ജിബു മാത്യുവിന്റെ അറസ്റ്റാണ് ബിഷു ഷെയ്ക്കിലേക്ക് സിബിഐയെ എത്തിച്ചത്. കള്ളനോട്ടും മയക്കുമരുന്നും കടത്തുന്നതിനായി ജിബു ഡി. മാത്യുവിന് ലക്ഷക്കണക്കിന് രൂപ കോഴ നല്‍കിയിട്ടുണ്ടെന്ന് ബിഷു ഷെയ്ക്ക് സിബിഐയ്ക്ക് മൊഴി നല്‍കി. പ്രതിയെ ഇന്നലെ കൊച്ചിയില്‍ എത്തിച്ചു. പിന്നീട് സിബിഐ കോടതിയില്‍ ഹാജരാക്കാനായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. 

ജനുവരി 30ന് ട്രെയിനില്‍ സഞ്ചരിക്കവേ ആലപ്പുഴയില്‍ നിന്നാണ് ജിബു മാത്യുവിനെ 45 ലക്ഷം രൂപയുമായി പിടികൂടിയത്. കള്ളക്കടത്ത് സംഘത്തെ സഹായിച്ചതിന് ലഭിച്ച പണമാണിതെന്നാണ് സിബിഐയുടെ നിഗമനം. നിരവധി തവണ ബിഷു ഷെയ്ക്കില്‍ നിന്ന് ജിബു കോഴ വാങ്ങി രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ കൈമാറിയിരുന്നതായി സിബിഐ സംഘം കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്ന് സിബിഐയുടെ ആവശ്യ പ്രകാരം കോടതി ബിഷു ഷെയ്ക്കിനെ രണ്ടാം പ്രതിയാക്കിയിരുന്നു.  

നിലവില്‍ കൊല്‍ക്കത്തയിലെ ബിഎസ്എഫ് 83 ബറ്റാലിയന്‍ കമാന്‍ഡന്റാണ് ജിബു. ഇയാള്‍ അതിര്‍ത്തി വഴി കള്ളനോട്ടും ആയുധങ്ങളും മയക്കുമരുന്നും ഉള്‍പ്പെടെയുള്ളവ കടത്താന്‍ തീവ്രവാദികളെ സഹായിച്ചിട്ടുണ്ടെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തില്‍പ്പെട്ടയാളാണ് ബിഷുവെന്ന് സൂചനയുണ്ട്. മയക്കുമരുന്ന് കള്ളക്കടത്തിന്റെ പ്രധാന കേന്ദ്രമായ അഫ്ഗാനില്‍ നിന്നും പാക്കിസ്ഥാനിലൂടെ ബംഗ്ലാദേശിലെത്തിച്ച് പിന്നീട് കൊ ല്‍ക്കത്ത വഴി ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്കും എത്തിക്കുന്നത് ബിഷുവും സംഘവുമാണ്. കേരളത്തിലേയ്ക്കും മയക്കുമരുന്ന് എത്തിക്കുന്നതിലും ഇയാള്‍ക്ക് പങ്കുണ്ട്. സിനിമാ പ്രവര്‍ത്തകര്‍ക്കും ഡിജെ പാര്‍ട്ടികള്‍ക്കുമായി എത്തിച്ച 30 കോടി മയക്കമരുന്നിന്റെ പിന്നിലും ബിഷുവിന്റെ പങ്ക് സിബിഐ അന്വേഷിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.