മനു ബാക്കറിന് രണ്ടാം സ്വര്‍ണ്ണം

Wednesday 7 March 2018 2:16 am IST
"undefined"

മെക്‌സിക്കോസിറ്റി: ഇന്ത്യയുടെ കൗമാര ഷൂട്ടിങ് താരം മനു ബാക്കറിന് രണ്ടാം സ്വര്‍ണ്ണം. ലോകകപ്പ് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിന്റെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തിലാണ് മനു ബാക്കര്‍ ഇന്നലെ സ്വര്‍ണ്ണം നേടിയത്. കഴിഞ്ഞ ദിവസം 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണ്ണം നേടിയ 16കാരി മനു ബാക്കര്‍ ഇന്നലെ ഓംപ്രകാശ് മിതര്‍വാൡനൊപ്പം ചേര്‍ന്നാണ് ടീം ഇനത്തിലും പൊന്നണിഞ്ഞത്. സീനിയര്‍ വിഭാഗത്തിലെ അരങ്ങേറ്റ മത്സരത്തിലാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ മനു ഇരട്ടസ്വര്‍ണ്ണം സ്വന്തമാക്കി ചരിത്രം കുറിച്ചിരിക്കുന്നത്. റുമാനിയന്‍ സഖ്യത്തിനാണ് വെള്ളി. 

ഈ വിഭാഗത്തില്‍ വെങ്കലവും ഇന്ത്യന്‍ താരങ്ങള്‍ നേടി. ദീപക് കുമാര്‍-മെഹുലി ഘോഷ് സഖ്യമാണ് വെങ്കലമണിഞ്ഞത്. ഇതോടെ മെഡല്‍ നേട്ടത്തില്‍ ഇന്ത്യ ഒന്നാമതെത്തി. 3 സ്വര്‍ണ്ണവും നാല് വെങ്കലവുമടക്കം 7 മെഡലുകളാണ് ഇന്ത്യ നേടിയിട്ടുള്ളത്. 

അവിശ്വസനീയം: മനു ബാക്കര്‍

മെക്‌സിക്കോസിറ്റി: ആദ്യ ഷൂട്ടിങ് ലോകകപ്പില്‍ തന്നെ ഇരട്ട സ്വര്‍ണം നേടിയ മനു ബാക്കറിന് ഇനിയും അമ്പരപ്പ് മാറിയിട്ടില്ല. സുവര്‍ണ നേട്ടത്തെ തനിക്കെനിയും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് മനു പറയുന്നത്. ഈ മിന്നുംപ്രകടനം സീസണിലെ ആദ്യ ഐഎഎസ്എസ്എഫ് ഷൂട്ടിങ് വേള്‍ഡ്കപ്പിലെ ശക്തമായ സാന്നിധ്യമായി ഇന്ത്യയെ മാറ്റിയിരിക്കയാണ്. വെറും രണ്ട് വര്‍ഷം മുന്‍പ് ഷൂട്ടിങ് കളത്തിലേക്ക് കാലുവെച്ച ഈ പതിനാറുകാരി ചുരുങ്ങിയ കാലയളവിനുള്ളില്‍ അന്താരാഷ്ട്ര തലത്തില്‍ തിളങ്ങും വിജയം കൈവരിച്ചത് ചില്ലറ കാര്യമല്ല. 10മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തില്‍ തനിക്ക് ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്നും 17ാമത്തെ ഷോട്ടില്‍ 8.4 പോയിന്റും 19ാമത്തെ ഷോട്ടില്‍ 8.1 പോയിന്റും കിട്ടിയതോടെ താന്‍ അസ്വസ്ഥയായിരുന്നുവെന്നും ഭേക്കര്‍ വ്യക്തമാക്കി.എന്നാല്‍ തനിക്ക് പിന്നാലെയുള്ളവരെ കവച്ചുവെട്ടി ഫൈനല്‍ ഷോട്ടില്‍ 10.6 പോയന്റ് നേട്ടം കൈവരിക്കാന്‍ മനു ബാക്കറിനായി.

ഷൂട്ടിങിലേക്കുള്ള ബാക്കറിന്റെ കടന്നുവരവ് അവിചാരിതമായാണ്. ബോക്‌സിങിലും മാര്‍ഷ്യല്‍ ആര്‍ട്‌സിലുമുള്ള അവളുടെ താല്പര്യമാണ് ഷൂട്ടിങ് രംഗത്തിലേക്കുള്ള കാല്‍വെപ്പായി മാറാന്‍ കാരണമായത്. ഹരിയാനയില്‍ നിന്നുള്ള ഈ പുത്തന്‍ താരോദയം സിഡ്‌നിയില്‍ നടക്കാനിരിക്കുന്ന ഐഎസ്എസ്എഫ് ജൂനിയര്‍ വേള്‍ഡ് കപ്പില്‍ മികച്ചവിജയം കാഴ്ച വെക്കാനായുള്ള പരിശീലനത്തിലാണ്. രാജ്യത്തിനായി മെഡലുകള്‍ നേടുമെന്നും മനു പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരത്തുവെച്ചുനടന്ന 61-ാമത് നാഷണല്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ 10മീറ്റര്‍ എയര്‍പിസ്റ്റള്‍ വിഭാഗത്തില്‍ മനു വിജയം കൈവരിച്ചിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.