നൂറ് സംവത്സരം പിന്നിട്ട് സേതുത്തമ്പുരാട്ടി...

Wednesday 7 March 2018 7:05 am IST
"undefined"

തെക്കന്‍ തിരുവിതാംകൂറിലെ നാനൂറിലേറെ വര്‍ഷം പഴക്കമുള്ള അതിപുരാതന രാജകൊട്ടാരം കിളിമാനൂര്‍. കേരള ജനതയെ ചിത്രങ്ങള്‍കൊണ്ട് കഥ പറയാന്‍ പഠിപ്പിച്ച ചിത്രകാരന്‍ രാജാരവിവര്‍മ്മയുടെ ജന്മസ്ഥലം. പതിറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന കൊട്ടാരത്തിലെ വലിയ തമ്പുരാട്ടിയും രാജാരവിവര്‍മ്മയുടെ അനന്തരവളുമായ സേതു തമ്പുരാട്ടിക്ക് ഇന്ന് 100-ാം പിറന്നാള്‍. കാലം മായ്ക്കാത്ത നിമിഷങ്ങളെ ഓര്‍മ്മയുടെ മണിച്ചെപ്പില്‍ സൂക്ഷിച്ച് ഈ ആണ്ടിലേക്ക് കടക്കുമ്പോള്‍ നൂറ് സംവത്സരം. ഓര്‍മ്മയുടെ പൂക്കൂടയില്‍ നിന്ന് ഓരോ നിമിഷങ്ങളെയും വേര്‍തിരിച്ചെടുക്കുമ്പോള്‍ കാലാന്തരത്തിലെ മാറ്റങ്ങള്‍ അവര്‍ക്ക് അത്ഭുതമാണ്.

നിറം മങ്ങാത്ത ഓര്‍മ്മകള്‍..

നൂറു വയസ്സിലും മായാത്ത ഓര്‍മ്മകളാണ് സേതുത്തമ്പുരാട്ടിക്ക് പങ്കു വയ്ക്കാനുള്ളത്. അന്നത്തെക്കാലത്ത് പെണ്‍കുട്ടികള്‍ക്ക് അനുവദനീയമായ നാലാംക്ലാസ് വിദ്യാഭ്യാസത്തിന് ശേഷം സംസ്‌കൃതം അഭ്യസിച്ചത് അമ്മയുടെ ഗുരുമുഖത്ത് നിന്നാണ്. സിദ്ധരൂപം, അമരകോശം, ശ്രീകൃഷ്ണ വിലാസം, രഘുവംശം, മാഹം എന്നിങ്ങനെ നീളുന്നു അത്. ഈ സംസ്‌കൃതജ്ഞാനം നല്‍കിയ ആത്മവിശ്വാസമാണ് ശ്രീകൃഷ്ണവിലാസം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ പ്രേരിപ്പിച്ചതും. തുടര്‍പഠനത്തിന് ആഗ്രഹിച്ചിരുന്നെങ്കിലും അത് സാധ്യമായിരുന്നില്ല. തന്റെ ആഗ്രഹം സാക്ഷാത്കരിച്ചത് മക്കളിലൂടെയാണ്. നാലു മക്കള്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കി. സംസ്‌കൃതത്തിനു പുറമെ സംഗീതവും പ്രിയപ്പെട്ടതായിരുന്നു. കിളിമാനൂര്‍ മാധവ വാര്യരില്‍ നിന്നു സംഗീതവും ഹാര്‍മോണിയവും, മാവേലിക്കര കൊച്ചുപങ്കി അമ്മ തമ്പുരാനില്‍ നിന്ന് വീണയും പഠിച്ചു. ചെറുപ്പം മുതല്‍ സംഗീതത്തോടും സാഹിത്യത്തോടും പ്രിയമേറിയതുകൊണ്ട് വളരെ എളുപ്പത്തില്‍ അവ കരഗതമാക്കി.  

"undefined"

എന്തേ വേളി താമസിച്ച്?

