കുപ്പിവെള്ളം ഉപഭോഗം ഒരു കോടി ലിറ്റര്‍ കടക്കുന്നു

Wednesday 7 March 2018 5:40 am IST
"undefined"

കോട്ടയം: വേനല്‍ച്ചൂടില്‍ ഉരുകുന്ന കേരളത്തില്‍ കുപ്പിവെള്ളത്തിന്റെ ഉപഭോഗം കുതിക്കുന്നു. അത്യുഷ്ണത്തിന്റെ പിടിയിലായതോടെ പ്രതിദിനം ഒരുകോടി ലിറ്റര്‍ കുപ്പിവെള്ളം കുടിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. 

ഈ സാഹചര്യത്തില്‍  കുപ്പിവെള്ള (പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍) കമ്പനികള്‍ ഉത്പാദനം കൂട്ടി. സംസ്ഥാനത്ത്  കുപ്പിവെള്ളത്തിന്റെ ഉപഭോഗം 25 ശതമാനം വര്‍ധിക്കുകയാണ്. വേനല്‍ക്കാലത്ത് കോടികളുടെ കുപ്പിവെള്ളക്കച്ചവടമാണ് നടക്കുന്നത്. മുന്‍വര്‍ഷം ഒരു ദിവസം ഏഴ് കോടിയുടെ കച്ചവടം നടന്നിരുന്നു. വേനല്‍ചൂട് 40 ഡിഗ്രി അടുക്കുന്നതോടെ ഉപഭോഗം ഇനിയും കൂടാനാണ് സാധ്യത. 

15 മുതല്‍ 25 രൂപ ലിറ്ററിന് വിലവരുന്ന 50 ലക്ഷം ലിറ്റര്‍ വെള്ളമാണ് പ്രതിദിനം വില്‍ക്കുന്നവയില്‍ കൂടുതല്‍. 20 ലിറ്റര്‍ വരുന്ന കാനുകളില്‍ വില്‍ക്കുന്ന വെള്ളമാണ് വീട്ടാവശ്യത്തിന് ഉപയോഗിക്കുന്നത്. ഇത് രണ്ട് ലക്ഷം ലിറ്ററിന് മുകളില്‍ വരുമെന്നാണ് കണക്കാക്കുന്നത്.

ആദ്യം ജാറൊന്നിന് 250 രൂപയാണ് ഈടാക്കുന്നത്. പിന്നീട് നിറയ്ക്കുന്നതിന് 50 രൂപ മുതല്‍ 60 രൂപ വരെ വാങ്ങും. നഗരങ്ങളിലെ വീടുകളിലും ഓഫീസുകളിലുമാണ് ഇത്തരം വില്പന കൂടുതല്‍. പരമ്പരാഗത ജലസ്രോതസ്സുകള്‍ വറ്റിവരളുന്നതും പൊതു ടാപ്പിലൂടെയുള്ള വെള്ളത്തിന്റെ അളവും ഗുണവും കുറയുന്നതാണ് കുപ്പിവെളള കമ്പനികള്‍ മുതലെടുക്കുന്നത്. 

കുപ്പിവെള്ള ബ്രാന്‍ഡുകളിലധികവും ബഹുരാഷ്ട കമ്പനികളുടേതാണ്. 142 കമ്പനികളുടെ വെള്ളം വില്‍ക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്തെ ജലസ്രോതസ്സുകളില്‍ നിന്നുള്ള വെള്ളമാണ് ഈ കമ്പനികള്‍ അധികവും ഉപയോഗിക്കുന്നത്. 

ഉയര്‍ന്ന സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ ശുദ്ധീകരിച്ച വെളളമാണ് വിതരണം ചെയ്യുന്നതെന്നാണ് ഈ കമ്പനികള്‍ അവകാശപ്പെടുന്നത്. ഇത് കൂടാതെ സംസ്ഥാന ജല അതോറിട്ടിയുടെ ബ്രാന്‍ഡഡ് കുപ്പിവെള്ളവും വിപണിയിലുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.