ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ്: ശ്രീശങ്കറിനും ജിന്‍സണും നയനയ്ക്കും സ്വര്‍ണ്ണം

Wednesday 7 March 2018 2:12 am IST
"undefined"

പാട്യാല: ഇരുപത്തിരണ്ടാമത് ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സിന്റെ രണ്ടാം ദിനം കേരളത്തിന് മന്ന് സ്വര്‍ണ്ണം. പുരുഷന്മാരുടെ ലോങ്ജമ്പില്‍ എം. ശ്രീശങ്കര്‍, 800 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണ്‍, വനിതാ ലോങ്ജമ്പില്‍ നയന ജെയിംസ് എന്നിവരാണ് ഇന്നലെ പൊന്നണിഞ്ഞത്. ഒരു വെള്ളിയും നാല് വെങ്കലവും ഇന്നലെ കേരളം നേടി. ലോങ്ജമ്പില്‍ നീനക്കാണ് വെള്ളി. മുഹമ്മദ് അഫ്‌സല്‍, ആല്‍ഫിന്‍, കുഞ്ഞുമുഹമ്മദ്, റിന്റു മാത്യു എന്നിവര്‍ വെങ്കലം നേടി.

വനിതാ വിഭാഗത്തില്‍ ഒഡീഷയുടെ ദ്യുതി ചന്ദും പുരുഷ വിഭാഗത്തില്‍ തമിഴ്‌നാടിന്റെ ശിവകുമാറും മീറ്റിലെ വേഗമേറിയ താരങ്ങളായി.

രണ്ടാം ദിനം മൂന്ന് റെക്കോഡുകള്‍ പിറന്നു.

വനിതാ ലോങ്ജമ്പില്‍ 6.51 മീറ്റര്‍ ചാടി സ്വര്‍ണ്ണം നേടിയ നയന ജെയിംസ് ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് യോഗ്യത നേടി. തന്റെ ആദ്യ ശ്രമത്തിലാണ് നയന സ്വര്‍ണ്ണ ദൂരം മറികടന്നത്. 6.45 മീറ്ററായിരുന്നു കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ യോഗ്യതാ ദൂരം. ഈയിനത്തിലെ മറ്റ് രണ്ട് മെഡലുകളും കേരളത്തിനാണ്. 6.28 മീറ്റര്‍ ചാടി നീന വെള്ളിയും  6.07 മീറ്റര്‍ താണ്ടി റിന്റു മാത്യു വെങ്കലവും നേടി.

പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ 85.94 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര പുതിയ മീറ്റ് റെക്കോര്‍ഡും കോമണ്‍വെല്‍ത്ത് യോഗ്യതയും നേടിയത്. അവസാന ശ്രമത്തിലായിരുന്നു നീരവിന്റെ  റെക്കോര്‍ഡ് ഏറ്. കഴിഞ്ഞ വര്‍ഷം ഇതേ വേദിയില്‍ സ്ഥാപിച്ച തന്റെ തന്നെ പേരിലുള്ള 85.63 മീറ്ററിന്റെ റെക്കോഡാണ് നീരജ് ഇന്നലെ തിരുത്തിയത്. കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ ദൂരമാണ് നീരജ് ഇന്നലെ ജാവലിന്‍ എറിഞ്ഞിട്ടത്. ഉത്തര്‍പ്രദേശിന്റെ അമിത്കുമാര്‍ (79.16 മീ.) വെള്ളിയും ശിവ്പാല്‍ സിങ് 78.31 എറിഞ്ഞ് വെങ്കലവും നേടി.

ഷോട്ട്പുട്ടില്‍ പഞ്ചാബിന്റെ തജീന്ദര്‍ പാല്‍ സിങ് 20.24 മീറ്റര്‍ എറിഞ്ഞാണ് സ്വര്‍ണ്ണവും കോമണ്‍വെല്‍ത്ത് ഗെയിംസ് യോഗ്യതയും നേടിയത്. 20.20 മീറ്ററായിരുന്നു യോഗ്യതാ മാര്‍ക്ക്. ഹരിയാനയുടെ നവീന്‍ ചിക്രാ 19.57 മീറ്ററില്‍ വെള്ളി നേടിയപ്പോള്‍ കേരളത്തിന്റെ വി.പി. ആല്‍ഫിന്‍ 17.46 മീറ്റര്‍ എറിഞ്ഞ് വെങ്കലം നേടി. ഉത്തരേന്ത്യക്കാരുടെ കുത്തകയിനങ്ങളായ ത്രോയിനങ്ങളില്‍ കേരളം മെഡല്‍ നേടുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായാണ്.