വേളിയെപ്പറ്റി ചോദിക്കുമ്പോള്‍ തെല്ലു നാണത്തോടു കൂടി കുറുമ്പില്‍ ചാലിച്ചെടുത്ത ചിരിയായിരുന്നു. പിന്നെയൊരു മറുപടീം, നടക്കണ്ടേ.. എന്നാലല്ലേ പറ്റൂ. തന്റെ എണ്‍പത്തിയെട്ടാം വയസ്സില്‍ വിട്ടുപിരിഞ്ഞ പ്രിയതമനെക്കുറിച്ചുള്ള ഓര്‍മ്മയുടെ തീച്ചൂളയില്‍ വെന്തുരുകുകയാണവര്‍. എന്നിരുന്നാലും താന്‍ ഏറെ സ്‌നേഹിച്ച തന്നെയേറെ സ്‌നേഹിച്ച ആളിന്റെ രൂപം മനസ്സില്‍ ആവാഹിച്ചെടുത്തു. പൂഞ്ഞാര്‍ രാജകുടുംബത്തിലെ രാമരാജവര്‍മ്മയായിരുന്നു പത്തൊന്‍പതാം വയസ്സില്‍ വരണമാല്യം അണിയിച്ചത്. 

ഇരുപതാം വയസ്സില്‍ തുടങ്ങിയ എഴുത്ത്..

ഇരുപതാമത്തെ വയസ്സിലാണ് എഴുതാന്‍ ആരംഭിച്ചത്. കവിതകളോടായിരുന്നു കൂടുതല്‍ പ്രിയം. വീട്ടുജോലിക്കിടയിലാകും കവിത മനസ്സിനെ ത്രസിപ്പിക്കുന്നത്. ഒരിക്കലൊരു കവിത അനുവാദം ചോദിക്കാതെ മനസ്സിന്റെ ഇടനാഴിയില്‍ കുരുങ്ങിയപ്പോള്‍ കയ്യിലിരുന്ന വെള്ളവും മൊന്തയും അകത്തളത്തില്‍ കമഴ്ത്തി. ഭര്‍ത്താവിന്റെ സ്‌നേഹശാസനത്താല്‍ കവിതയ്ക്ക് കുറച്ച് നാളത്തേക്ക് അവധികൊടുക്കേണ്ടി വന്നു 

എന്നിരുന്നാലും എഴുത്ത് വിടാന്‍ ഭാവമുണ്ടായിരുന്നില്ല. ചെറിയ ചെറിയ കവിതകളായി അത് രൂപാന്തരം പ്രാപിച്ചു. പക്ഷെ അവയൊന്നും വെളിച്ചം കണ്ടില്ല. നാലുകെട്ടിന്റെ ഉള്ളറകളില്‍ അവ പൊടിപിടിച്ചു കിടന്നു. 

'പ്രതിവാരം അര്‍ദ്ധമത് കല്ല് നെല്ലുമായി

 അളവില്‍ കുറഞ്ഞ് വിലയേറി വന്നിടും

 അരി റേഷനൊന്ന് ജനകീയ വൈഭവം'  ഇങ്ങനെ നീളുന്നു കവിതയുടെ വരികള്‍. നൂറാം വയസ്സിലും തന്റെ ഓര്‍മ്മകള്‍ക്ക് കോട്ടം വരത്താതെ ഇതുചൊല്ലി തീര്‍ത്തപ്പോള്‍ ആ മുഖത്ത് കണ്ടത് ഒരു കുഞ്ഞിന്റെ നിഷ്‌കളങ്കമായ ചിരിയായിരുന്നു. 

ഇഷ്ടം പുരാണങ്ങളോട്...

വിദ്യ അഭ്യസിക്കാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ ആദ്യം പഠിപ്പിക്കുന്നത് പുരാണങ്ങളാണ്.  ആ കാലത്ത് ഓരോ കുട്ടിക്കും മഹാഭാരതവും രാമായണവും മനപാഠമായിരുന്നു.  ചെറുപ്പം മുതല്‍ക്കേ പുരാണങ്ങളോടായിരുന്നു താല്‍പര്യം. ആധുനിക എഴുത്തുകളോട് താല്‍പര്യം തോന്നിയിട്ടില്ല. ആ ഇഷ്ടം ഒരു മാറ്റമില്ലാതെ ഇന്നും തുടരുന്നു. പുരാണങ്ങള്‍ എത്ര വായിച്ചാലും മതിയാകില്ല. പ്രായാധിക്യം കൊണ്ട് വായന ഇപ്പോള്‍ ബുദ്ധിമുട്ടാണെങ്കിലും മക്കളും കൊച്ചുമക്കളും വായിച്ചു കൊടുക്കും. വായനയുടെ അനുഭവതലത്തില്‍ നിന്നും മാറി കേള്‍വിക്കാരിയിലേക്ക് ചുരുങ്ങിയിരിക്കുന്നു.

