26-ാം മൈലില്‍ പുതിയ പാലം നിര്‍മ്മാണം വൈകുന്നു

Wednesday 7 March 2018 2:00 am IST
കാഞ്ഞിരപ്പള്ളി: ശബരിമല തീര്‍ത്ഥാടനകാലം കഴിഞ്ഞിട്ട് ഒന്നര മാസമായിട്ടും 26-ാം മൈല്‍ പാലം നിര്‍മ്മാണത്തില്‍ തീരുമാനമായില്ല. കാഞ്ഞിരപ്പള്ളി-എരുമേലി പാതയിലെ 26-ാം മൈല്‍ പാലം ശോചനീയാവസ്ഥയിലായതിനെ തുടര്‍ന്ന് പുതിയ പാലം നിര്‍മ്മിക്കുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം.

 

കാഞ്ഞിരപ്പള്ളി: ശബരിമല തീര്‍ത്ഥാടനകാലം കഴിഞ്ഞിട്ട് ഒന്നര മാസമായിട്ടും 26-ാം മൈല്‍ പാലം നിര്‍മ്മാണത്തില്‍ തീരുമാനമായില്ല. കാഞ്ഞിരപ്പള്ളി-എരുമേലി പാതയിലെ 26-ാം മൈല്‍ പാലം ശോചനീയാവസ്ഥയിലായതിനെ തുടര്‍ന്ന് പുതിയ പാലം നിര്‍മ്മിക്കുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം.

എന്നാല്‍ പ്രഖ്യാപനം പാഴ്വാക്കായെന്ന് നാട്ടുകാര്‍ പറയുന്നു. പാലത്തിന്റെ തൂണുകളുടെ കല്ലുകള്‍ ഇളകിയതാണ് പാലം അപകടാവസ്ഥയിലാകാന്‍ കാരണം. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി തൂണുകള്‍ ബലപ്പെടുത്തുന്നതിന് വേണ്ട നടപടികള്‍ ചെയ്യുകയായിരുന്നു.

തീര്‍ത്ഥാടന കാലത്തിനു ശേഷം പുതിയ പാലം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുമെന്ന് എന്‍. ജയരാജ് എംഎല്‍എ ഉറപ്പു നല്‍കിയിരുന്നു. പൊതുമരാമത്ത് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം പുതിയ പാലം നിര്‍മ്മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇവരും പുതിയ പാലം നിര്‍മ്മിക്കണമെന്ന് അഭിപ്രായമാണ് പറഞ്ഞത്. പാലത്തിന്റെ ഇരുവശങ്ങളും വീതി കൂട്ടി കാല്‍നട യാത്രികര്‍ക്ക് പ്രത്യേകം നടപ്പാത ഉള്‍പ്പെടെ മികച്ച നിലവാരത്തില്‍ നിര്‍മ്മിക്കാനാണ് രൂപകല്‍പ്പന ചെയ്തത്. പൊതുമരാമത്തു റോഡ് വിഭാഗം ഉദ്യോഗസ്ഥരോടു എസ്റ്റിമേറ്റ് തയാറാക്കി ഉടന്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശവും നല്‍കിയിരുന്നു.

ശക്തമായ മഴയും തോട്ടിലെ നീരൊഴുക്കും നിര്‍മാണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ പുതിയ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂന്നു മാസത്തിനു ശേഷമേ ആരംഭിക്കുകയുള്ളൂ എന്നാണ് സപ്തംബറില്‍ അധികൃതര്‍ അറിയിച്ചിരുന്നത്. ശബരിമല തീര്‍ത്ഥാടനകാലത്തെ തിരക്ക് പരിഗണിച്ച് പുതിയ പാലം നിര്‍മിക്കാനുണ്ടാകുന്ന കാലതാമസം കണക്കിലെടുത്താണ് പാലം നിര്‍മാണം മാറ്റിവെച്ച് താത്ക്കാലിക പരിഹാരമായി തൂണുകള്‍ ബലപ്പെടുത്തുക മാത്രമാണ് ചെയ്തത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.