"undefined"
പുരുഷന്മാരുടെ ലോങ്ജമ്പില്‍ ഒരു സെന്റീ മീറ്റര്‍ വ്യത്യാസത്തിനാണ് കേരളത്തിന്റെ ശ്രീശങ്കറിന് യോഗ്യത നഷ്ടമായത്. 7.99 മീറ്റര്‍ ചാടി ശ്രീശങ്കര്‍ സ്വര്‍ണ്ണം നേടിയെങ്കിലും 8 മീറ്ററായിരുന്നു യോഗ്യതാ മാര്‍ക്ക്. 7.66 മീറ്റര്‍ ചാടി തമിഴ്‌നാടിന്റെ വെയ്ന്‍ പെപ്പ് വെള്ളിയും 7.54 മീറ്റര്‍ ചാടി കര്‍ണ്ണാടകയുടെ എസ്.ഇ. സംഷീര്‍ വെങ്കലവും നേടി.

പുരുഷന്മാരുടെ 800 മീറ്ററില്‍ കേരളതാരം ജിന്‍സണ്‍ ജോണ്‍സണ്‍ പുതിയ മീറ്റ് റെക്കോര്‍ഡുമായി സ്വര്‍ണ്ണം നേടിയെങ്കിലും കോമണ്‍വെല്‍ത്ത് യോഗ്യതാ മാര്‍ക്ക് മറികടക്കാനായില്ല. 1:46.32 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ജിന്‍സണ്‍ 2014-ല്‍ കേരളത്തിന്റെ സജീഷ് ജോസഫ് സ്ഥാപിച്ച 1:46.81 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് മറികടന്നത്. വെള്ളിനേടിയ ഹരിയാനയുടെ മന്‍ജിത് സിങും നിലവിലെ റെക്കോര്‍ഡ് മറികടന്നു. വെങ്കലം കേരളത്തിന്റെ മുഹമ്മദ് അഫ്‌സല്‍ 1 മിനിറ്റ് 48.17 സെക്കന്‍ഡില്‍ നേടി.

400 മീറ്ററില്‍ ഒളിമ്പ്യന്‍ മുഹമ്മദ് അനസ് 46.13 സെക്കന്‍ഡില്‍ പറന്നെത്തിയ കേരളത്തിനായി സ്വര്‍ണ്ണം നേടി. ദല്‍ഹിയുടെ മലയാളി താരം അമോജ് ജേക്കബ് വെള്ളി നേടിയപ്പോള്‍ കേരളത്തിന്റെ കുഞ്ഞുമുഹമ്മദ് വെങ്കലമണിഞ്ഞു.

വനിതകളുടെ 100 മീറ്ററില്‍ 11.60 സെക്കന്‍ഡില്‍ പറന്നെത്തിയാണ് ദേശീയ റെക്കോര്‍ഡിന് ഉടമയായ ദ്യൂതി ചന്ദ് മിന്നല്‍പ്പറവയായത്. കര്‍ണാടകയുടെ പ്രജ്ഞ എസ്. പ്രകാശ് 11.81 സെക്കന്‍ഡില്‍ വെള്ളിയും രാജസ്ഥാന്റെ ഹിന 11.83 സെക്കന്‍ഡില്‍ വെങ്കലവും നേടി.

പുരുഷവിഭാഗത്തില്‍ 10.43 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ശിവകുമാര്‍ വേഗമേറിയ താരമായത്. 10.56 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്ന തമിഴ്‌നാടിന്റെ തന്നെ ഏലക്യദാസന്‍ വെള്ളിയും ഹരിയാനയുെട കൃഷ്ണകുമാര്‍ റാണെ 10.59 സെക്കന്‍ഡില്‍ വെങ്കലവും സ്വന്തമാക്കി. കേരളത്തിന്റെ അനുരൂപ് ജോണ്‍ 10.74 സെക്കന്‍ഡില്‍ എട്ടാമതായാണ് ഫിനിഷ് ചെയ്തത്.

വനിതാ 400 മീറ്ററില്‍ അസം താരം ഹിമ ദാസ് സ്വര്‍ണ്ണവും കര്‍ണാടകയുടെ വിജയകുമാരി വെള്ളിയും എം.ആര്‍. പൂവമ്മ വെങ്കലവും നേടി. 800 മീറ്ററില്‍ സ്വര്‍ണ്ണവും വെള്ളിയും പശ്ചിമബംഗാളിനാണ്. ഷിപ്ര സര്‍ക്കാര്‍ ഒന്നാമതെത്തിയപ്പോള്‍ ലിലിദാസ് രണ്ടാമത്. കര്‍ണാടകയുടെ വിജയകുമാരിക്ക് വെങ്കലം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.