കാലം മാറി, കഥ മാറി.. ഒപ്പം ഭാഷയും

കാലാന്തരത്തിലുണ്ടായ മാറ്റങ്ങളോട് അത്്ഭുതമാണ്. പണ്ടൊക്കെ രാജഭരണം ആയിരുന്നപ്പോള്‍ അധികാര വികേന്ദ്രീകരണത്തിന് ഒരു പരിധിയുണ്ടായിരുന്നു. ഇപ്പോള്‍ അവയൊക്കെ മാറിയെന്നാണ് വ്യക്തിപരമായ അഭിപ്രായം. ഒരു മന്ത്രി ആയിക്കഴിഞ്ഞാല്‍ മന്ത്രിക്കൊരു സഹമന്ത്രി, പിന്നെ ഉപമന്ത്രി ഇങ്ങനെ നീളുന്നു അധികാരത്തിന്റെ തട്ടുകള്‍. അധികാരത്തിന് മാറ്റം ഉണ്ടായപ്പോള്‍ അതിന്റെ ഭവിഷത്തനുഭവിക്കേണ്ടി വരുന്നതോ ജനങ്ങളും. ഇപ്പോഴത്ത കുട്ടികള്‍ക്ക് മലയാള ഭാഷ നന്നായി കൈകാര്യം ചെയ്യാന്‍ അറിയില്ല. ഭാഷാശുദ്ധിയോടെയും ഉച്ഛാരണ ശുദ്ധിയോടെയും സംസാരിക്കാനും എഴുതാനും ഇന്നത്തെ തലമുറയ്ക്ക് കഴിയുന്നില്ലയെന്നത് വലിയൊരു പോരായ്മയാണ്. 

നാല് തലമുറയെക്കണ്ട സന്തോഷം

"undefined"

ഒരുപാട് നാള്‍ ജീവിക്കുന്നതില്‍ വലിയ അര്‍ത്ഥമില്ല. എന്നിരുന്നാല്‍ തന്നെയും നാല് തലമുറയേയും കാണാന്‍ സാധിച്ചതില്‍ വളരെ സന്തോഷവതിയാണ്. മക്കളേയും കൊച്ചുമക്കളേയും അവരുടെ മക്കളേയും കാണാനുള്ള ഭാഗ്യം ആര്‍ക്കാണുണ്ടാകുക. ആ കാര്യത്തില്‍ ഭാഗ്യവതിയാണ്. എല്ലാവരും കൂടുമ്പോള്‍ തന്നെ ഒരുത്സവത്തിന്റെ പ്രതീതിയാണ്. ഇത്രയ്ക്കും സന്തോഷം തരുന്ന മറ്റൊരു കാര്യവുമില്ല

ഭയക്കാതെ മുന്നോട്ട് 

ജനിച്ചാല്‍ എന്നായാലും മരിക്കണം. അതൊരു പ്രകൃതി നിയമമാണ്. ആ മനോധൈര്യത്തിലാണ് തന്റെ തൊണ്ണൂറാമാത്തെ വയസ്സിലും ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് വിധേയയായത്. ശസ്ത്രക്രിയക്ക് വിധേയമാക്കുന്നതിന് മുന്‍പ് ഡോക്ടര്‍ പേടിയുണ്ടോന്ന് ചോദിച്ചിരുന്നു. മരണത്തെ ഭയന്ന് ഒന്നും ചെയ്യാതിരുന്നിട്ട് കാര്യമില്ല. അതൊരു റെക്കോഡായിരുന്നു. ഇതുവരെയാരും അത് തിരുത്തിയിട്ടില്ല.

  പ്രായത്തെ വെല്ലുവിളിച്ചുകൊണ്ട് താണ്ടിയ ദൂരങ്ങളത്രയും മനസ്സില്‍ സൂക്ഷിച്ചും അവയെ പങ്കുവെച്ചും നൂറിന്റെ നിറവിലാണ് സേതുത്തമ്പുരാട്ടി. തന്നിലെ നര്‍മ്മബോധം കൊണ്ട് ചിരിച്ചും ചിന്തിപ്പിച്ചും ഒരു സംവത്സരം. മക്കളും മരുമക്കളും കൊച്ചു മക്കളും അവരുടെ മക്കളുമായി ഈ പിറന്നാള്‍ കൊണ്ടാടുകയാണ്. കൊച്ചുമകളുടെ വീടായ തൃപ്പൂണിത്തുറയിലെ നീലാംബരിയിലെ സ്വീകരണ മുറിയിലിരുന്ന് അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ നിറഞ്ഞ സന്തോഷമാണാമുഖത്ത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.